ഫിന്‍ടെക്: വരാനിരിക്കുന്നതെന്ത്? ആര് മുന്നേറും?

ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് മാത്രമല്ല ആഗോള സാമ്പത്തിക രംഗത്തും ഫിന്‍ടെക്കുകള്‍ ഉണ്ടാക്കിയിരിക്കുന്ന സ്വാധീനം ചെറുതല്ല. ചുറുചുറുക്കും ഊര്‍ജസ്വലതയുമുള്ള ചെറുപ്പക്കാര്‍ സാങ്കേതികവിദ്യയുടെ തേരേറി മാനവരാശിയുടെ പെരുവഴിയിലൂടെ ജൈത്രയാത്ര നടത്തുകയാണ്. ഈ പടയോട്ടത്തില്‍ പഴയ ഗോപുരങ്ങള്‍ തകര്‍ന്നു വീഴുന്നു. പുതിയവ ഉയരുന്നു. സമ്പത്തിന്റെയും ശക്തിയുടെയും സമവാക്യങ്ങള്‍ മാറുകയാണ്.

പണകൈമാറ്റ രംഗത്താണ് ഫിന്‍ടെക്കുകള്‍ പ്രധാനമായും മുന്നേറിയത്. കണ്ടും, തൊട്ടും കൈമാറിയിരുന്ന കറന്‍സിയുടെ ലോകത്തു നിന്നും കറന്‍സി രഹിതമോ കറന്‍സിയുടെ ഉപയോഗം കുറഞ്ഞതോ ആയ ഒരു ലോക സാമ്പത്തിക വ്യവസ്ഥക്ക് ഫിന്‍ടെക്കുകളുടെ ഇടപെടല്‍ വലിയ സ്വാധീനം ചെലുത്തി. ഇത്, വാണിജ്യ രംഗത്ത് വേഗവും ലാളിത്യവും കൊണ്ടുവന്നു. വ്യക്തികള്‍ തമ്മിലാവട്ടെ, വ്യക്തികളും സ്ഥാപനങ്ങളും തമ്മിലാകട്ടെ, സ്ഥാപനങ്ങളും സ്ഥാപനങ്ങളും തമ്മിലാകട്ടെ, പണക്കൈമാറ്റം സുന്ദരവും സുഗമവുമാക്കുവാന്‍ ഇത് വഴി സാധിച്ചു.
എന്നാല്‍ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ നിക്ഷേപം, വിശേഷിച്ചു സാങ്കേതിക സംവിധാനങ്ങളില്‍ ആവശ്യമുള്ള ഒരു മാറ്റമാണിത്. മാത്രമല്ല, അതിവേഗം മാറുന്ന സാങ്കേതിക വിദ്യക്കൊപ്പം പിടിച്ചുനില്‍ക്കാനും മുന്നേറുവാനും ഈ നിക്ഷേപം തുടര്‍ന്നുകൊണ്ടേയിരിക്കണം. ചുരുക്കം ചില ഫിന്‍ ടെക്കുകള്‍ക്കാണ് വലിയ തോതിലുള്ള ഈ മൂലധനം സ്വരുക്കൂട്ടാന്‍ സാധിക്കുന്നത്. യൂണികോണ്‍ എന്ന് ഖ്യാതിയാര്‍ജിച്ച ഫിന്‍ ടെക്കുകള്‍ ഈ മൂലധന സഹായത്തിന് പ്രധാനമായും ആശ്രയിച്ചത് വിദേശ പങ്കാളികളെയാണ്. ഓണ്‍ലൈന്‍ വഴിയുള്ള കച്ചവടം ഏറെ വര്‍ധിച്ച ഈയടുത്ത കാലങ്ങളില്‍ ഓണ്‍ലൈന്‍ വഴിയുള്ള പണകൈമാറ്റവും ഏറെ വര്‍ധിക്കുകയും ഫിന്‍ ടെക്കുകള്‍ക്കു ഇതുവഴി ബാങ്കിങ് സ്ഥാപനങ്ങള്‍ നാളിതുവരെ ഉണ്ടാക്കിയെടുത്ത ഇടപാടുകാരുടെ എണ്ണത്തെ നിഷ്പ്രയാസം നിഷ്പ്രഭമാക്കി കുതിച്ചു പായാനും കഴിഞ്ഞു. കൈമാറ്റം ചെയ്യപ്പെടുന്ന പണത്തിന്റെ മൂല്യത്തില്‍ ബാങ്കുകള്‍ ഇപ്പോഴും മുന്നില്‍ തന്നെയെങ്കിലും കൈമാറ്റം ചെയ്യപ്പെടുന്ന ഇടപാടുകളുടെ എണ്ണത്തില്‍ ഫിന്‍ ടെക്കുകള്‍ ബാങ്കുകളെ ബഹുദൂരം പിന്നലാക്കി കഴിഞ്ഞു. പണകൈമാറ്റത്തിന് ഇന്ന് അധികം ആളുകളും, പ്രത്യേകിച്ച്, യുവാക്കള്‍ ആശ്രയിക്കുന്നത് ബാങ്കുകളെയല്ല, മറിച്ചു, ഫിന്‍ ടെക്കുകളുടെ ആപ്പുകളെയാണ്.

ഈ പുതിയ കറന്‍സി രഹിത സാമ്പത്തിക വ്യവസ്ഥയില്‍ ഫിന്‍ ടെക്കുകളുടെ പ്രധാന വരുമാനമാര്‍ഗം ഇടപാടുകള്‍ക്ക് ലഭിക്കുന്ന ഇന്റര്‍ ചേഞ്ച് ഫീ ആണ്. എന്നാല്‍ ഭീമമായ മൂലധന നിക്ഷേപത്തിനും, ബ്രാന്‍ഡ് ബില്‍ഡിങ്ങിനും മറ്റും വേണ്ടി വരുന്ന ചെലവിനു ആനുപാതികമായി വരുമാനമുണ്ടാക്കുകയെന്നത് ഫിന്‍ ടെക്കുകള്‍ക്കു വെല്ലുവിളിയാണ്. ഈ വെല്ലുവിളി നേരിടാനും ഈ മുന്നേറ്റങ്ങള്‍ സാമ്പത്തികമായി ലാഭകരമാക്കുവാനും ഫിന്‍ ടെക്കുകള്‍ക്കു ശ്രമകരം തന്നെ. മാത്രമല്ല, ഇന്റര്‍ ചേഞ്ച് ഫീ കാര്യത്തില്‍ പുതിയതായി വന്നിരിക്കുന്ന മാറ്റങ്ങളും നിബന്ധനകളും ഫിന്‍ ടെക്കുകളുടെ പണകൈമാറ്റ ബിസിനസ്സിനെ ബാധിക്കുകയും ചെയ്യുന്നുണ്ട്.
ഈയൊരു സാഹചര്യത്തിലാണ് ഫിന്‍ ടെക്കുകള്‍ കടം കൊടുക്കല്‍ രംഗത്തേക്ക് കൂടുതലായി കാലൂന്നുന്നത്. തങ്ങളുടെ വലിയ കസ്റ്റമര്‍ ബേസ്, ഡാറ്റ എന്നിവ ഫിന്‍ ടെക്കുകള്‍ സ്വന്തം ശക്തിയായി കാണുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ഈ കരുത്തുമായി ഫിന്‍ ടെക്കുകള്‍ തങ്ങളുടെ സേവന മേഖല വിപുലീകരിക്കുവാനും, വ്യക്തികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും മറ്റും ആവശ്യമായ ചെറു ലോണുകള്‍ക്കുള്ള ഇടനിലക്കാരായി വര്‍ത്തിക്കുവാന്‍ ശ്രമിക്കുകയാണ്. കടം ആവശ്യമുള്ളവരെ കണ്ടെത്തുക മാത്രമല്ല, കടം അനുവദിക്കുവാന്‍ തീരുമാനമെടുക്കുന്ന പ്രോസസ്സിംഗ് എന്‍ജിനായും ഫിന്‍ ടെക്കുകള്‍ മാറുകയാണ്. ഇത് വഴി പണകൈമാറ്റ ആവശ്യത്തിന് പുറമെ മറ്റു സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്ന പാര്‍ട്ണറായും പ്രവര്‍ത്തിക്കുവാന്‍ തങ്ങള്‍ക്കു കഴിയുമെന്ന് ഫിന്‍ ടെക്കുകള്‍ ഇടപാടുകാരെ ബോധ്യപ്പെടുത്തുകയാണ്. ആ വിധം ഇടപാടുകാരുമായി നീണ്ടകാല ബന്ധത്തിന് വഴിയൊരുക്കുന്നു. എന്നാല്‍ ഇന്നത്തെ സാമ്പത്തിക നിയമ വ്യവസ്ഥയില്‍ കടം കൊടുക്കല്‍ നേരിട്ട് ചെയ്യുവാന്‍ ഫിന്‍ ടെക്കുകള്‍ക്കു അനുവാദമില്ല. മാത്രമല്ല, അതിനുള്ള സാമ്പത്തിക ശേഷിയോ, അതിനു വേണ്ട സംവിധാനങ്ങളോ ഫിന്‍ ടെക്കുകള്‍ക്കില്ല. അതിനാല്‍ ഫിന്‍ ടെക്കുകള്‍ ബാങ്കുകളെയും ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങളെയും കൂട്ടുപിടിക്കുന്നു. ഈ സഹകരണം വഴി ഫിന്‍ ടെക്കുകള്‍ തങ്ങളുടെ ഇടപാടുകാര്‍ക്ക് ലോണ്‍ ലഭ്യമാക്കുന്നു. ഇവിടെ ബാങ്കുകളുടെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെയും കാര്യക്ഷമതയും, അനുഭവസമ്പത്തും, വിഭവവും, ഫിന്‍ ടെക്കുകളുടെ ചടുലതയും വഴക്കവും ഭാവനയും ലാളിത്യവും ഒത്തുചേര്‍ന്ന് പുതിയൊരു വായ്പാനുഭവം ഇടപാടുകാര്‍ക്കു നല്‍കുകയാണ്.

ഈ ഒത്തുചേരല്‍ വഴി ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും വേഗത്തില്‍ ലോണുകള്‍ നല്‍കാന്‍ കഴിയുന്നു. ഫിന്‍ ടെക്കുകള്‍ക്കു തങ്ങളുടെ ഇടപാടുകാരെ കൂടുതല്‍ സന്തോഷകരമായി തങ്ങളോട് ചേര്‍ത്തുനിര്‍ത്തുവാന്‍ കഴിയുന്നു. പണക്കൈമാറ്റ ബിസിനസ്സില്‍ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ കടം കൊടുക്കല്‍ രംഗത്തേക്ക് വന്നു തങ്ങളുടെ വരുമാനം നിലനിര്‍ത്തുവാനും വര്‍ദ്ധിപ്പിക്കുവാനും ഫിന്‍ ടെക്കുകള്‍ ഉന്നമിടുന്നു. കടം കൊടുക്കല്‍ രംഗത്ത് ഒതുങ്ങി നില്‍ക്കാതെ ബാങ്കുകള്‍ക്ക് പുതിയ ഇടപാടുകാരെ കണ്ടെത്തുന്ന പാര്‍ട്ണര്‍ എന്ന നിലയിലും ഈവിധം ബാങ്കിങ് സംവിധാനത്തിലേക്ക് കൊണ്ട് വരുന്ന ഇടപാടുകാര്‍ക്ക് മറ്റു സേവനങ്ങള്‍ ചെയ്യുന്ന സംവിധാനമായുമെല്ലാം ഫിന്‍ ടെക്കുകള്‍ വളരുകയാണ്. ബാങ്കുകളാവട്ടെ, ഫിന്‍ ടെക്കുകളുടെ സാനിധ്യവും പ്രവര്‍ത്തനങ്ങളും മത്സരമായി കാണാതെ പരസ്പര പൂരകമായും, സഹകരണത്തോടെയും പ്രവര്‍ത്തിച്ചു ഇടപാടുകാര്‍ക്ക് മികച്ച സേവനം നല്‍കാനുള്ള ഉപാധിയായി ഈ മാറ്റാതെ ഉള്‍കൊള്ളുകയാണ്.

അതെ സമയം ഫിന്‍ ടെക്കുകളുടെ എണ്ണത്തിലും പ്രവത്തനമേഖലയിലും വര്‍ദ്ധനവ് വന്നതനുസരിച്ചു അവയുടെ പ്രവര്‍ത്തന രംഗത്ത് ആവശ്യമായ മികവും ഉത്തരവാദിത്തവും നിയന്ത്രണവും കൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്ര ഗെവേര്‍ന്മെന്റും റിസര്‍വ് ബാങ്കും പ്രത്യേകമായ ശ്രദ്ധ നല്‍കുന്നുണ്ട്. അത് പ്രകാരം ഫിന്‍ ടെക്കുകളുടെ സാങ്കേതിക സംവിധാനങ്ങളുടെ ഉറപ്പും കാര്യക്ഷമതയും സുരക്ഷയും ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങളുടെ രഹസ്യ സ്വഭാവവും എല്ലാം സൂക്ഷ്മതയോടെ പരിശോധിച്ചു വരുന്നു. ഇക്കാര്യങ്ങളില്‍ വീഴ്ച കണ്ട ചില ആപ്പുകള്‍ ഈയടുത്ത കാലത്തു നിര്‍ത്തലാക്കിയിട്ടുണ്ട്. അത്തരം ഫിന്‍ ടെക്കുകളുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനവും നിയന്ത്രിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്തു. ഫിന്‍ ടെക്കുകളുടെ ഏറി വരുന്ന പ്രാധാന്യം കണ്ടു കൊണ്ട് റിസര്‍വ് ബാങ്ക് ഫിന്‍ ടെക്കുകള്‍ക്കു മാത്രമായി പുതിയ ഒരു ഡിപ്പാര്‍ട്‌മെന്റ് തന്നെ തുടങ്ങുകയാണ്.

ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യക്കകത്തു തന്നെ സൂക്ഷിക്കുവാന്‍ ഫിന്‍ ടെക്കുകള്‍ ബാധ്യസ്ഥരാണ്. ഈ വിവരങ്ങള്‍ ഇന്ത്യക്കു പുറത്തേക്കു പോകുകയോ ദുര്‍വിനിയോഗം ചെയ്യുകയോ ഉണ്ടായാല്‍ അത് ഫിന്‍ ടെക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിനയാകും. ഫിന്‍ ടെക്കുകളുടെ പ്രൊമോട്ടര്‍മാര്‍ ആരൊക്കെ, അവരുടെ മുന്‍പരിചയം, അനുഭവസമ്പത്തു, വ്യക്തിത്വത്തിന്റെ അന്തസ്സും സമഗ്രതയും, മൂലധന നിക്ഷേപത്തിന്റെ സ്രോതസ് എന്നിവയെല്ലാം സൂക്ഷ്മപരിശോധനക്കു വിധേയമാണ്. നീതിയുക്തവും സംശുദ്ധവും മൂല്യാധിഷ്ടവുമായ കോര്‍പ്പറേറ്റ് ഗവേണേഴ്സ് ഫിന്‍ ടെക്കുകളുടെ തടസ്സമില്ലാത്ത തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വിജയത്തിനും അത്യന്താപേക്ഷിതമാണ്.

2022 - 23 സാമ്പത്തികവര്‍ഷം ഫിന്‍ ടെക്കുകള്‍ തങ്ങളുടെ സാനിധ്യവും പ്രവര്‍ത്തനങ്ങളും കൂടുതല്‍ വിപുലീകരിക്കുമെന്നു കാണുമ്പോഴും മുകളില്‍ സൂചിപ്പിച്ച ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും വിജയകരമായി നേരിടാന്‍ കഴിയുന്ന ഫിന്‍ ടെക്കുകള്‍ക്കായിരിക്കും തുടര്‍ന്നുള്ള യാത്രക്ക് വഴിയൊരുങ്ങുക.


Babu K A
Babu K A is a Banking and Financial Expert  

Related Articles

Next Story

Videos

Share it