കോവിഡ് വ്യാപനം: വിമാന കമ്പനികള്‍ ആശങ്കയില്‍

വിമാന യാത്രക്കാര്‍ സീറ്റുകള്‍ ബുക്ക് ചെയ്യുന്നത് ശരാശരി 60-ശതമാനമായി കുറഞ്ഞതോടെ വിമാന കമ്പനികള്‍ ആശങ്കയിലായി. സീറ്റുകള്‍ ഉറപ്പിക്കുന്നതിന്റെ എണ്ണം മാര്‍ച്ച് ഒന്നാം വാരത്തോടെ 70-ല്‍ നിന്നും 60-ശതമാനമായി കുറഞ്ഞതെന്ന് വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. വ്യോമയാന മേഖലയിലെ സംഘടനയായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസ്സോസിയേഷന്റെ (അയാട്ട) വീക്ഷണമനുസരിച്ച് 80-ശതമാനം സീറ്റുകളില്‍ എങ്കിലും യാത്രക്കാര്‍ ഇല്ലെങ്കില്‍ ബഡ്ജറ്റ് എയര്‍ലൈന്‍സുകള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല.

കോവിഡിന്റെ രണ്ടാം വരവിനെ കുറിച്ചുള്ള ആശങ്കകളാണ് വിമാന കമ്പനികളുടെ തലപ്പത്ത് ഇരിക്കുന്നവരുടെ ഉറക്കം കെടുത്തുന്നത്. ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം മിക്കവാറും വിമാന കമ്പനികള്‍ പുനസ്ഥാപിക്കുകയും വ്യോമമേഖല ഏതാണ്ട് സാധാരണ നിലയിലായെന്ന തോന്നല്‍ കൈവരിക്കുകയും ചെയ്തിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. അതിനിടയിലാണ് പുതിയ ആശങ്കകളെന്ന് ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് പത്രം റിപോര്‍ട്ട് ചെയ്യുന്നു. വിമാന യാത്രക്കാര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റു നിര്‍ബന്ധമാക്കിയത് മുന്‍കൂര്‍ ബുക്കിംഗിനെ ബാധിച്ചുവെന്ന് വിമാന കമ്പനികള്‍ വ്യക്തമാക്കി.

മുപ്പതു ദിവസത്തേക്കുള്ള മുന്‍കൂര്‍ ബുക്കിംഗുകളുടെ എണ്ണം വീണ്ടും താഴേക്കു പോയി. മെയ് മാസത്തിലേക്ക് ഇതുവരെ ഒരു ബുക്കിംഗും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല, ഒരു സ്വകാര്യ വിമാന സര്‍വീസസ് കമ്പനിയുടെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കാര്യങ്ങള്‍ ഏതാണ്ട സാധാരണ നിലയില്‍ ആയിവരുന്നതിന് ഇടയിലാണ് പുതിയ സംഭവവികാസങ്ങള്‍. അതിന്റെ അനന്തരഫലങ്ങള്‍ എന്താവുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു, അദ്ദേഹം പറഞ്ഞു.

രോഗവ്യാപനത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചതോടെ ചില കമ്പനികള്‍ പുതിയ വിമാനങ്ങള്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ തല്‍ക്കാലം മരവിപ്പിക്കാന്‍ ഇടയുണ്ട്. സ്‌പൈസ് ജെറ്റും, എയര്‍ ഏഷ്യയും പുതുതായി 8-വിമാനങ്ങള്‍ മെയ് അവസാനത്തോടെ സര്‍വീസിന് ഉല്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ആ തീരുമാനം മരവിപ്പിച്ചതായി അറിയുന്നു.

രോഗബാധ ഉയരുന്നത് തിരിച്ചുവരവിനെ ബാധിച്ചിട്ടുണ്ട്. എന്നാല്‍, വാക്‌സിനേഷന്‍ വേഗത്തില്‍ പുരോഗമിക്കുന്നതിനാല്‍ 6-6 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണ്ണ തിരിച്ചു വരവുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍കുമാര്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വിമാന സര്‍വീസസ് കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റുമാരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ സാധാരണ നിലയില്‍ ഒരു മാസത്തിന് പകരം 15-ദിവസത്തേക്കാണ് തയ്യാറാക്കിയിട്ടുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


Dhanam News Desk
Dhanam News Desk  
Next Story
Share it