ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് പടിയിറങ്ങി ബിന്നി ബന്‍സാല്‍; പുതിയ കമ്പനി സ്ഥാപിക്കും

ഫ്‌ളിപ്കാര്‍ട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് പടിയിറങ്ങി മുന്‍ സി.ഇ.ഒ ബിന്നി ബന്‍സാല്‍. പതിനാറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് സുഹൃത്ത് സച്ചിന്‍ ബന്‍സാലുമായി ചേര്‍ന്ന് ബിന്നി ബന്‍സാല്‍ തുടക്കം കുറിച്ച ഇ-കൊമേഴ്സ് സംരംഭമാണ് ഫ്‌ളിപ്കാര്‍ട്ട്. 2018ല്‍ അമേരിക്കന്‍ റീറ്റെയ്ല്‍ കമ്പനിയായ 'വാള്‍മാര്‍ട്ട്' ഫ്‌ളിപ്കാര്‍ട്ടിനെ സ്വന്തമാക്കിയിരുന്നു. തുടർന്ന് സച്ചിന്‍ ബന്‍സാല്‍ കമ്പനി വിട്ടിരുന്നു. എന്നാൽ അതിനുശേഷവും ബിന്നി ബന്‍സാല്‍ കമ്പനിയില്‍ തുടര്‍ന്നു.

ബിന്നി ബന്‍സാലും കമ്പനിയുടെ ആദ്യകാല നിക്ഷേപകരിലൊരാളായ ആക്സെലും യു.എസ് ആസ്ഥാനമായുള്ള ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഫ്‌ളിപ്കാര്‍ട്ടിലെ ര്‍ട്ടിലെ തങ്ങളുടെ മൊത്തം ഓഹരികളും വാള്‍മാര്‍ട്ടിന് വിറ്റഴിച്ചു. ഇതിന് മാസങ്ങള്‍ക്ക് ശേഷമാണ് ബിന്നി ബന്‍സാല്‍ ഇപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും ഒഴിയുന്നത്. 'ഓപ്പ് ഡോര്‍' എന്ന പേരില്‍ ഓണ്‍ലൈന്‍ റീറ്റെയ്ല്‍ ബ്രാന്‍ഡുകള്‍ക്ക് സോഫ്റ്റ്‌വെയര്‍ സേവനമൊരുക്കുന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് പടിയിറങ്ങുന്നത്.

'ഓപ്പ് ഡോര്‍' ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് ഇത് ഡിസൈന്‍, ഉല്‍പ്പന്നം, മനുഷ്യവിഭവശേഷി, മറ്റ് ബാക്ക്-എന്‍ഡ് പിന്തുണ എന്നിവ നല്‍കും. യു.എസ്, കാനഡ, മെക്‌സിക്കോ, യു.കെ, ജര്‍മ്മനി, സിംഗപ്പൂര്‍, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഇ-കൊമേഴ്സ് കമ്പനികളിലാണ് ഓപ്പ് ഡോര്‍ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുക. സച്ചിന്‍ ബന്‍സാല്‍ ഏതാനും വര്‍ഷം മുന്‍പുതന്നെ 'നവി' എന്ന പേരില്‍ ഫിന്‍ടെക് സംരംഭം തുടങ്ങിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it