വരുമാനം ഉയര്‍ന്നിട്ടും രക്ഷയില്ല, ഫ്ലിപ്കാര്‍ട്ടിന്റെ നഷ്ടം 3,413 കോടി

രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാര്‍ട്ട് 2021-22 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത് 3,413 കോടി രൂപയുടെ നഷ്ടം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ നഷ്ടത്തില്‍ 967.4 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 2020-21ല്‍ 2,445.6 കോടിയായിരുന്നു വാള്‍മാര്‍ട്ട് ഗ്രൂപ്പിന് കീഴിലുള്ള പ്ലാറ്റ്‌ഫോമിന്റെ നഷ്ടം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2021-22) ഫ്ലിപ്കാര്‍ട്ടിന്റെ അറ്റനഷ്ടം (Standalone basis) 3,404.3 കോടി രൂപയാണ്. അതേ സമയം ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം 18 ശതമാനം ഉയര്‍ന്ന് 51,175.7 കോടി രൂപയിലെത്തി. മുന്‍വര്‍ഷം 43,349.1 കോടി രൂപയായിരുന്നു ഫ്ലിപ്കാര്‍ട്ടിന്റെ വരുമാനം. 54,580 കോടി രൂപയാണ് കമ്പനിയുടെ ആകെ ചെലവ്. ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ചെലവുകള്‍ ഇക്കാലയളവില്‍ ഉയര്‍ന്നു. ശമ്പളച്ചെലവ് 385 കോടിയില്‍ നിന്ന് 627 കോടി രൂപയായി ആണ് വര്‍ധിച്ചത്.

Childrenite Private, 63Ideas Infolabs (Ninjacart) എന്നീ കമ്പനികളിലാണ് 2021-22 സാമ്പത്തി വര്‍ഷം ഫ്ലിപ്കാര്‍ട്ട് നിക്ഷേപം നടത്തിയത്. ഫ്ലിപ്കാര്‍ട്ടിന് കീഴിലുള്ള ഈ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം മിന്ത്രയും നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 597 കോടി രൂപയായിരുന്നു മിന്ത്രയുടെ നഷ്ടം. അതേ സമയം വരുമാനം 45 ശതമാനം ഉയര്‍ന്ന് 3,501 കോടി രൂപയിലെത്തി.

Related Articles
Next Story
Videos
Share it