ഭക്ഷ്യവില ഉയരത്തില്‍; നിരക്കുയര്‍ത്താനാകാതെ കേരളത്തിലെ ഹോട്ടല്‍ മേഖല !

കോവിഡിനു പിന്നാലെ ഭക്ഷ്യവിലക്കയറ്റവും കേരളത്തിലെ റസ്റ്റോറന്റ് മേഖലയ്ക്ക് വെല്ലുവിളിയാകുന്നു. ഭക്ഷ്യഎണ്ണ മുതല്‍ നിത്യോബയോഗ പട്ടികയിലുള്ള എല്ലാ ഭക്ഷ്യവസ്തുക്കളുടെയും വില വര്‍ധനവാണ് ഹോട്ടലുകാര്‍ക്ക് ഇരട്ടിഭാരമാകുന്നത്. അതേസമയം ഇന്ധനവിലയും ജീവിതച്ചെലവും ഉയര്‍ന്ന് ദുരിതത്തിലായ സാധാരണക്കാരെ ഉപദ്രവിക്കില്ലെന്ന നിലപാടിലാണ് ഹോട്ടല്‍/ റസ്‌റ്റോറന്റ് വ്യവസായികള്‍.

രണ്ട് മാസം കൊണ്ട് പാം ഓയ്ല്‍, സണ്‍ഫ്‌ളവര്‍ ഓയ്ല്‍ എന്നിവയുടെ വില കുതിച്ചുയര്‍ന്നിട്ടുണ്ട്. 30 ശതമാനം വരെയൊക്കെയാണ് വില വര്‍ധനവ് നേരിടുന്നത്. ഭക്ഷ്യ എണ്ണയ്ക്ക് പുറമെ കടലമാവിനും കറിപ്പൊടികള്‍ക്കും വരെ വിലക്കയറ്റം ബാധിച്ചിരിക്കുന്നു. എന്നാല്‍ ചായയ്ക്ക് 10 രൂപയില്‍ നിന്നും 12 രൂപയിലേക്ക്, ചെറുകടികള്‍ക്ക് 12, 13 രൂപയില്‍ നിന്നും 15 രൂപയിലേക്ക് എന്നിങ്ങനെ നേരിയ തോതില്‍ മാത്രമാണ് പല റസ്റ്റോറന്റ്/ ഹോട്ടലുടമകളും വര്‍ധനവ് വരുത്തിയിട്ടുള്ളത്.
മറ്റ് ടിഫിന്‍, ലഞ്ച്, ഡിന്നര്‍ വിഭവങ്ങളില്‍ ബിരിയാണിക്കുള്‍പ്പെടെ ചെറുകിടക്കാര്‍ നിരക്കുയര്‍ത്തിയിട്ടില്ല. എന്നാല്‍ വലിയ ഹോട്ടല്‍, റസ്‌റ്റോറന്റ് ഉടമകള്‍ വ്യക്തിഗത വര്‍ധനവ് നേരിയ തോതില്‍ നടപ്പാക്കിയിട്ടുണ്ട്. അവരുടെ സര്‍വീസ് ചാര്‍ജുകളിലും മാറ്റം വന്നിട്ടുണ്ട്. നോമ്പുതുറ ഉള്‍പ്പെടെ ഹോട്ടലുകളില്‍ തിരക്കു വര്‍ധിക്കുന്ന സമയമായതിനാല്‍ നിരക്കുയര്‍ത്തല്‍ പ്രാവര്‍ത്തികമല്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.
ജില്ലാ അടിസ്ഥാനത്തില്‍ നിരക്കുയര്‍ത്താന്‍ അനൗദ്യോഗികമായി ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും നിലവില്‍ സംസ്ഥാന തലത്തില്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കോരള ഹോട്ടല്‍സ് ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി ജയ്പാല്‍ പറയുന്നു.
വടക്കന്‍ കേരളത്തില്‍ നോമ്പുകാലമായതിനാല്‍ പകല്‍ മുഴുവന്‍ പല ഹോട്ടലുകളും അടഞ്ഞു കിടക്കുകയാണ്. രാത്രി വൈകി തുറന്നുവയ്ക്കാനുമാകുന്ന സാഹചര്യമല്ല, ഇതിനാല്‍ തന്നെ ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സമയം നിരക്കുയര്‍ത്താന്‍ കഴിയില്ലെന്നും ജനങ്ങള്‍ സാമ്പത്തിക ഞെരുക്കത്തിലായതിനാല്‍ ഉടന്‍ വലിയൊരു വില വര്‍ധനവ് നടപ്പാക്കാനിടയില്ലെന്നും കാസര്‍ഗോഡ് ഹോട്ടല്‍സ് ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നാരായണ പൂജാരി വ്യക്തമാക്കി.
കൊച്ചിയില്‍ മാളുകളുമായി ബിസിനസ് മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ഹോട്ടലുകാര്‍ക്ക് നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാന്‍ കൂടി കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കാക്കനാട് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹോട്ടലുടമ പറയുന്നു.
വിലവര്‍ധനവ് വരുത്താതെ തന്നെ കോവിഡ് പ്രതിസന്ധിയില്‍ നിന്നു കരകയറാനുള്ള മാര്‍ഗം കച്ചവടം വര്‍ധിപ്പിക്കുക മാത്രമാണെന്നാണ് മേഖലയിലെ പലരുടെയും അഭിപ്രായം.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it