ഇന്ത്യയിലേക്കെത്താന്‍ താല്‍പ്പര്യമറിയിച്ച് വിദേശ സര്‍വകലാശാലകള്‍, സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രം

ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ഗിഫ്റ്റ് സിറ്റി ഐ‌എഫ്‌എസ്‌സി‌എയില്‍ (GIFT city IFSCA) പഠന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ വിദേശ സര്‍വകലാശാലകളെ ക്ഷണിക്കണമെന്ന ബജറ്റ് പ്രഖ്യാപനം ഫലം കാണുന്നു. ലണ്ടന്‍ ബിസിനസ് സ്‌കൂള്‍, ലണ്ടനിലെ തന്നെ കിംഗ്‌സ് കോളേജ്, കേംബ്രിഡ്ജ് സര്‍വകലാശല, ന്യൂയോര്‍ക്ക് സര്‍വകലാശാല തുടങ്ങിയവര്‍ ഇന്ത്യയില്‍ പഠന കേന്ദ്രം ആരംഭിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പല സര്‍വകലാശാലകളുടെയും അധികാരികള്‍ ഗിഫ്റ്റ് സിറ്റി അതോറിറ്റിയുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

ഗിഫ്റ്റ് സിറ്റിയില്‍ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഫിന്‍ടെക്ക്, സയന്‍സ്, ടെക്ക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ പഠന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ലോകോത്തര നിലവാരമുള്ള വിദേശ സര്‍വകലാശാലകളെ അനുവദിക്കുമെന്നായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനം. ഇതിനു പിന്നാലെ വിദേശ സര്‍വകലാശാലകളുടെ ഗിഫ്റ്റ് സിറ്റിയിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നിയമങ്ങല്‍ രൂപീകരിക്കാനും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. വിദേശ സര്‍വകലാശാലകള്‍ എത്തുന്നതോടെ മികച്ച മനുഷ്യ മൂലധനം വാഗ്ദാനം ചെയ്യാനാവുമെന്ന് ഐഎഫ്എസി അതോറിറ്റി എക്‌സിക്യൂട്ടീവ് ദീപേഷ് ഷാ പറഞ്ഞു.
പ്രതിവര്‍ഷം ഏകദേശം 7.5 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പഠിക്കാന്‍ പോകുന്നുണ്ടെന്നാണ് കണക്ക്. ഈ വിദ്യാര്‍ത്ഥികള്‍ മൊത്തമായി 8 ബില്യണോളം യുഎസ് ഡോളറാണ് വിദേശ പഠനത്തിനായി ചെലവാക്കുന്നത്. പലരും പഠനം കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങാറും ഇല്ല. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ പഠനകേന്ദ്രം ആരംഭിച്ചാല്‍ സാമ്പത്തികമായും നേട്ടങ്ങള്‍ ഏറെയാണ്. കൂടാതെ ലോകോത്തര സര്‍വകലാശാലകള്‍ വരുന്നതോടെ നൈപുണ്യമുള്ള തൊഴിലാളികളെ തേടി അന്താരാഷ്ട്ര കമ്പനികളും രാജ്യത്തേക്ക് കൂടുതലായി എത്തും
നിലവില്‍ ലോകത്തെ പല പ്രമുഖ സര്‍വകലാശാലകളുടെയും പഠന കേന്ദ്രങ്ങള്‍ ഏഷ്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് സര്‍വകലാശാലയ്ക്ക് അബുദാബിയിലും ഷാങ്ഹായിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസിന് ദുബായിയിലും ക്യാംപസുകളുണ്ട്. ആറ് അമേരിക്കന്‍ സര്‍വകലാശാലകളും ബ്രിട്ടണിലെയും ഫ്രാന്‍സിലെയും ഓരോ സര്‍വകലാശാലകളും കോഴ്‌സുകള്‍ നടത്തുന്ന ഇടമാണ് ഖത്തര്‍ എജ്യൂക്കേഷന്‍ സിറ്റി. മണിപ്പാല്‍ ഉള്‍പ്പടെ 11ഓളം വിദേശ സര്‍വകലാശാലകളാണ് മലേഷ്യയില്‍ ഉള്ളത്.



Related Articles
Next Story
Videos
Share it