വിദേശികള്‍ വന്നില്ല, ടൂറിസം മേഖലയില്‍ കുറവ് നികത്തി സ്വദേശികള്‍

വിദേശ വിനോദസഞ്ചാരികള്‍ ഇല്ലാത്ത ഒരു ക്രിസ്മസ്, പുതുവത്സര ടൂറിസം സീസണ്‍ കേരളത്തില്‍ പുതുമയാണെങ്കിലും ഇത്തവണ ആഭ്യന്തര വിനോദസഞ്ചാരികള്‍ കൂടുതലായി എത്തി ആ കുറവ് കുറച്ചൊക്കെ പരിഹരിച്ചതായി ടൂറിസം ഡിപ്പാര്‍ട്‌മെന്റ് കണക്കാക്കുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ചിന് ശേഷം വിദേശ ടൂറിസ്റ്റുകളുടെ ഇന്ത്യയിലേക്കുള്ള വരവ് ഏറെക്കുറെ പൂര്‍ണമായി തന്നെ നിലച്ചിരുന്നു.

ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ എടുത്ത തീരുമാനവും ആഭ്യന്തര ടൂറിസം മേഖലയ്ക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്‍കിയിട്ടുണ്ട്. കൂടാതെ മുറികളുടെ വാടക 30 ശതമാനം വരെ കുറക്കാനും പല ഹോട്ടലുകളും റിസോര്‍ട്ടുകളും തയ്യാറായി. ഇതും ആഭ്യന്തര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള ഒരു കാരണമായി.

ബീച്ച് റിസോര്‍ട്ടുകളിലേക്കുള്ള വരവില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായില്ലെങ്കിലും വയനാട്, മൂന്നാര്‍ തുടങ്ങിയ ഹില്‍ സ്‌റ്റേഷനുകളിലേക്ക് പുതുവര്‍ഷം ആഘോഷിക്കാനായി ആഭ്യന്തര വിനോദസഞ്ചാരികള്‍ ധാരാളമായി ഒഴുകിയെത്തി. ഇവിടങ്ങളിലെ മിക്കവാറും എല്ലാ റിസോര്‍ട്ടുകളിലും ഈ സീസണില്‍ നൂറു ശതമാനം ബുക്കിംഗ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

''ഈ ടൂറിസം സീസണിലേക്കുള്ള ഞങ്ങളുടെ ഇത്തവണത്തെ ക്യാമ്പയിന്‍ തന്നെ ആഭ്യന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു. കാരണം വിദേശ വിനോദസഞ്ചാരികള്‍ക്കുള്ള വിസ കൊടുക്കുവാന്‍ ഇനിയും ആരംഭിച്ചിട്ടില്ല,'' സംസ്ഥാന ടൂറിസം ഡിപ്പാര്‍ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി എസ് ബിജു പറഞ്ഞു. കോവിഡ് 19നെതുടര്‍ന്ന് വിദേശ വിനോദസഞ്ചാരികള്‍ക്കുള്ള വിസകള്‍ കൊടുക്കുന്നത് 2020 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു.

സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്താണ് സാധാരണഗതിയില്‍ വിദേശ വിനോദസഞ്ചാരികള്‍ കൂടുതലായും കേരളത്തില്‍ എത്തുന്നത്. വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഡിപ്പാര്‍ട്‌മെന്റിന്റെ ക്യാമ്പയിന്‍ 2021 രണ്ടാം പാദത്തിലാണ് ഇനി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് പുറത്തുനിന്നു വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ എന്ന നിബന്ധന സര്‍ക്കാര്‍ പിന്‍വലിച്ചതും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവിന് ആക്കം കൂട്ടിയിട്ടുണ്ട്. ഇതിനു പകരം ഏഴ് ദിവസത്തില്‍ കൂടുതല്‍ ഇവിടെ തങ്ങുന്നവര്‍ കോവിഡ് 19 പരിശോധന നടത്തിയാല്‍ മതിയാകും.

എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിട്ടു വീഴ്ചകള്‍ വേണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രീസ് ആവശ്യപ്പെടുന്നു. ''കോവിഡ് 19 നെഗറ്റീവ് എന്ന സെര്‍ട്ടിഫിക്കറ്റുമായി കേരളത്തിന് പുറത്തുനിന്നും വരുന്നവര്‍ക്ക് ഇവിടെ 14 ദിവസമെങ്കിലും തങ്ങാന്‍ അനുവദിക്കണം. ഇക്കാര്യം ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,'' കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ഇ എം നജീബ് ധനം ഓണ്‍ലൈനോട് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 485 കോടി രൂപയുടെ ടൂറിസം കോണ്‍സലേഷന്‍ ഫണ്ടും ഇതുവരെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കുറഞ്ഞ പലിശക്ക് ബാങ്കുകളിന് നിന്ന് വായ്പ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിയുമായി ബാങ്കുകള്‍ ഇനിയും സഹകരിക്കാന്‍ തയ്യാറായിട്ടില്ല. ''ബാങ്കുകള്‍ സഹകരിച്ചാല്‍ ഈ മേഖലയിലെ തൊഴില്‍ നഷ്ടം ഒഴിവാക്കാന്‍ കഴിയും. വേനല്‍ അവധി സമയത്തു കൂടുതല്‍ ആഭ്യന്തര വിനോദസഞ്ചാരികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ വരും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,'' നജീബ് പറഞ്ഞു.

കോണ്‍ഫെഡറേഷന്‍ നല്‍കുന്ന കണക്കു പ്രകാരം കോവിഡ് 19 മൂലം ഏകദേശം 20,000 കോടി രൂപയുടെ നഷ്ടം ഈ മേഖലയില്‍ ഈ വര്‍ഷം ഉണ്ടാകും. 20 ലക്ഷത്തോളം ആളുകള്‍ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ പണിയെടുക്കുന്നുണ്ട്. 4000 ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ കൂടാതെ ഏകദേശം 1,500 ഹൗസ്‌ബോട്ടുകളും, 100 ആയുര്‍വേദ സെന്ററുകളും ഈ മേഖലയില്‍ ഉണ്ട്.

ആലപ്പുഴയിലെ ഹൗസ്‌ബോട്ടുകള്‍ക്ക് കഴിഞ്ഞ ഒക്ടോബറില്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള അനുമതി സര്‍ക്കാര്‍ കൊടുത്തിരുന്നു. എന്നാല്‍ ജില്ല ഭരണകൂടത്തിന്റെ കര്‍ശനമായ കോവിഡ് 19 പ്രോട്ടോകോള്‍ നിലവിലുള്ളതിനാല്‍ ബുക്കിങ്ങുകള്‍ വേണ്ടവിധം പുരോഗമിക്കുന്നില്ല എന്ന് ഹൗസ്‌ബോട്ട് ഓപ്പറേറ്ററായ പ്രദീപ് കുമാര്‍ പറഞ്ഞു. ''ഈ മേഖല തകര്‍ച്ചയിലാണ്. പക്ഷെ ഞങ്ങള്‍ പ്രതീക്ഷകള്‍ തീര്‍ത്തും കൈവിടുന്നില്ല,'' പ്രദീപ് പറയുന്നു.

കേരള ടൂറിസം ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2019ല്‍ 1.96 കോടി ആഭ്യന്തര, വിദേശ വിനോദസഞ്ചാരികള്‍ സംസ്ഥാനം സന്ദര്‍ശിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ടൂറിസത്തില്‍ നിന്നുള്ള മൊത്തം വരുമാനം 45,010.69 കോടി രൂപയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 24.14 ശതമാനം വര്‍ധന. 2020ലെ കണക്കുകള്‍ ഇനിയും പുറത്തു വന്നിട്ടില്ല.


Manoj Mathew
Manoj Mathew  

Related Articles

Next Story

Videos

Share it