ബൈജൂസ് 'ഭൂതകാലം' മുന്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയാകുന്നു; അപ്രഖ്യാപിത വിലക്കുമായി കമ്പനികള്‍

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബൈജൂസില്‍ മാര്‍ച്ചിലെ ശമ്പളം ഇതുവരെ കൊടുത്തു തീര്‍ന്നിട്ടില്ല
Byju's, Byju Raveendran
Image : byjus.com
Published on

പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന പ്രമുഖ എഡ്‌ടെക് കമ്പനിയിയായ ബൈജൂസിലെ തൊഴില്‍ചരിത്രം മുന്‍കാല ജീവനക്കാര്‍ക്കും തിരിച്ചടിയാകുന്നു. ബൈജൂസില്‍ മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള മേഖലയില്‍ പ്രവര്‍ത്തിച്ചവരെ ജോലിക്ക് എടുക്കേണ്ടെന്ന് പല കമ്പനികളും തീരുമാനിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മുന്‍കാല ബൈജൂസ് ജീവനക്കാരില്‍ പലരും പുതിയ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. ബൈജൂസ് ബാക്ക്ഗ്രൗണ്ട് ഉള്ളവരെ വേണ്ടെന്ന് മുന്‍നിര കമ്പനികള്‍ തങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളതായി കണ്‍സള്‍ട്ടന്റ് കമ്പനികളും വ്യക്തമാക്കുന്നു. ബൈജൂസില്‍ ജോലി ചെയ്തിരുന്ന കാര്യം മറച്ചുവയ്ക്കുന്ന പ്രവണത കൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബൈജൂസിന്റെ തെറ്റായ മാര്‍ക്കറ്റിംഗ് രീതിക്കെതിരേ നേരത്തെ തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മനുഷത്വപരമല്ലാത്ത രീതിയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരേ മാതാപിതാക്കള്‍ അടക്കം രംഗത്തു വന്നിരുന്നു. രണ്ടു വര്‍ഷത്തിനിടെ 10,000ത്തോളം ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചുവിട്ടത്.

കൂടിയ ശമ്പളം വാങ്ങുന്ന 500 ജീവനക്കാരെ കൂടി അടുത്തു തന്നെ ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. ഈ സ്ഥാനത്തേക്ക് പരിചയസമ്പത്തില്ലാത്ത പുതിയ ആള്‍ക്കാരെ നിയമിക്കാനാണ് നീക്കം. ശമ്പളം കിട്ടാതായതോടെ നിരവധിപേര്‍ ബൈജൂസില്‍ നിന്ന് രാജിവയ്ക്കുന്നുമുണ്ട്.

മാര്‍ച്ചിലെ ശമ്പളം പാതിമാത്രം

അതേസമയം, ബൈജൂസില്‍ മാര്‍ച്ചിലെ ശമ്പളം ഇതുവരെ കൊടുത്തു തീര്‍ന്നിട്ടില്ല. കുറച്ചു ജീവനക്കാര്‍ക്ക് മാത്രം പകുതി ശമ്പളം ലഭിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്യൂഷന്‍ സെന്ററുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതായതോടെ പലയിടത്തും പ്രവര്‍ത്തനം മന്ദീഭവിച്ചിട്ടുണ്ട്. ശമ്പളം കൊടുക്കാനായി ബൈജു രവീന്ദ്രന്‍ സ്വന്തം നിലയില്‍ പണം കണ്ടെത്താന്‍ ശ്രമം നടത്തുന്നുണ്ട്.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം

ടീച്ചര്‍മാര്‍ക്കും താഴ്ന്ന ശമ്പളം വാങ്ങുന്നവര്‍ക്കും മുഴുവന്‍ ശമ്പളവും നല്‍കി. വലിയ പ്രതിഫലം വാങ്ങുന്നവര്‍ക്ക് 50 ശതമാനമാണ് നല്‍കിയത്. ബൈജൂസിന് ഒരു മാസം ശമ്പളം നല്‍കാന്‍ മാത്രം 45-50 കോടി രൂപ വേണം. ചില ജീവനക്കാര്‍ക്ക് ഫെബ്രുവരിയിലെ ബാക്കി തുക ഇതുവരെ ലഭിച്ചിട്ടില്ല.

കഴിഞ്ഞയാഴ്ച ഇന്ത്യാ വിഭാഗം സി.ഇ.ഒ അര്‍ജുന്‍ മോഹന്‍ രാജിവച്ചിരുന്നു. ചുമതലയേറ്റ് ഏഴ് മാസമാകുമ്പോഴാണ് അപ്രതീക്ഷിതമായി അദേഹം ബൈജൂസ് വിട്ടത്. നിക്ഷേപകരുമായി നിരന്തര പ്രശ്നങ്ങളിലായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് കനത്ത പ്രതിസന്ധിയാണ് ഉന്നതതലത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് സൃഷ്ടിക്കുന്നത്.

ബൈജൂസിന്റെ പ്രവര്‍ത്തനങ്ങള്‍ മൂന്നായി തിരിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ദി ലേണിംഗ് ആപ്പ്, ഓണ്‍ലൈന്‍ ക്ലാസസ് ആന്‍ഡ് ട്യൂഷണന്‍ സെന്റര്‍, ടെസ്റ്റ് പ്രിപ് (Test-prep) എന്നിങ്ങനെ മൂന്നു വിഭാഗങ്ങള്‍ക്കുമായി പ്രത്യേകം മേധാവികളുമുണ്ടാകും. അര്‍ജുന്‍ മോഹന് പകരം തിങ്ക് ആന്‍ഡ് ലേണിന്റെ ഇന്ത്യ ബിസിനസിന്റെ മേല്‍നോട്ടം ബൈജു രവീന്ദ്രന്‍ നേരിട്ട് നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com