
ഉപയോക്താക്കള്‍ക്ക് സൗജന്യ ഡെലവറി ആസ്വദിക്കാവുന്ന 'സ്വിഗ്ഗി വണ്‍ ലൈറ്റ്' (Swiggy One Lite) അവതരിപ്പിച്ച് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗി. സൊമാറ്റോയുമായുള്ള പോര് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഉപയോക്താവ് പണമടച്ച് അംഗത്വമെടുക്കുന്ന സ്വിഗ്ഗി വണ്‍ എന്ന സംവിധാനത്തിന്റെ വിലകുറഞ്ഞ പതിപ്പാണ് സ്വിഗ്ഗി വണ്‍ ലൈറ്റ്.
സേവനങ്ങളും ആനുകൂല്യങ്ങളും
ഉപഭോക്താക്കള്‍ക്ക് മൂന്ന് മാസത്തേക്ക് 99 രൂപയ്ക്കാണ് സ്വിഗ്ഗി വണ്‍ ലൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. സ്വിഗ്ഗി വണ്‍ ലൈറ്റ് എടുക്കുന്ന ഉപയോക്താക്കള്‍ക്ക് സ്വിഗ്ഗിയില്‍ 149 രൂപയ്ക്ക് മുകളിലുള്ള 10 ഓര്‍ഡറുകള്‍ക്കും കമ്പനിയുടെ പലചരക്ക് വിതരണ വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ടില്‍ (Instamart) 199 രൂപയ്ക്ക് മുകളിലുള്ള 10 ഓര്‍ഡറുകള്‍ക്കും ഫ്രീ ഡെലിവറിയുണ്ടാകും. കൂടാതെ എല്ലാ റെസ്റ്റോറന്റുകളിലും അധിക കിഴിവുകളും സ്വിഗ്ഗിയുടെ പിക്ക് ആന്‍ഡ് ഡ്രോപ്പ് സേവനമായ ജീനിയില്‍ (Swiggy Genie) 10% കിഴിവും അനുവദിക്കും.
സൊമാറ്റോയുമായി നോക്കുമ്പോള്‍
സ്വിഗ്ഗിയുടെ പ്രധാന സ്വിഗ്ഗി വണ്‍ സബ്സ്‌ക്രിപ്ഷന് മൂന്ന് മാസത്തേക്ക് 1,299 രൂപയാണ്. അതേസമയം സൊമാറ്റോയുടെ (Zomato) സമാനമായ സൊമാറ്റോ ഗോള്‍ഡിന് ഇതേ കാലയളവിന് 999 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ സൊമാറ്റോ ഗോള്‍ഡ് ആനുകൂല്യങ്ങള്‍ കമ്പനിയുടെ പലചരക്ക് വിതരണ വിഭാഗമായ ബ്ലിങ്കിറ്റില്‍ ലഭ്യമല്ല. രാജ്യത്ത് ഉത്സവ സീസണ്‍ ആരംഭിക്കുന്ന സമയത്താണ് സ്വിഗ്ഗി പുതിയ സ്വിഗ്ഗി വണ്‍ ലൈറ്റ് സംവിധാനവുമായി എത്തിയിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine