താറുമാറായി ചരക്കുനീക്കം, ചരക്കുകൂലി കുത്തനെ ഉയര്‍ന്നു, കയറ്റുമതിയും ഇറക്കുമതിയും അവതാളത്തില്‍

''ചൈനയില്‍ നിന്ന് ഒരു കണ്ടെയ്‌നര്‍ കൊച്ചിയിലെത്തിക്കാനുള്ള ചരക്ക് കൂലി അഞ്ച് മടങ്ങാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ കൊച്ചിയിലെത്താന്‍ ആസൂത്രണം ചെയ്ത ചരക്കുകള്‍ കൊളംബോ പോര്‍ട്ടില്‍ കെട്ടിക്കിടക്കുന്നു. ഇനി അവയെല്ലാം ഒരുമിച്ച് കൊച്ചിയിലെത്തും. അത് ക്ലിയര്‍ ചെയ്ത്, വെയര്‍ഹൗസില്‍ സൂക്ഷിച്ച് റീറ്റെയ്‌ലേഴ്‌സിലേക്ക് എത്തിക്കുമ്പോള്‍ ചെലവ് ഇനിയും ഇരട്ടിക്കും. കസ്റ്റംസിന്റെ ഇലക്ട്രോണിക് ഗേറ്റ് വേയായ ഐസിഗേറ്റിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമുള്ള സാമ്പത്തിക നഷ്ടങ്ങള്‍ വേറെ. പ്രശ്‌നങ്ങള്‍ അത്രയേറെയാണിപ്പോള്‍,'' ലാമിറ്റ് ഗ്രൂപ്പ് സാരഥി മുസ്താക്വിം കെ യുടെ വാക്കുകളിലുണ്ട് വിദേശ വ്യാപാരവുമായി ബന്ധപ്പെടുന്ന ബിസിനസുകാര്‍ ഇപ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ ആഴം.

കോവിഡ് സൃഷ്ടിച്ച ബിസിനസ് സ്തംഭനത്തെ അതിജീവിച്ച് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്ന കയറ്റുമതി, ഇറക്കുമതി രംഗത്തെ സംരംഭകര്‍ക്ക് മുന്നിലേക്ക് ഒന്നിനുപുറകെ മറ്റൊന്നായി വെല്ലുവിളികള്‍ കടന്നുവരികയാണ്.

ക്വാറന്റീന്‍ നിബന്ധന ഇറക്കുമതിക്കാര്‍ക്ക് ഇരുട്ടടി

കോവിഡ് വ്യാപനം മൂലം ലോകമെമ്പാടും ലോജിസ്റ്റിക്‌സ്, സപ്ലെ ചെയ്‌നുകള്‍ താറുമാറായിരുന്നു. രോഗഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും ലോക ജനത കോവിഡിനൊപ്പം ജീവിക്കാന്‍ തുടങ്ങിയതോടെ ചരക്ക് നീക്കത്തിലും ഉണര്‍വ് പ്രകടമായി. പക്ഷേ ഇപ്പോഴും സമുദ്ര, വ്യോമ മാര്‍ഗമുള്ള ചരക്ക് നീക്കം കൈകാര്യം ചെയ്യുന്നിടത്തെല്ലാം ജീവനക്കാരുടെ ക്ഷാമവും സാങ്കേതിക തടസ്സങ്ങളും ചരക്ക് നീക്കത്തെ കാര്യമായി ബാധിക്കുന്നുണ്ട്.

അതിനിടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെ ക്വാറന്റീന്‍ ചട്ടങ്ങളും കാര്യമായി ബാധിക്കുന്നുണ്ട്. ചൈനയില്‍ നിന്നുള്ള കണ്ടെയ്‌നര്‍ ഇന്ത്യന്‍ തീരത്ത് 14-15 ദിവസത്തില്‍ മാത്രമേ എത്താന്‍ പാടുള്ളൂ എന്നാണ് കോവിഡിന് ശേഷം കൊണ്ടുവന്നിരിക്കുന്ന ചട്ടം. സാധാരണ ഗതിയില്‍ ചൈനയില്‍ നിന്ന് 11-12 ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെയ്‌നറുകള്‍ കൊച്ചിയിലെത്താറുണ്ട്. എന്നാല്‍ ക്വോറന്റീന്‍ ചട്ടം പാലിക്കാന്‍ ചരക്ക് കപ്പലുകള്‍ രണ്ടോ മൂന്നോ ദിവസം മറ്റെവിടെയെങ്കിലും ചരക്കിറക്കാതെ കിടക്കേണ്ടി വരും. അതൊഴിവാക്കാന്‍ ചരക്കുകള്‍ കൊളംബോ പോര്‍ട്ടിലോ മറ്റോ ഇറക്കും. അവിടെ നിന്ന് മറ്റൊരു വെസലില്‍ കയറ്റിവേണം കൊച്ചിയിലെത്താന്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കൊളംബോ പോര്‍ട്ടിലെ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ കുറവ് വന്നതോടെ ചരക്ക് നീക്കം മന്ദഗതിയിലായി. മാത്രമല്ല, അവിടെ നിന്ന് കൃത്യമായ സമയത്ത് വെസലുകള്‍ ആവശ്യത്തിന് ലഭിക്കണമെന്നുമില്ല. ചുഴലിക്കാറ്റ് ഭീതിയെ തുടര്‍ന്ന് കൊളംബോ പോര്‍ട്ട് അടച്ചതും പ്രശ്‌നം രൂക്ഷമാക്കി.

ചൈനയില്‍ നിന്ന് 12-15 ദിവസത്തെ ഇടവേളയില്‍ കൊച്ചിയില്‍ കൃത്യമായി ചരക്ക് എത്തിക്കാന്‍ വേണ്ടി ആസൂത്രണം ചെയ്ത് ഇറക്കുമതി നടത്തുന്ന ബിസിനസുകാര്‍ ഇതോടെ വെട്ടിലായി. കൊച്ചിയിലെത്തുന്ന ചരക്കുകള്‍ റീറ്റെയ്‌ലേഴ്‌സിന്റെ അടുത്ത് എത്തുന്നതുവരെയുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഇറക്കുമതിക്കാര്‍ മുന്നോട്ടു പോകുന്നത്. ഇപ്പോള്‍ ചരക്ക് കൃത്യമായി എത്തുന്നില്ല. വരുന്നവ തന്നെ ഒന്നിച്ച് വരും. അത് ക്ലിയര്‍ ചെയ്‌തെടുക്കാന്‍ വന്‍തുക വേണം. വെയര്‍ഹൗസിംഗ് സൗകര്യം കൂടുതല്‍ വേണം. ആവശ്യത്തിനുള്ളവ മാത്രമേ റീറ്റെയ്‌ലേഴ്‌സ് ഇപ്പോള്‍ എടുക്കുന്നുള്ളൂ. ഒന്നിച്ച് ഉല്‍പ്പന്നങ്ങള്‍ റീറ്റെയ്‌ലേഴ്‌സിന് നല്‍കാന്‍ സാധിക്കില്ല. മാത്രമല്ല ചരക്ക് കൂലിയും അനുബന്ധമായുള്ള മറ്റ് ചെലവുകളും അഞ്ചും മൂന്നും മടങ്ങ് കൂടിയതുമൂലം ഉല്‍പ്പന്നത്തിന്റെ വിലയും കൂടും. കൂടിയ വിലയ്ക്ക് ഉല്‍പ്പന്നം കച്ചവടക്കാര്‍ എടുക്കണമെന്നില്ല.

ഈ സ്തംഭനാവസ്ഥയില്‍ ബിസിനസുകള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നറിയാതെ വിഷമവൃത്തത്തിലാണ് സംരംഭകര്‍.

സാങ്കേതിക പ്രശ്‌നങ്ങളും തലവേദന

കസ്റ്റംസിന്റെ ഇലക്ട്രോണിക് ഗേറ്റ് വേയായ ഐസിഗേറ്റിലെ സാങ്കേതിക പ്രശ്‌നങ്ങളും സംരംഭകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പോര്‍ട്ടിലെത്തുന്ന ചരക്കുകളുടെ കസ്റ്റംസ് ഡ്യൂട്ടി ബാങ്ക് വഴി അടച്ചാല്‍, എക്കൗണ്ടില്‍ നിന്ന് പണം പോകുമെങ്കിലും ഐസിഗേറ്റിലെ സാങ്കേതിക പ്രശ്‌നം മൂലം ഇ പെയ്‌മെന്റ് നടന്നതായി രേഖ ലഭിക്കില്ല. അതുകൊണ്ട് തന്നെ നികുതി ബാങ്ക് എക്കൗണ്ടില്‍ നിന്ന് കൊടുത്താലും അതിനുള്ള രേഖ കിട്ടാത്തതുകൊണ്ട് ചരക്കുകള്‍ സമയകൃത്യത പാലിച്ച് പുറത്തിറക്കാന്‍ പറ്റില്ല. മാത്രമല്ല, കെട്ടിക്കിടക്കുന്ന കണ്ടെയ്‌നറിനുള്ള പിഴയായി വേറെ തുക കൊടുക്കുകയും വേണം.

വ്യോമമാര്‍ഗമുള്ള ചരക്ക് നീക്കത്തിലും സ്തംഭനാവസ്ഥ തുടരുകയാണ്. വ്യോമമാര്‍ഗമുള്ള ചരക്ക് നീക്കം കേന്ദ്രീകൃത കംപ്യൂട്ടറൈസ്ഡ് രീതികളിലൂടെ നിയന്ത്രിക്കുന്ന സംവിധാനം കോവിഡ് വ്യാപനത്തിന് മുമ്പാണ് രാജ്യത്ത് നടപ്പായത്. ഈ സംവിധാനവുമായി എയര്‍ കാര്‍ഗോ വിഭാഗത്തിലുള്ളവര്‍ പരിചയിക്കുന്നതിനുമുമ്പേ കോവിഡും തുടര്‍ന്നുള്ള ലോക്ക്ഡൗണും സംഭവിച്ചു. എയര്‍ കാര്‍ഗോ പതുക്കെ ചലിച്ചുതുടങ്ങിയപ്പോള്‍ ഡെല്‍ഹിയിലെ കേന്ദ്രത്തില്‍ അതിന്റെ പ്രോസസിംഗ് വേണ്ടവിധം പുരോഗമിക്കാതെയായി. അതേ തുടര്‍ന്ന് മുംബൈയിലേക്കും ഇപ്പോള്‍ ബാംഗ്ലൂരിലേക്കും ചരക്ക് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.

കയറ്റുമതിയിലും പ്രശ്‌നങ്ങള്‍

കൊളംബോ തുറമുഖത്തെ പ്രശ്‌നങ്ങളും ചരക്ക് കൂലി വര്‍ധനയും കയറ്റുമതിക്കാരെയും ബാധിക്കുന്നുണ്ട്. എന്നിരുന്നാലും കൊച്ചിയില്‍ നിന്നുള്ള കയറ്റുമതിയില്‍ വര്‍ധനയുണ്ടെന്നാണ് കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ പ്രസിഡന്റ് സി എസ് കര്‍ത്ത അഭിപ്രായപ്പെടുന്നത്. ''കൊളംബോയിലെ പ്രശ്‌നങ്ങള്‍ മൂലം ഡിപി വേള്‍ഡ് കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിലേക്ക് കൂടുതല്‍ മദര്‍ വെസലുകള്‍ വരുന്നുണ്ട്. എന്നാല്‍ ചൈനയില്‍ നിന്നുള്ള കയറ്റുമതിയില്‍ ഏതാണ്ട് 50 ശതമാനത്തോളം കുറവ് പ്രകടമാണ്,'' സി എസ് കര്‍ത്ത വ്യക്തമാക്കുന്നു.

ചൈനയില്‍ നിന്നുള്ള കയറ്റുമതി വന്‍തോതില്‍ കൂടിയിട്ടുണ്ട്. പൊതുവേ ഈ മാസങ്ങളില്‍ അങ്ങനെ തന്നെയാണെന്ന് ഷിപ്പിംഗ് മേഖലയിലുള്ളവര്‍ പറയുന്നു. കോവിഡ് ഭീതി ഒഴിഞ്ഞ് ബിസിനസുകള്‍ പൂര്‍വ്വാധികം ശക്തിയായി മുന്നോട്ട് വന്നതോടെ ചൈനയുടെ കയറ്റുമതി രംഗത്തും അത് പ്രകടമാണ്. ഇതുമൂലം കണ്ടെയ്‌നറുകള്‍ വന്‍തോതില്‍ ചൈന ബുക്ക് ചെയ്യുകയും ചെയ്യുന്നു. കോവിഡ് മൂലം ഒരു കണ്ടെയ്‌നര്‍ ചരക്ക് കയറ്റി മറ്റൊരു തുറമുഖത്ത് ഇറക്കി വീണ്ടും ചരക്ക് കയറ്റുന്നതിനുള്ള ടേണ്‍ എറൗണ്ട് സമയം കൂടുതലുമാണ്. ലോകമെമ്പാടുമുള്ള കണ്ടെയ്‌നര്‍ ക്ഷാമത്തിന് ഇതും ഒരു കാരണമാണെന്ന് വിദേശ വ്യാപാര രംഗത്തെ കണ്‍സള്‍ട്ടന്റ് ബാബു എഴുമാവില്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ വിദേശ വ്യാപാര രംഗത്തുള്ളവരുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അറിയാതെയും പരിഹരിക്കാതെയുമുള്ള സാങ്കേതിക സംവിധാനങ്ങളും രാജ്യത്തെ സ്ഥിതി കൂടുതല്‍ മോശമാക്കുന്നു.

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it