അദാനിയുടെ പുനരുപയോഗ ഊര്‍ജ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ ഫ്രഞ്ച് കമ്പനി
അദാനി ഗ്രീന്‍ എനര്‍ജിയുടെ പുനരുപയോഗ ഊര്‍ജ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടല്‍ എനര്‍ജീസ് ചര്‍ച്ചകള്‍ നടത്തിവരുന്നതായി റിപ്പോര്‍ട്ട്. ക്ലീന്‍ എനര്‍ജി പ്രോജക്ടുകളുടെ ഉല്‍പ്പന്നനിര വിപുലീകരിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രീനിന്റെ ഈ പദ്ധതികളില്‍ ഓഹരികള്‍ വാങ്ങാനാണ് ടോട്ടല്‍ എനര്‍ജീസ് ശ്രമിക്കുന്നതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം 700 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 5,800 കോടി രൂപ) നിക്ഷേപിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അദാനി ഗ്രീനിന്റെ പുതിയ പുനരുപയോഗ ഊര്‍ജ പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതോടെ അതിവേഗം വളരുന്ന ഇന്ത്യന്‍ ഊര്‍ജ വിപണിയില്‍ ടോട്ടല്‍ എനര്‍ജീസിന്റെ സാന്നിധ്യം വര്‍ധിക്കും. 2021ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിലൊന്നായ 2.5 ബില്യണ്‍ ഡോളറിന്റെ (21,000 കോടി രൂപ) ഇടപാടിലൂടെ അദാനി ഗ്രീനില്‍ 19.75% ഓഹരിയുമായി ഇതിനകം തന്നെ കമ്പനിയുടെ രണ്ടാമത്തെ വലിയ ഓഹരി ഉടമയായണ് ടോട്ടല്‍ എനര്‍ജീസ്. 2019ല്‍ 600 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് ടോട്ടല്‍ അദാനി ഗ്യാസിന്റെ 37.4% ഓഹരികളും കമ്പനി വാങ്ങിയിരുന്നു.
ഗ്രീന്‍ ഹൈഡ്രജന്‍ വികസനം
ഈ വര്‍ഷമാദ്യം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെതിരെ വിപണിയിലെ കൃത്രിമത്വം, വഞ്ചന എന്നീ കുറ്റങ്ങള്‍ ആരോപിച്ച സമയത്ത് പോലും അദാനി എന്റര്‍പ്രൈസസുമായി ചേര്‍ന്ന് 5 ബില്യണ്‍ ഡോളര്‍ (ഏകദേശം 42,000 കോടി രൂപ) ഗ്രീന്‍ ഹൈഡ്രജന്‍ പ്രോജക്ടുകള്‍ വികസിപ്പിക്കാന്‍ ടോട്ടല്‍ പദ്ധതിയിട്ടു. നിലവില്‍ ഇന്ത്യയിലെ ഗ്രീന്‍ ഹൈഡ്രജന്‍ വികസനത്തിന് ഇരുകമ്പനികളും പ്രവര്‍ത്തിച്ചു വരികയാണ്. സ്ഥാപന നിക്ഷേപകര്‍ക്ക് ഓഹരികള്‍ വില്‍ക്കുന്നതിലൂടെ വിപുലീകരണത്തിനായി 12,300 കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയിടുന്നതായി അദാനി ഗ്രീന്‍ മുമ്പ് അറിയിച്ചിരുന്നു.
ഇതിനിടെ ജപ്പാന്‍, തായ്വാന്‍, ഹവായ് വിപണികളില്‍ ഗ്രീന്‍ ഹൈഡ്രജന്‍ വില്‍ക്കുന്നതിനായി ജാപ്പനീസ് കമ്പനിയായ കോവ ഗ്രൂപ്പുമായി ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിച്ചതായി അദാനി ഗ്രൂപ്പ് അറിയിച്ചു. ഇന്ത്യയില്‍ പൂര്‍ണ്ണമായി ഇന്റഗ്രേറ്റഡ് ഗ്രീന്‍ ഹൈഡ്രജന്‍ ഇക്കോസിസ്റ്റം സ്ഥാപിക്കുന്നതിനായി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളര്‍ (4.1 ലക്ഷം കോടി രൂപ) വരെ നിക്ഷേപിക്കും. പ്രാരംഭ ഘട്ടത്തില്‍ 10 ലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കും. പിന്നീട് ഇത് 30 ലക്ഷം ടണ്ണായി ഉയര്‍ത്തുമെന്ന് കമ്പനി അറിയിച്ചു.