പാരമ്പര്യ രുചിയില്‍ മയക്കാന്‍ ഫ്രഷ്8

പ്രവാസിയായിരുന്ന യുവാവിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു ഫ്രെഷ് 8 എന്ന സംരംഭം. ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങളും സ്‌നാക്കുകളും മികച്ച നിലവാരത്തോടെ വിപണിയിലെത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പ് വളര്‍ന്നു വരുന്ന വഴിയെ കുറിച്ച് സാരഥിയായ ആസിഫ് അബ്ദുൽഖാദർ

ആശയം വന്ന വഴി
സയന്‍സ് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം 1995 ല്‍ ജോലി തേടി ഗള്‍ഫിലേക്ക് പോയി. അവിടെ ഫുഡ് പ്രോസസിംഗ് കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോളറായി ജോലി നോക്കി. പിന്നീട് മറ്റു കമ്പനികളിലും ഉത്പാദന മേഖലയിലെ ജോലിയിലായിരുന്നു അതിനിടയില്‍ പഠനവും മുന്നോട്ട് കൊണ്ടുപോയി. ഫുഡ് ടെക്‌നോളജി മേഖലയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. യുകെയില്‍ നിന്ന് കോര്‍പറേറ്റ് ഫിനാന്‍സ് മാസ്റ്റേഴ്സ് ബിരുദവും നേടി. ഇതിനിടയിലാണ് സ്വന്തം സംരംഭത്തെ കുറിച്ച് ചിന്തിക്കുന്നത്. അനുഭവപരിചയമുള്ള ഫുഡ് പ്രോസസിംഗ് മേഖലയില്‍ തന്നെ വേണം എന്നത് നിര്‍ബന്ധമായിരുന്നു. 2019 ല്‍ നാട്ടിലെത്തി ഡിസ്ട്രിബ്യൂഷന്‍ കമ്പനി ആരംഭിക്കുകയും വൈകാതെ ഉല്‍പ്പാദനത്തിലേക്ക് കടക്കുകയുമായിരുന്നു.
പണം കണ്ടെത്തിയത്
കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും കാര്യം അവതരിപ്പിച്ചു. അവരില്‍ നിന്ന് സഹായം ലഭിച്ചു. എന്റെ സമ്പാദ്യമെല്ലാം വിനിയോഗിച്ചു. മുഹമ്മദ് കുട്ടി, കോയ കുട്ടി എന്നീ സുഹൃത്തുക്കള്‍ കൂടി സംരംഭത്തിന് താങ്ങായി എത്തി. കോവിഡ് വ്യാപനത്തിന്റെ തുടക്ക നാളുകളിലായിരുന്നു അത്. വാങ്ങിയ മെഷിനറി ഒന്നര വര്‍ഷത്തിലേറെ വെറുതെയിടേണ്ടി വന്നു. എന്നാല്‍ എല്ലാ ഭാഗത്തു നിന്നുമുള്ള സഹായത്തോടെ പ്രതിസന്ധികള്‍ അതിജീവിച്ചു.
എന്താണ് ഉല്‍പ്പന്നം?
ബ്രേക്ക് ഫാസ്റ്റിന് ആവശ്യമായ മാക്രോണി, വെര്‍മിസെല്ലി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍, പാക്ക്ഡ് സ്‌നാക്കുകള്‍ എന്നീ രണ്ടു വിഭാഗം ഉല്‍പ്പന്നങ്ങളാണ് ഫ്രെഷ് 8 വിപണിയില്‍ എത്തിക്കുന്നത്.
പാരമ്പര്യ സ്‌നാക്കുകള്‍- നല്ല പായ്ക്കിംഗോടെ
വര്‍ത്തായ എന്ന ബ്രാന്‍ഡില്‍ കോഴിക്കോടന്‍ ചിപ്‌സ് നൈട്രജൻ ഫ്ലഷ് ചെയ്ത് പായ്ക്ക് ചെയ്യുന്നത് കൊണ്ട് കൂടുതൽ കാലം തനത് രുചി നിലനിൽക്കുന്നു.
ടേണിംഗ് പോയ്ന്റ്
മികച്ച മാര്‍ക്കറ്റിംഗ് പാര്‍ട്ണറെയാണ് കമ്പനിക്ക് കിട്ടിയത്. അതുകൊണ്ടു തന്നെ വില്‍പ്പന്ന വര്‍ധിപ്പിക്കാനായി. കൂടുതല്‍ വോള്യം വില്‍ക്കുന്നതിലൂടെ ഉല്‍പ്പന്നത്തിന്റെ ഉല്‍പ്പാദന-വിപണന ചെലവുകള്‍ കുറയ്ക്കാനായി. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളോട് മത്സരിച്ച് പിടിച്ചു നില്‍ക്കാന്‍ കമ്പനിക്കായി.
സ്ഥാപനത്തെ കുറിച്ച്
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് പ്രധാന വിപണി. പത്തിലേറെ പേര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. മാക്രോണി ദിവസം മുഴുവനും ഉല്‍പ്പാദിപ്പിക്കുന്നു. മികച്ച വിപണി കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്. ബനാന ചിപ്‌സ് ആണ് സ്‌നാക്ക് ഉല്‍പ്പന്നങ്ങളില്‍ പ്രധാനം. കോഴിക്കോടിന്റെ പാരമ്പര്യ രുചി നഷ്ടപ്പെടാതെ കൂടുതല്‍ ഷെല്‍ഫ് ലൈഫ് ലഭിക്കുന്ന തരത്തിലും ആകര്‍ഷകമായ പായ്ക്കിംഗോടെയാണ് ഇത് വിപണിയില്‍ എത്തുന്നത്.
ഭാവിപദ്ധതികള്‍
ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുകയെന്നതാണ് ആദ്യ ലക്ഷ്യം. പുതിയ പ്ലാന്റിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മൂന്നു കോടി രൂപയുടെ പദ്ധതിയില്‍ കെട്ടിടം, ഓട്ടോമാറ്റിക് മെഷിനറികള്‍, സോളാര്‍ പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തും വിപണി കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it