അംബാനിയുടെ 3 മക്കളും ബോർഡിലേക്ക്; റിലയന്‍സ് എ.ജി.എം പ്രഖ്യാപനങ്ങള്‍ കാണാം
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി തുടരും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 46-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്. മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരെയും ബോര്‍ഡ് ഡയറക്ടര്‍മാരായി നിയമിച്ചതായി അദ്ദേഹം പറഞ്ഞു. നിത അംബാനി ഡയറക്റ്റർബോർഡിൽ നിന്നും ഇറങ്ങുമെന്നും ഗണേശ ചതുര്‍ത്ഥി ദിനമായ സെപ്റ്റംബര്‍ 19 ന് ജിയോ എയര്‍ ഫൈബര്‍ പുറത്തിറക്കുമെന്നുമുള്ള രണ്ടു സുപ്രധാന പ്രഖ്യാപനങ്ങളും ഇന്നത്തെ എ.ജി.എമ്മിൽ ഉണ്ടായിരുന്നു. നിത റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണായി തുടരും.
കഴിഞ്ഞ 10 വര്‍ഷത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മൊത്തം 150 ബില്യണ്‍ ഡോളര്‍ (12.3 ലക്ഷം കോടി രൂപ) നിക്ഷേപം നടത്തിയതായും മുകേഷ് അംബാനി പറഞ്ഞു. ഇത് രാജ്യത്തെ ഏത് കോര്‍പ്പറേറ്റുകളേക്കാളും വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിലയന്‍സ് 2023 സാമ്പത്തിക വര്‍ഷത്തില്‍ 2.6 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിലയന്‍സ് എ.ജി.എം. സുപ്രധാന പ്രഖ്യാപനങ്ങള്‍ ഒറ്റ നോട്ടത്തില്‍:
ജിയോ പ്ലാറ്റ്‌ഫോംസ്
- ഡാറ്റ ഉപയോഗത്തില്‍ 45 ശതമാനം വര്‍ഷാവര്‍ഷ (YoY)വര്‍ധന. ഉപയോക്താക്കളുടെ പ്രതിമാസ ശരാശരി ഡാറ്റ ഉപയോഗം 25 ജി.ബി.
- 2022 ഒക്‌റ്റോബറില്‍ ആരംഭിച്ച ജിയോ 5 ജി റോൾ ഔട്ട് ഇപ്പോൾ 96 ശതമാനം ടൗണുകൾ കടന്ന് ഡിസംബര്‍ മാസത്തോടെ രാജ്യമെമ്പാടും എത്തും.
- ജിയോ ഫൈബര്‍ സര്‍വീസ് ഒരു കോടി ജനങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. എയര്‍ഫൈബര്‍ സെപ്റ്റംബര്‍ 19- ഗണേശ ചതുര്‍ത്ഥി ദിവസം ലോഞ്ച് ചെയ്യും. ജിയോ ഫൈബര്‍ കേബിളുകള്‍ എത്താത്ത പ്രദേശങ്ങളില്‍ പോലും 5ജി ലഭിക്കുന്ന സൗകര്യം ഇതോടെ എത്തും. ജിയോ 5ജി നെറ്റ്‌വർക്ക് ഉപയോഗിച്ചു ഹൈ സ്പീഡ് ഇന്റർനെറ്റ് ആക്സസ് ഡെലിവറി ചെയ്യും.
- ജിയോ സെറ്റ് ടോപ് ബോക്സ് അവതരിപ്പിച്ചു. ടി.വി ചാനലുകള്‍ മുതല്‍ സ്ട്രീമിംഗ് കണ്ടെന്റുകള്‍, ബിഗ് സ്‌ക്രീന്‍ ഗെയിമുകള്‍, ഡിജിറ്റല്‍ ആപ്പുകള്‍ വരെ വിനോദത്തിന്റെ വലിയ ലോകത്തിലേക്ക് വഴി തുറക്കുന്നതാകും ഇത്.
- ജിയോ, എ.ഐ പ്ലാറ്റ്‌ഫോമുകളില്‍ നിക്ഷേപം വര്‍ധിപ്പിക്കും. ഇന്ത്യയിലെ ഡൊമെയ്‌നുകളിലുടനീളം എ.ഐ അധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാകും.
റിലയന്‍സ് റീറ്റെയ്ല്‍
- റിലയന്‍സ് റീറ്റെയ്‌ലിന്റെ മൂല്യനിര്‍ണ്ണയം 2020-ല്‍ 4.28 ലക്ഷം കോടി രൂപയില്‍ നിന്ന് ഇന്ന് 8.28 ലക്ഷം കോടി രൂപയായി ഉയര്‍ന്നു
- റിലയന്‍സ് റീറ്റെയില്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ 2,60,364 കോടി രൂപ വരുമാനവും 9,181 കോടി രൂപ അറ്റാദായവും രേഖപ്പെടുത്തി.
- റിലയന്‍സ് റീറ്റെയ്ല്‍ 100 ആഗോള ടോപ്പ് റീറ്റെയിലർ മാരില്‍ ഒരേയൊരു ഇന്ത്യന്‍ കമ്പനി. മാത്രമല്ല, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന റീറ്റെയിലര്‍ ശൃംഖലകളിൽ ഒന്നുമാണ്.
- കഴിഞ്ഞ വര്‍ഷം 3,300+ പുതിയ സ്റ്റോറുകള്‍ തുറന്നു. മൊത്തം സ്‌റ്റോറുകള്‍ 6.56 കോടി ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 18,040 എണ്ണമായി.
ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ്
- ഈ മാസം ആദ്യം പ്രഖ്യാപിച്ച ജിയോ ബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റ് ബിസിനസ്സിന് പുറമേ, ആഗോള ഇന്‍ഷുറന്‍സ് ഭീമന്മാരുമായി സഹകരിച്ച് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ശക്തമായ ചുവടു വയ്പ് നടത്തും.
- ലോക്ക് ചെയിന്‍ അധിഷ്ഠിത ഉല്പന്നങ്ങൾക്കൊപ്പം സി.ബി.ഡി.സി (സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി) ഫീച്ചർ ഉൾപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും.
O2C (എണ്ണ മുതല്‍ കെമിക്കല്‍ വരെ) ബിസിനസ്
- പ്രതിദിന വാതക ഉല്‍പ്പാദനം 30 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്ററായി ഉയര്‍ത്താനുള്ള വഴിയിലാണ് റിലയന്‍സ്. ഇത് ഇന്ത്യയുടെ ആകെ ഗ്യാസ് ഉല്‍പ്പാദനത്തിന്റെ 30% വിഹിതവും നിലവിലെ ഗ്യാസ് ഡിമാന്‍ഡിന്റെ 15% വിഹിതവുമായിരിക്കും.
- O2C ബിസിനസ്സിനെ സുസ്ഥിരവും ഹരിതവുമായ ബിസിനസ്സാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ നടപ്പാക്കല്‍ ആരംഭിച്ചു. റിന്യൂവബിള്‍സ്, ബയോ എനര്‍ജി എന്നിവയിലൂടെ 2035 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ കമ്പനിയാകാനാണ് ശ്രമം.
- 2026-ഓടെ ബാറ്ററി ഗിഗാ ഫാക്ടറി സ്ഥാപിക്കാന്‍ റിലയന്‍സ് ലക്ഷ്യമിടുന്നു
- പുതിയ ഊര്‍ജ നിര്‍മ്മാണ ആവാസ വ്യവസ്ഥ നിര്‍മിക്കുന്നതിന് 75,000 കോടി രൂപ വിനിയോഗിക്കുന്നു.
- അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 കംപ്രസ്ഡ് ബയോ ഗ്യാസ് (CBG) പ്ലാന്റുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം,
- കുറഞ്ഞത് 100 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനം സ്ഥാപിക്കാന്‍ നോക്കും.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് എ.ജി.എം പ്രഖ്യാപനങ്ങള്‍ക്കിടയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികൾ എന്‍.എസ്.ഇ.യില്‍ 1.27 ശതമാനം ഇടിവോടെ 2,436.95 രൂപയ്ക്ക് ക്ലോസ് ചെയ്തു. റിലയന്‍സ് റീറ്റെയ്ലിനും റിലയന്‍സ് ജിയോയ്ക്കും ഐപിഒ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച് യാതൊരു സൂചനകളും നല്‍കാത്തതില്‍ നിക്ഷേപകര്‍ക്കിടയില്‍ നിരാശ പ്രകടമാണ്.