ഹോട്ടൽ ഉടമകളുടെ ശ്രദ്ധയ്ക്ക്, ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ പുതിയ ചട്ടം വരുന്നു
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഉപയോഗിക്കുന്ന പാചക എണ്ണ ആരോഗ്യത്തിന് ഹാനികരമാകുന്നെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പുതിയ നിർദേശം മുന്നോട്ടു വെച്ചിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI).
ഒരേ ബാച്ച് കുക്കിംഗ് ഓയിൽ മൂന്ന് തവണയിൽ കൂടുതൽ ഉപയോഗിക്കരുതെന്നാണ് പുതിയ ചട്ടം. മാർച്ച് ഒന്നുമുതൽ എല്ലാ ഭക്ഷണശാലകളും ഈ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനങ്ങളിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പുകൾക്ക് ഇത് സംബന്ധിച്ച നോട്ടീസ് അയച്ചിട്ടുണ്ട്.
എണ്ണ വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ അതിൽ ടിപിസി അഥവാ ടോട്ടൽ പോളാർ കോംപൗണ്ട്സ് രൂപപ്പെടുന്നു. ഇവ ഫ്രയിങ് ഫാറ്റ്സ് എന്നാണ് അറിയപ്പെടുന്നത്. ഇത് ആരോഗ്യത്തിന് വളരെ ഹാനികരമാണ്. ഇതിന്റെ ഉപയോഗം കുറക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ നിയമം.
ദിവസേന 50 ലിറ്ററിലധികം വെളിച്ചെണ്ണ ഉപയോഗിക്കുന്ന ഭക്ഷണ ശാലകൾക്കാണ് ഈ നിയമം ബാധകമാവുക. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ആക്ട് (2006) സെക്ഷൻ 16 (5) ലാണ് ഈ ചട്ടം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതനുസരിച്ച് അതാതുദിവസത്തെ എണ്ണ ഉപയോഗം ചാർട്ടിൽ രേഖപ്പെടുത്തേണ്ടതായി വരും.