ക്രൂഡ് വില 100 ഡോളറിലേക്ക്; പെട്രോള്‍, ഡീസല്‍ വില്‍പ്പന ലിറ്ററിന് ഏഴ് രൂപ നഷ്ടത്തില്‍

ക്രൂഡോയില്‍ വില വര്‍ദ്ധിച്ചിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ആനുപാതികമായി ഉയര്‍ത്താത്തത് മൂലം പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ നേരിടുന്നത് വന്‍ നഷ്ടമെന്ന് റേറ്റിംഗ് ഏജന്‍സിയായ നോമുറയുടെ റിപ്പോര്‍ട്ട്. ലിറ്ററിന് 7.4 രൂപ നഷ്ടമാണ് പെട്രോളിനും ഡീസലിനും കമ്പനികള്‍ നേരിടുന്നത്.

സെപ്റ്റംബര്‍ 24ല്‍ അവസാനിച്ച ആഴ്ചയിലെ കണക്കുപ്രകാരം ക്രൂഡോയില്‍ സംസ്‌കരിച്ച് ഡീസല്‍ വില്‍ക്കുന്നതില്‍ എണ്ണക്കമ്പനികള്‍ നേരിടുന്ന നഷ്ടം തൊട്ടുമുമ്പത്തെ ആഴ്ചയിലെ ലിറ്ററിന് 3.9 രൂപയില്‍ നിന്ന് 5.7 രൂപയായി വര്‍ദ്ധിച്ചു. പെട്രോളിലെ നഷ്ടം പൂജ്യമായിരുന്നത് 1.7 രൂപയായും ഉയര്‍ന്നു.

വിപണന മാര്‍ജിനിലുണ്ടായ കുത്തനെയുള്ള ഇടിവ് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ എണ്ണ വിപണന കമ്പനികളുടെ (ഒ.എം.സി) ലാഭക്ഷമതയെ ബാധിക്കുമെന്ന് നോമുറ റിപ്പോര്‍ട്ട് ചെയ്തു. വമ്പന്‍ റിഫൈനറികള്‍ അറ്റകുറ്റപ്പണികള്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വിപണന കമ്പനികളിലേക്ക് എണ്ണ എത്തുന്നത് ഡിസംബര്‍ പാദത്തില്‍ കുറയാനിടയുണ്ടെന്നും ഇതും ലാഭക്ഷമതയെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബി.പി.സി.എല്‍., ഐ.ഒ.സി എന്നിവയാണ് പ്ലാന്റ് ഷട്ട്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വില വര്‍ധിപ്പിച്ചിട്ട് ഒന്നര വര്‍ഷം

കഴിഞ്ഞ മേയില്‍ ശരാശരി ബാരലിന് 70-75 ഡോളറില്‍ നിന്നിരുന്ന ക്രൂഡ് വില ഇപ്പോള്‍ 90നു മുകളിലെത്തി. ഇന്നത്തെ ഡബ്ല്യു.ടി.ഐ ക്രൂഡ് വില 93.14 ഡോളറും ബ്രെന്റ് ക്രൂഡ് വില 96.05 ഡോളറുമാണ്. ക്രൂഡ് വില കൂടിയെങ്കിലും ഉടനെയൊന്നും ഇന്ധനവില വര്‍ധനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കില്ല. പണപ്പെരുപ്പ നിരക്കിനെ ബാധിക്കുമെന്നതും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമെന്നതുമാണ് കാരണം. ഇത് എണ്ണ കമ്പനികളുടെ ലാഭത്തില്‍ കുറവ് വരുത്തും.

രാജ്യത്ത് ഇന്ധന വിലയില്‍ മാറ്റമില്ലാതായിട്ട് ഒന്നര വര്‍ഷത്തോളമായി. 2022 ഏപ്രില്‍ ആറിനു ശേഷം എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടിയിട്ടില്ല. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോള്‍ ഇന്ധന വില കുറയ്ക്കാതെ കമ്പനികള്‍ നഷ്ടം നികത്തുകയായിരുന്നു. എന്നാലിപ്പോള്‍ എണ്ണ നൂറ് ഡോളറിലേക്കടുക്കുമ്പോള്‍ കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാനാകാത്ത അവസ്ഥയിലാണ്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, വിലക്കയറ്റം

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കേ, കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കാന്‍ നടപടിയെടുത്തേക്കുമെന്ന വിലയിരുത്തലുകളുണ്ട്. എന്നാല്‍, ഇതിനിടെ ക്രൂഡോയില്‍ വില കത്തിക്കയറുന്നത് കേന്ദ്രസര്‍ക്കാരിനും പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ക്കും ഒരുപോലെ തിരിച്ചടിയാണ്.

വില കുറയ്ക്കാന്‍ കേന്ദ്രം നിര്‍ബന്ധിച്ചാല്‍ അത് എണ്ണക്കമ്പനികളെ സാമ്പത്തികമായി സാരമായി ബാധിക്കും. നേരത്തേ ക്രൂഡോയില്‍ വില കുറഞ്ഞുനിന്നപ്പോള്‍, നികുതി വരുമാനം കുറയാതിരിക്കാനായി കേന്ദ്രം എക്‌സൈസ് നികുതി കുത്തനെ കൂട്ടിയിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സൈസ് നികുതി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം ഒരുപക്ഷേ തയ്യാറായേക്കും.

Related Articles

Next Story

Videos

Share it