

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഉണ്ടായ പെട്ടെന്നുള്ള വർദ്ധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കാൻ പോകുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപയും സിഎൻജി (CNG) വില കിലോയ്ക്ക് 2 രൂപയുമാണ് ഇന്ന് (മെയ് 15) വർദ്ധിപ്പിച്ചത്. ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) ഉപരോധം മൂലം ഇന്ധന വിതരണത്തിലുണ്ടായ തടസവും ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില 107 ഡോളർ നിരക്കിലേക്ക് ഉയർന്നതുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.
ഈ വില വർദ്ധനവ് നിങ്ങളുടെ പോക്കറ്റിനെ ബാധിക്കുന്ന പ്രധാന മേഖലകൾ താഴെ പറയുന്നവയാണ്:
ഭക്ഷണസാധനങ്ങളും നിത്യോപയോഗ സാധനങ്ങളും: പച്ചക്കറികൾ, പഴങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില ഉടൻ തന്നെ വർദ്ധിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് കേടുവരുന്ന സാധനങ്ങളുടെ വില കൂടും, കാരണം ഇവയുടെ വിതരണ ശൃംഖലയിലും കോൾഡ് സ്റ്റോറേജ് സംവിധാനങ്ങളിലും ഇന്ധനത്തിന് വലിയ പങ്കുണ്ട്.
യാത്രാ ചെലവ്: ഇന്ധനവില വർദ്ധനവ് പൊതുഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തും. യുബർ, ഓല തുടങ്ങിയ ടാക്സി സർവീസുകൾ ഉടൻ തന്നെ നിരക്ക് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കാർഷിക മേഖല: ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ഇന്ധനത്തെ വളരെയധികം ആശ്രയിക്കുന്നു. ട്രാക്ടറുകൾ, ജലസേചന പമ്പുകൾ, വളം കൊണ്ടുപോകൽ എന്നിവയ്ക്ക് ഡീസൽ ചെലവ് കൂടുന്നത് കൃഷി ചെലവ് വർദ്ധിപ്പിക്കുകയും ഇത് ആത്യന്തികമായി ഭക്ഷണസാധനങ്ങളുടെ വില ഉയരാൻ കാരണമാകുകയും ചെയ്യും.
നിലവില്‍ ഗാര്‍ഹിക പാചകവാതക (LPG) വിലയിൽ മാറ്റം വരുത്തിയിട്ടില്ല, എന്നാല്‍ കൊമേഴ്സ്യല്‍ സിലിണ്ടറുകള്‍ക്ക് വില വലിയ തോതില്‍ കൂടിയിട്ടുണ്ട്. സപ്ലൈ കുറയുന്നതും ഇറക്കുമതി ചെലവ് കൂടുന്നതും ഭാവിയിൽ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയും വർദ്ധിപ്പിക്കാൻ ഇടയാക്കും.
ഇന്ധനവിലയിലെ ഓരോ വർദ്ധനവും പലചരക്ക് സാധനങ്ങൾ മുതൽ നിത്യേനയുള്ള യാത്രകൾ വരെ ജനങ്ങളുടെ എല്ലാ ചെലവുകളെയും സാരമായി ബാധിക്കും. ഈ സാഹചര്യം പണപ്പെരുപ്പം ഉയര്‍ത്തുകയും സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കുകയും ചെയ്യും. യുഎസ്-ഇറാന്‍ യുദ്ധം പശ്ചിമേഷ്യയില്‍ മാത്രമല്ല, ഇങ്ങ് കേരളത്തിലെ സാധാരണക്കാരന്റെ അടുക്കളയിലും വലിയ തീയാണ് കോരിയിടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine