കുട്ടികള്‍ സ്‌കൂളിലേക്ക് മടങ്ങുമ്പോള്‍ എന്താകും എഡ്ടെക്കുകളുടെ ഭാവി

കോവിഡ് കാലത്ത് ഏറ്റവും അധികം നേട്ടമുണ്ടാക്കിയവരുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ എഡ്ടെക്ക് കമ്പനികളാവും. വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ എഡ്ടെക്ക് സ്ഥാപനങ്ങളുടെ എണ്ണവും ഉയരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി, സ്‌കൂളുകളും കോളജുകളും തുറന്നതോടെ ഉപഭോക്താക്കളുടെ വലിയ കൊഴിഞ്ഞുപോക്കാണ് പല ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും നേരിടുന്നത്.

ഫണ്ടിംഗിലെ മാന്ദ്യം കൂടി ആയതോടെ ഈ രംഗത്തെ വമ്പന്മാരുള്‍പ്പടെ പ്രതിസന്ധിയിലാണ്. 2022ന് ശേഷം മാത്രം രാജ്യത്തെ പ്രമുഖ എഡ്ടെക്ക് കമ്പനികള്‍ പിരിച്ചുവിട്ടത് ആയിരത്തിലധികം ജീവനക്കാരെയാണ്. യൂണികോണ്‍ കമ്പനിയായ അണ്‍അക്കാദമി അറുന്നൂറോളം പേരെയാണ് പിരിച്ചുവിട്ടത്. മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കമ്പനി ബൈജ്യൂസിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ്ഹാറ്റ് ജൂനിയറില്‍ 800 പേര്‍ക്കും വേദാന്തുവില്‍ 624 പേര്‍ക്കുമാണ് ജോലി നഷ്ടമായത്. ലിഡോ സ്റ്റുഡന്റ് ആപ്പിന് പിടിച്ചു നില്‍ക്കാനാവാതെ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കേണ്ടി വന്നു. ബൈജ്യൂസിന് പിന്നാലെ ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താന്‍ അണ്‍അക്കാദമി ഉള്‍പ്പടെയുള്ള കമ്പനികള്‍ ഓഫ്ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്.

എഡ്ടെക്ക് കമ്പനികളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് കേരളം. സംസ്ഥാന സ്റ്റാര്‍ട്ടപ്പ് മിഷന്റെ കണക്ക് അനുസരിച്ച് 220ലേറെ എഡ്ടെക്ക് സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. ഇതില്‍ ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പുകളും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. മത്സര പരീക്ഷകള്‍ക്ക് വേണ്ടിയുള്ള ക്ലാസുകള്‍ നല്‍കുന്ന പ്ലാറ്റ്ഫോമുകളാണ് അല്‍പ്പമെങ്കിലും നേട്ടമുണ്ടാക്കുന്നത്. എന്‍ട്രി ആപ്പിന്റെ സ്ഥാപകനും സിഇഒയുമായ മുഹമ്മദ് ഹിസാമുദ്ദീന്‍ പറയുന്നത് തങ്ങളെ ഇത്തരം പ്രശ്നങ്ങളൊന്നും ബാധിക്കുന്നില്ലെന്നാണ്.

പിഎസ്സി, ബാങ്കിംഗ്, സ്പോക്കണ്‍ ഇംഗ്ലീഷ് തുടങ്ങിയ മേഖലകളിലാണ് എന്‍ട്രി ആപ്പ് ക്ലാസുകള്‍ നല്‍കുന്നത്. സ്‌കൂള്‍/ കോളേജ് കുട്ടികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയാണ് നിലവിലെ പ്രതിസന്ധി ബാധിച്ചിരിക്കുന്നതെന്നാണ് മുഹമ്മദ് ഹിസാമുദ്ദീന്‍ ചൂണ്ടീക്കാണിക്കുന്നത്. മറ്റ് സ്ഥാപനങ്ങളെപ്പോലെ ഓഫ് ലൈന്‍ സെന്ററുകള്‍ തുടങ്ങാനല്ല ഓണ്‍ലൈന്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനാണ് ശ്രമമെന്നും എന്‍ട്രി ആപ്പ് വ്യക്തമാക്കി.

കേരളത്തിലെ എഡ്ടെക്ക് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ വ്യക്തി പറഞ്ഞത് 5 കോടി രൂപ മുടക്കിയാലാണ് ഈ മേഖലയില്‍ നിന്ന് 1 ഒരു കോടി നേടാനാവുന്നതെന്നാണ്. കോവിഡ് കാലത്ത് ഉണ്ടായ ആ കുതിച്ചുചാട്ടം അവസാനിച്ചു. കേരളത്തിലുണ്ടായിരുന്ന പല സ്ഥാപനങ്ങളും പ്രവര്‍ത്തനം അവസാനിപ്പിച്ചെന്നും ഇയാള്‍ ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ ട്യൂഷന്‍ ആപ്പുകളുടെ പരസ്യങ്ങള്‍ പലതും ഇപ്പോള്‍ കാണാറില്ല. അതേ സമയം നിലവിലെ പ്രതിസന്ധികള്‍ കൊണ്ട് ഈ മേഖലയെ വിലയിരുത്തരുതെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.

ഉപഭോക്താക്കളെ ആകര്‍ഷിക്കുക തന്നെയാണ് എഡ്ടെക്കുകള്‍ നേരിടുന്ന വലിയ വെല്ലുവിളി. ഇത് മേഖലയിലെ ജോലി സമ്മര്‍ദ്ദവും ഉയര്‍ത്തുന്നുണ്ട്. മാര്‍ക്കറ്റിംഗ് ടീം മുതല്‍ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപകര്‍ ഉള്‍പ്പടെ നീളുന്നവര്‍ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോവുന്നത്. ഓരോ അധ്യാപകരുടെയും ക്ലാസുകളുടെ വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍ ഉള്‍പ്പടെ സ്ഥാപനങ്ങള്‍ വിലയിരുത്തുന്നുണ്ട്. നിലവില്‍ എഡ്‌ടെക്കുകള്‍ ആരംഭദശയിലൂടെയാണ് കടന്നു പോവുന്നത്. കുട്ടികളും മാതാപിതാക്കളും ഓണ്‍ലൈന്‍ ക്ലാസുകളുടെ ഗുണവും പോരായ്മകളും അറിഞ്ഞുവരുകയാണ്. കേരളത്തില്‍ ഈ വര്‍ഷം മാത്രം എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ എഴുതിയത് 4.26 ലക്ഷം, 4.32 ലക്ഷം വീതം കുട്ടികളാണ്. മാതാപിതാക്കള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എത്രരൂപ മുടക്കാനും തയ്യാറായി നില്‍ക്കെ, കേരളത്തിലെ ട്യൂഷന്‍ സെന്ററുകള്‍ക്കുള്ളതിനെക്കാള്‍ മികച്ച സാധ്യകള്‍ ഈ രംഗത്തുണ്ട്.

Amal S
Amal S  

Sub Editor

Related Articles
Next Story
Videos
Share it