
റിന്യൂവബ്ള്‍ (Renewables) രംഗത്ത് വന്‍നിക്ഷേപത്തിനൊരുങ്ങി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗെയില്‍ ഇന്ത്യ (GAIL India). 2030 ഓടെ കമ്പനി അതിന്റെ റിന്യൂവബ്ള്‍ പോര്‍ട്ട്‌ഫോളിയോയില്‍ 26,000 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ മുന്നോടിയായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6,000 കോടി രൂപ നിക്ഷേപിക്കും. തുടര്‍ന്ന് 2030 ഓടെ 20,000 കോടി രൂപയും നിക്ഷേപിക്കുമെന്ന് കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മനോജ് ജെയിന്‍ പറഞ്ഞു.
നിലവില്‍, രാജ്യത്തെ ഏറ്റവും വലിയ 10 മെഗാവാട്ട് ലിക്വിഡ് ഹൈഡ്രജന്‍ സൗകര്യം സജ്ജീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഗെയില്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1 ജിഗാവാട്ട് റിന്യൂവബ്ള്‍ ശേഷിയാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നാല്‍ ഗ്രീന്‍ ഹൈഡ്രജനുമായി ചേര്‍ന്നുള്ള 3 ജിഗാവാട്ട് റിന്യൂവബ്ള്‍ ശേഷിയാണ് കമ്പനിയുടെ ദീര്‍ഘകാല ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാസ് വിതരണം, വിപണനം, പെട്രോകെമിക്കല്‍സ്, പൈപ്പ് ലൈനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ബിസിനസ് വിഭാഗങ്ങളിലായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 40,000 കോടി രൂപയുടെ മൂലധന ചെലവ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഡയറക്ടര്‍ (ഫിനാന്‍സ്) രാകേഷ് കുമാര്‍ ജെയിന്‍ പറഞ്ഞു. ഇതിനുവേണ്ടി 20,000 കോടി രൂപ വരെ കടമെടുക്കേണ്ടതായി വരും. ബാക്കി കമ്പനിയുടെ തന്നെ തുകയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായത്തില്‍ 112 ശതമാനം വര്‍ധനവാണ് കമ്പനി നേടിയത്. 10,364 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ അറ്റദായം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍ ട്രാന്‍സ്മിഷന്‍ ബിസിനസിനും പെട്രോകെമിക്കല്‍സിനും വേണ്ടിയുള്ള പൈപ്പ് ലൈനുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായി 7,700 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine