3 വർഷത്തിന് ശേഷം അദാനി ഒന്നാമത്: ആസ്തി 112.7 ബില്യൺ ഡോളർ, അംബാനിയെ മറികടന്നു

അംബാനിയുടെ ആസ്തിയിൽ 18.7 ബില്യൺ ഡോളറിന്റെ കുറവ്, നിലവിലെ സമ്പാദ്യം 86.3 ബില്യൺ ഡോളറായി താഴ്ന്നു
Mukesh Ambani, Gautam Adani billionaire background
image credit : canva , Reliance , Adani Groups
Published on: 

ഫോബ്‌സ് (Forbes) പുറത്തുവിട്ട 2026-ലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 വ്യക്തികളുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആസ്തിയിൽ 20.7 ബില്യൺ ഡോളറിന്റെ വർദ്ധനവുണ്ടായതോടെ ഗൗതം അദാനിയുടെയും കുടുംബത്തിന്റെയും ആസ്തി 112.7 ബില്യണ്‍ ഡോളറായി ഉയർന്നു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദാനി സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വ്യാപ്തിയും നിര്‍മ്മിത ബുദ്ധി (AI) മേഖലയിൽ നടപ്പിലാക്കുന്ന 100 ബില്യൺ ഡോളര്‍ നിക്ഷേപ പദ്ധതികളുമാണ് അദാനിയുടെ സമ്പത്ത് വർദ്ധിക്കാൻ പ്രധാന കാരണമായത്.

അംബാനിയുടെ ആസ്തിയിലുണ്ടായ ഇടിവ്

അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അംബാനിയുടെ ആസ്തിയിൽ 18.7 ബില്യൺ ഡോളറിന്റെ കുറവുണ്ടാവുകയും നിലവിലെ സമ്പാദ്യം 86.3 ബില്യൺ ഡോളറായി താഴുകയും ചെയ്തു. റീട്ടെയിൽ ബിസിനസിലെ മാർജിൻ സമ്മർദ്ദങ്ങളും റിലയൻസ് ഓഹരികളിലുണ്ടായ ഇടിവുമാണ് ഇതിന് കാരണം. എന്നാൽ, 3.8 ബില്യൺ ഡോളർ ലക്ഷ്യമിടുന്ന ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐ.പി.ഒ (Jio IPO) വരുംനാളുകളിൽ അംബാനിക്ക് വലിയൊരു തിരിച്ചുവരവിന് അവസരമൊരുക്കിയേക്കാം.

മറ്റ് പ്രമുഖരും പുതിയ ശതകോടീശ്വരന്മാരും

ഒ.പി. ജിൻഡാൾ ഗ്രൂപ്പിന്റെ സാവിത്രി ജിൻഡാൾ 39.8 ബില്യൺ ഡോളർ ആസ്തിയോടെ മൂന്നാം സ്ഥാനം നിലനിർത്തി. ആസ്തിയിൽ 74 ശതമാനം വൻ വളർച്ച രേഖപ്പെടുത്തിയ സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ (34.7 ബില്യൺ ഡോളർ) നാലാം സ്ഥാനത്തേക്ക് ഉയർന്നു. പ്രിസിഷൻ-എഞ്ചിനീയറിംഗ് സ്ഥാപനമായ ഇൻഡോ-എംഐഎമ്മിന്റെ കൃഷ്ണ ചിപ്പുകുല, കേബിൾ നിർമ്മാതാക്കളായ അപാർ ഇൻഡസ്ട്രീസിന്റെ കുശാൽ-ചൈതന്യ ദേശായി, സുരക്ഷാ, നിരീക്ഷണ ഉപകരണ നിർമ്മാതാക്കളായ ആദിത്യ ഇൻഫോടെക്കിന്റെ ആദിത്യ ഖേംക, ബാലാജി വേഫേഴ്‌സിന്റെ സ്ഥാപകരായ വിരാണി സഹോദരന്മാർ എന്നിവരാണ് ഈ വർഷം പട്ടികയിൽ പുതുതായി ഇടംപിടിച്ച നാല് ശതകോടീശ്വരന്മാർ.

ഇന്ത്യൻ ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായ വർഷമായിരുന്നിട്ടും, ഇന്ത്യയിലെ ആദ്യ 100 ശതകോടീശ്വരന്മാരുടെ ആകെ ആസ്തി 1 ട്രില്യൺ ഡോളറായി മാറ്റമില്ലാതെ തുടരുന്നു എന്നത് ശ്രദ്ധേയമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com