
അമേരിക്കയില്‍ 250 മില്യണ്‍ ഡോളറിന്റെ കൈക്കൂലി കേസില്‍ ഉള്‍പ്പെട്ട ഗൗതം അദാനിയുടെ ചൈന സന്ദര്‍ശനം എന്തിന് വേണ്ടിയായിരുന്നു? ഏഷ്യയിലെ ധനികരില്‍ രണ്ടാം സ്ഥാനത്തുള്ള ഗൗതം അദാനി, മരുമകന്‍ സാഗര്‍ അദാനിക്കൊപ്പം ചൈനയിലെ സോളാര്‍ പ്ലാന്റുകളില്‍ സന്ദര്‍ശനം നടത്തിയതാണ് ഇപ്പോള്‍ വ്യവസായ ലോകത്ത് ചര്‍ച്ചയാകുന്നത്. അമേരിക്കയിലെ കേസിനെ തുടര്‍ന്ന് അദാനി വിദേശയാത്രകള്‍ കുറച്ചിരുന്നു. ചൈന സന്ദര്‍ശനം അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും ചൈനയില്‍ അദ്ദേഹം സന്ദര്‍ശിച്ച കമ്പനി ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ പരസ്യപ്പെടുത്തുകയായിരുന്നു. അമേരിക്കന്‍ വിവാദങ്ങളില്‍ നിന്ന് മാറി, പുതിയ അന്താരാഷ്ട്ര ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള അദാനിയുടെ നീക്കമായാണ് ചൈന സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
ഗുജറാത്തിലെ റാന്‍ ഓഫ് കച്ച് മേഖലയിലെ ഖാവ്ഡയില്‍ അദാനി ഗ്രൂപ്പ് നിര്‍മിക്കുന്ന കൂറ്റന്‍ പുനരുപയോഗ ഊര്‍ജ പാര്‍ക്കുമായി ബന്ധപ്പെട്ടാണ് ഗൗതം അദാനിയുടെ ചൈന സന്ദര്‍ശനം. 538 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന പാര്‍ക്ക് പ്രധാനമായും സൗരോജവും കാറ്റില്‍ നിന്നുള്ള വൈദ്യുതിയും ഉല്‍പാദിപ്പിക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഗുജറാത്തിലെ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ പ്ലാന്റ്.
ചൈനയില്‍ അദാനി സന്ദര്‍ശിച്ച രണ്ട് പ്രധാന കമ്പനികള്‍ ഊര്‍ജ രംഗത്തെ പ്രമുഖരാണ്. ജിങ്കോ സോളാര്‍ കമ്പനിയിലെ ഓട്ടോമേറ്റഡ് സൗകര്യങ്ങളും കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനത്തില്‍ പ്രമുഖരായ ബോര്‍ഡ് ഗ്രൂപ്പിന്റെ ടര്‍ബന്‍ സാങ്കേതിക വിദ്യകളും അദ്ദേഹം പരിശോധിച്ചിരുന്നു. ഈ കമ്പനികളാണ് അദാനിയുടെ സന്ദര്‍ശനം ജൂണ്‍ നാലിന് സോഷ്യല്‍മീഡിയയിലൂടെ പരസ്യപ്പെടുത്തിയത്. അതേസമയം, വാര്‍ത്തകളോട് അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.
അദാനി ഗ്രൂപ്പിന്റെ ഗുജറാത്ത് പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനും താല്‍പര്യമുണ്ട്. 2070 നകം ഇന്ത്യയെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിനും മാനുഫാക്ചറിംഗ് രംഗത്ത് സ്വയം പര്യാപ്തമാക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ചൈനയില്‍ നിന്നുള്ള സോളാര്‍ മൊഡ്യൂളുകളുടെ പ്രധാന വിപണിയാണ് ഇന്ത്യ. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഈ മേഖലയില്‍ മെച്ചപ്പെട്ട ബന്ധം കേന്ദ്രസര്‍ക്കാരും ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി വ്യാപാര ആവശ്യങ്ങള്‍ക്കുള്ള നയതന്ത്ര ബന്ധങ്ങള്‍ ഇരുരാജ്യങ്ങളും മെച്ചപ്പെടുത്തി വരികയാണ്. നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനും വിസ അനുവദിക്കാനും അതിര്‍ത്തികളിലെ നദീജലം പങ്കുവെക്കുവാനും അടുത്തിടെ ഇന്ത്യയും ചൈനയും തീരുമാനിച്ചിരുന്നു. ടിബറ്റന്‍ സ്വയംഭരണ കേന്ദ്രങ്ങളിലേക്കുള്ള തീര്‍ത്ഥാടനത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം അനുമതി നല്‍കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടുവരുന്നതിന്റെ സൂചനയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine