വിമാനക്കമ്പനികള്‍ എന്ന് ലാഭത്തിലാവും..? ഈ വര്‍ഷം നഷ്ടം 6.9 ബില്യണിലെത്തും

2022 അവസാനിക്കുമ്പോള്‍ ആഗോളതലത്തില്‍ വിമാനക്കമ്പനികളുടെ നഷ്ടം 6.9 ബില്യണ്‍ ഡോളര്‍ ആയിരിക്കുമെന്ന് ഐഎടിഎ (International Air Transport Association). വിമാനക്കമ്പനികളുടെ ബാധ്യതാ അനുമാനം ഈ വര്‍ഷം രണ്ടാം തവണയാണ് ഐഎടിഎ പുതുക്കുന്നത്. മേഖല 9.7 ബില്യണ്‍ ഡോളര്‍ നഷ്ടത്തിലായിരിക്കും 2022 അവസാനിപ്പിക്കുക എന്നായിരുന്നു ജൂണിലെ വിലയിരുത്തല്‍. യാത്രക്കാരുടെ എണ്ണം ഉയര്‍ന്നതും ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചതും വിമാനക്കമ്പനികളുടെ നഷ്ടം കുറയ്ക്കും.

വടക്കേ അമേരിക്കയിലെ എയര്‍ലൈനുകള്‍ മാത്രമാവും ഈ വര്‍ഷം ലാഭത്തിലെത്തുക. അതേ സമയം 2023ല്‍ ആഗോള എയര്‍ലൈന്‍ ഇന്‍ഡസ്ട്രി ലാഭത്തിലേക്ക് തിരികെ വരുമെന്നും ഐഎടിഎ ചൂണ്ടിക്കാട്ടി. അടുത്ത വര്‍ഷം വിമാനക്കമ്പനികള്‍ 4.7 ബില്യണ്‍ ഡോളറിന്റെ നേരിയ അറ്റാദായം നേടുമെന്നാണ് പ്രതീക്ഷ. പക്ഷെ ആഫ്രിക്ക, ഏഷ്യ/പസഫിക്, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ കമ്പനികള്‍ നഷ്ടത്തില്‍ തന്നെ തുടരും. യൂറോപ്, മിഡില്‍ ഈസ്റ്റ് മേഖലകള്‍ ആവും 2023ല്‍ ലാഭത്തിലേക്ക് എത്തുക.

കഴിഞ്ഞ വര്‍ഷം 42 ബില്യണ്‍ ഡോളറിന്റെയും 2020ല്‍ 137.7 ബില്യണ്‍ ഡോളറിന്റെയും നഷ്ടത്തിലാണ് വിമാനക്കമ്പനികള്‍ പ്രവര്‍ത്തിച്ചത്. ഈ വര്‍ഷം കമ്പനികളുടെ ആകെ വരുമാനം 727 ബില്യണ്‍ ഡോളറായും 2023ല്‍ 779 ബില്യണ്‍ ഡോളറായും ഉയരുമെന്നാണ് വിലയിരുത്തല്‍. മുന്‍വര്‍ഷം 506 ബില്യണ്‍ ഡോളറായിരുന്നു കമ്പനികളുടെ വരുമാനം. 300 എയര്‍ലൈന്‍ കമ്പനികളാണ് ഐഎടിഎയിലുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it