ഗോ ഫസ്റ്റ് പ്രതിസന്ധി; കണ്ണൂര്‍ വിമാനത്താവളത്തിന്റെ വരുമാനത്തിന് തിരിച്ചടി

പ്രതിസന്ധിയെ തുടര്‍ന്ന് സ്വകാര്യ വിമാനക്കമ്പനിയായ ഗോ ഫസ്റ്റിന്റെ സര്‍വിസ് നിലയ്ക്കുന്നത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ വരുമാനത്തെ ബാധിക്കും. രാജ്യാന്തര വിമാനക്കമ്പനികളുടെ വിമാന സർവീസിന് അനുമതിയില്ലാത്ത കണ്ണൂരില്‍ രാജ്യാന്തര സര്‍വിസ് ഏറ്റവും കൂടുതല്‍ നടത്തുന്ന കമ്പനിയാണ് ഗോ ഫസ്റ്റ്. അതിനാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വരുമാനത്തില്‍ വലിയ ഇടിവ് ഇതുണ്ടാക്കും. അതേസമയം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് രാജ്യാന്തര വിമാനത്താവളങ്ങളുടെ വരുമാനത്തെ ഇത് നേരിട്ട് ബാധിക്കില്ല.

നഷ്ടങ്ങളേറെ

സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പ്രതിമാസം 240 ഷെഡ്യൂളോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഗോ ഫസ്റ്റിന് ഏറ്റവും കൂടുതല്‍ രാജ്യാന്തര സർവീസുള്ളത്. സര്‍വിസ് നിലച്ചാല്‍ യൂസര്‍ ഫീസ്, പാര്‍ക്കിംഗ് ചാര്‍ജ്, ലാന്‍ഡിംഗ് ചാര്‍ജ്, കാര്‍ഗോ ചാര്‍ജ് എന്നിവ വിമാനത്താവളത്തിന് നഷ്ടമാകും. സർവീസ് മുടങ്ങിയാല്‍ യാത്രക്കാരില്‍ നിന്നു ലഭിച്ചേക്കാവുന്ന വ്യോമയാനേതര വരുമാനത്തിലും ഇടിവുണ്ടാകും. യു.എസ് കമ്പനിയായ 'പ്രാറ്റ് ആന്‍ഡ് വിറ്റ്നി' നിര്‍മിച്ച എന്‍ജിനുകളിലെ തകരാര്‍ കാരണം തങ്ങളുടെ കൈവശമുള്ള 25 വിമാനങ്ങള്‍ പറത്താന്‍ കഴിയാത്ത സാഹചര്യമാണു പ്രതിസന്ധി സൃഷ്ടിച്ചതെന്ന് ഗോ ഫസ്റ്റ് കമ്പനി അധികൃതര്‍ വിശദീകരിക്കുന്നത്.

സര്‍വിസ് റദ്ദാക്കി

കണ്ണൂരില്‍ നിന്നു ദുബൈ, അബുദബി, മസ്‌കത്ത്, കുവൈത്ത്, ദമാം എന്നീ രാജ്യാന്തര സര്‍വിസുകളും മുംബൈയിലേക്കു ആഭ്യന്തര സർവീസും ഗോ ഫസ്റ്റിനുണ്ട്. ഇതില്‍ ദുബൈ, അബുദബി, മുംബൈ സെക്ടറുകളില്‍ ഗോ ഫസ്റ്റിന് പ്രതിദിന സർവീസാണുള്ളത്. മസ്‌കത്തിലേക്ക് ആഴ്ചയില്‍ നാലുദിവസവും കുവൈത്തിലേക്ക് മൂന്നുദിവസവും ദമാമിലേക്ക് രണ്ടു ദിവസവുമാണു ഗോ ഫസ്റ്റിനു കണ്ണൂരില്‍ നിന്നുള്ള സർവീസ്. എന്നാല്‍ കമ്പനി പ്രതിസന്ധിയെ തുടര്‍ന്ന് ഗോ ഫസ്റ്റ് വിമാന സർവീസ് റദ്ദാക്കിയിരിക്കുകയാണ്.

Related Articles
Next Story
Videos
Share it