

ഇറാന്‍-യുഎസ് യുദ്ധത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക ആഘാതവും വര്‍ധിച്ചുവരുന്ന എണ്ണവിലയും നേരിടുന്നതിനായി ഒരു വര്‍ഷത്തേക്ക് ഭാരതീയരോട് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പറഞ്ഞിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം കാരണം ആഗോള വിതരണ ശൃംഖല സമ്മര്‍ദ്ദത്തിലാണെന്നും അതിനാല്‍ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും ഇന്ത്യ തയ്യാറാകണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. വിദേശയാത്രകള്‍ മാറ്റിവയ്ക്കുക, വര്‍ക്ക് ഫ്രം ഹോം രീതി പിന്തുടരുക തുടങ്ങി ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മോദിയുടെ വാക്കുകളുടെ പ്രാധാന്യം മനസിലാക്കണമെങ്കില്‍ സ്വര്‍ണ ഇറക്കുമതി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്ന് അറിയണം. ഭാരതീയര്‍ക്ക് സ്വര്‍ണത്തോടുള്ള താല്പര്യം പരസ്യമായ കാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. വിവാഹ, ഉത്സവ സീസണുകളില്‍ സ്വര്‍ണം വാങ്ങല്‍ കുത്തനെ ഉയരാറുണ്ട്. ആഭ്യന്തര ആവശ്യത്തിന്റെ 90 ശതമാനത്തിലധികം നിറവേറ്റുന്നതിനായി വര്‍ഷം തോറും 700-800 ടണ്‍ സ്വര്‍ണമാണ് നമ്മള്‍ ഇറക്കുമതി ചെയ്യുന്നത്. ഇത് ഡോളര്‍ പുറത്തേക്ക് പോകുന്നതിനും രാജ്യത്തിന്റെ ഇറക്കുമതി ബില്ല് വര്‍ധിക്കുന്നതിനും കാരണമാകുന്നു. സ്വര്‍ണവില വര്‍ധിക്കുന്നതിനൊപ്പം ഇറക്കുമതി ചെലവും ഉയരുന്നത് രാജ്യത്തിന്റെ ആകെ ഇറക്കുമതി ബില്ലില്‍ വലിയ വര്‍ധനയുണ്ടാക്കുന്നു.
2025-26 വര്‍ഷത്തില്‍ സ്വര്‍ണ ഇറക്കുമതി 24 ശതമാനം വര്‍ധിച്ച് 71.98 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് നിലയിലെത്തി. 2024-25ല്‍ ഇത് 58 ബില്യണ്‍ ഡോളറായിരുന്നു. 2023-24ല്‍ 45.54 ബില്യണ്‍ ഡോളറും 2022-23ല്‍ 35 ബില്യണ്‍ ഡോളറുമായിരുന്നു സ്വര്‍ണ ഇറക്കുമതിക്കായി ഇന്ത്യ ചെലവാക്കിയത്. ഇന്ത്യയുടെ മാക്രോ ഇക്കണോമിക് സ്ഥിരതയുടെയും ഇറക്കുമതി മാനേജ്മെന്റിന്റെയും കാഴ്ചപ്പാടിലൂടെയാണ് പ്രധാനമന്ത്രി മോദിയുടെ സന്ദേശത്തെ കാണേണ്ടതെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.
രാജ്യതാല്‍പ്പര്യാര്‍ത്ഥം ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനുള്ള സ്വാഭാവികമായ ഒരു പ്രതിസന്ധി മാനേജ്മെന്റ് നടപടിയാണിതെന്ന് ഭീമ ജുവലറി ചെയര്‍മാനും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചെയര്‍മാനുമായ ഡോ. ബി ഗോവിന്ദന്‍ ധനം ഓണ്‍ലൈനിനോട് പറഞ്ഞു.
ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി വലിയ തോതില്‍ വിദേശനാണ്യം (ഡോളര്‍) ചെലവാകുന്നുണ്ട്. ഇത് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമാകുന്നു. ഈ സാഹചര്യത്തില്‍ സ്വര്‍ണ ഇറക്കുമതി കൂടി വര്‍ധിക്കുന്നത് വിദേശനാണ്യ ശേഖരത്തിന് ഇരട്ടി പ്രഹരമാകും. ഇറക്കുമതി നിയന്ത്രിക്കുന്നതിലൂടെ ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്ക് കുറയ്ക്കാനും ആഭ്യന്തര വിപണിയില്‍ ബാലന്‍സ് നിലനിര്‍ത്താനും സാധിക്കും.
ആഗോള സാഹചര്യം സാധാരണ നിലയിലായാല്‍ ഉടന്‍ തന്നെ വിപണി പഴയ പടിയാകും. അതിനാല്‍ ഉപഭോക്താക്കള്‍ പാനിക് ആകേണ്ടതില്ല. നിലവില്‍ തന്നെ വില വര്‍ധന കാരണം സ്വര്‍ണത്തിന്റെ ഉപഭോഗം അളവില്‍ കുറഞ്ഞിട്ടുണ്ട്. ഇത് ഇറക്കുമതി ബില്ലിലെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത മുന്‍നിര്‍ത്തിയുള്ള ഒരു പോസിറ്റീവ് നീക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്വര്‍ണം വാങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തുകയല്ല ചെയ്യേണ്ടത്, പകരം രാജ്യത്തെ ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണം പുനരുപയോഗത്തിന് സാധ്യമാകുന്ന രീതിയില്‍ ഗവണ്‍മെന്റ് നയപരമായ തീരുമാനം കൈക്കൊള്ളുകയാണ് വേണ്ടതെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു ബുള്ളിയന്‍ ബാങ്ക് രൂപീകരിച്ച് നിയമപരവും വ്യവസ്ഥാപിതവുമായ രീതിയില്‍ ഫലപ്രദമായി നടപ്പിലാക്കുകയാണെങ്കില്‍, അനാവശ്യമായ സ്വര്‍ണ ഇറക്കുമതി ഗണ്യമായി കുറയ്ക്കാനും വിദേശനാണ്യം ലാഭിക്കാനും ആഭരണ ആവാസവ്യവസ്ഥയിലുടനീളം ബിസിനസ് തുടര്‍ച്ചയും തൊഴിലും ഉറപ്പാക്കാനും ഇന്ത്യയ്ക്ക് കഴിയുമെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തു വന്നതോടെ സ്വര്‍ണക്കടകളില്‍ പഴയ സ്വര്‍ണം വിറ്റഴിക്കാന്‍ കൂടുതല്‍ ആളുകള്‍ എത്തുന്നതായി കച്ചവടക്കാര്‍ പറയുന്നു. വില ഇടിയും മുമ്പ് വിറ്റ് ലാഭമെടുക്കാനാണ് ആളുകള്‍ ശ്രമിക്കുന്നത്.
ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണക്കപ്പല്‍ പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം ആഴ്ചകളായി ഭാഗികമായി തടസപ്പെട്ടിരിക്കുന്നത് വിതരണക്ഷാമം നീണ്ടുനില്‍ക്കുമെന്ന ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇറാന്റെ ഏറ്റവും പുതിയ സമാധാന നിര്‍ദ്ദേശങ്ങള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചതോടെ ആഗോള എണ്ണവില ബാരലിന് 105 ഡോളറിന് മുകളിലെത്തി. ഇതോടെ ലോകമെമ്പാടും പണപ്പെരുപ്പത്തെയും ഊര്‍ജ്ജ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിച്ചു. ആണവ നിലയങ്ങള്‍ പൊളിച്ചുമാറ്റണമെന്ന യുഎസ് ആവശ്യം നിരസിച്ചുകൊണ്ട്, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ ഒരു ഭാഗം മറ്റൊരു രാജ്യത്തേക്ക് മാറ്റാനാണ് ഇറാന്‍ നിര്‍ദ്ദേശിച്ചത്.
അസംസ്‌കൃത എണ്ണയുടെ 88 ശതമാനത്തിലധികം ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ്. കഴിഞ്ഞ ആഴ്ചകളില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു. ഇതാണ് പ്രധാനമന്ത്രിയെ ഇങ്ങനെ ഒരു നീക്കത്തിന് പ്രേരിപ്പിച്ചത്.
ഉയര്‍ന്ന അസംസ്‌കൃത എണ്ണവില മൂലം ഉണ്ടായ കറന്റ് അക്കൗണ്ട് കമ്മി പരിഹരിക്കാനുള്ള മാനേജ്മെന്റ് നടപടിയാണിതെന്നും ഈ ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശം 2027 സാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ചയെ നേരിയ തോതില്‍ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാര്‍ പറഞ്ഞു.
Prime Minister Narendra Modi’s appeal to avoid gold purchases for a year amid rising crude oil prices and geopolitical tensions has triggered debate over India’s import bill and forex reserves.
Read DhanamOnline in English
Subscribe to Dhanam Magazine