
2025ന്റെ ആദ്യ പാദത്തില്‍ (ജനുവരി-മാര്‍ച്ച്) സ്വര്‍ണത്തിന്റെ ആഗോള ഡിമാന്‍ഡ് റെക്കോഡില്‍. ഇ.ടി.എഫിലേക്കുള്ള പണമൊഴുക്ക് ഉയര്‍ന്നതും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരം വര്‍ധിപ്പിച്ചതുമാണ് ഡിമാന്‍ഡ് ഉയര്‍ത്തിയത്. മുന്‍ വര്‍ഷം ഡിമാന്‍ഡില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്. അതേസമയം, വില റെക്കോഡ് ഭേദിച്ച് മുന്നേറിയതോടെ ആഭരണങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുത്തനെ താഴ്ന്നതായും മോത്തിലാല്‍ ഒസ്‌വാളിന്റെ പ്രൈവറ്റ് വെല്‍ത്ത് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ യുദ്ധ സമാന സാഹചര്യങ്ങളും യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണ അധികമാരമേറ്റതിനു ശേഷം നടപ്പാക്കിയ പകരച്ചുങ്കവും ഡോളറിന്റെ വീഴ്ചയുമെല്ലാം സ്വര്‍ണ വിലയെ ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലത്തിച്ചിരുന്നു.
ജനുവരി- മാര്‍ച്ചില്‍ രാജ്യാന്തര സ്വര്‍ണ വില 19 ശതമാനത്തോളമാണ് വര്‍ധിച്ചത്. ഈ വര്‍ഷം ഇതുവരെ 25 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. ഔണ്‍സിന് 3,500 ഡേളറാണ് സ്വര്‍ണത്തിന്റെ റെക്കോഡ് വില.
സ്വര്‍ണത്തിന്റെ മൊത്തം വിതരണം ആദ്യപാദത്തില്‍ മിതമായി മാത്രമാണ് ഉയര്‍ന്നതെങ്കിലും വില കുതിച്ചുയര്‍ന്നതുമൂലം മൊത്തം വിപണി മൂല്യത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി.
നിക്ഷേപത്തിനുള്ള ഡിമാന്‍ഡ് 170 ശതമാനമാണ് ഉയര്‍ന്നത്. യൂറോപ്പ്, ഏഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ ഗോള്‍ഡ് ഇടിഎഫിലേക്ക് നിക്ഷേപം ഒഴുകിയതാണ് ഇതിന് സഹായമായത്. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് തുടര്‍ന്നത് കരുതല്‍ ശേഖരം എന്നി നിലയിലുള്ള സ്വര്‍ണത്തിന്റെ സ്ഥാനം ഉയര്‍ത്തി. മൊത്തം 244 ടണ്‍ സ്വര്‍ണമാണ് കേന്ദ്ര ബാങ്കുകള്‍ കഴിഞ്ഞ പാദത്തില്‍ കൂട്ടിച്ചേര്‍ത്തത്. മൊത്തം ശേഖരം ഇതോടെ 3,445 ടണ്‍ ആയി.
റിസര്‍വ് ബാങ്ക് മാര്‍ച്ചില്‍ സ്വര്‍ണം വാങ്ങുന്നത് പരിമിതപ്പെടുത്തിയിട്ടുണ്ട്. വെറും 0.6 ടണ്‍ ആണ് മാര്‍ച്ചില്‍ വാങ്ങിയത്. മൊത്തം സ്വര്‍ണം ശേഖരം ഇതോടെ 879.6 ടണ്‍ എത്തി. ഇന്ത്യയുടെ മൊത്തം വിദേശ കരുതല്‍ ശേഖരത്തിന്റെ 11.7 ശതമാനം വരുമിത്.
ആഭരണ ഡിമാന്‍ഡില്‍ ഒന്നാംപാദത്തില്‍ 25 ശതമാനത്തോളം കുറവ് രേഖപ്പെടുത്തി. 2020 ന്റെ മൂന്നാം പാദത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ഡിമാന്‍ഡാണിത്. ഉയര്‍ന്ന വിലയാണ് ആഭരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിച്ചത്. വാങ്ങുന്നതിന്റെ അളവ് കുറഞ്ഞെങ്കിലും മൂല്യം മുന്‍വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം ഉയര്‍ന്നു. ആഭരണത്തേക്കാളുപരി നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നവരുടെ എണ്ണം കൂടിയെന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യക്കാരുടെ ഇ.ടി.എഫ് നിക്ഷേപം 11 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്.
2025ന്റെ ആദ്യ മുന്ന് മാസങ്ങള്‍ സ്വര്‍ണ വിപണിയെ സംബന്ധിച്ച് വലിയ മാറ്റങ്ങളുടേതായിരുന്നു. വില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിയതും വിവിധ മേഖലകളിലെ ഡിമാന്‍ഡില്‍ ശ്രദ്ധേയമായ മാറ്റവും സംഭിച്ചു.
സ്വര്‍ണത്തിന്റെ സപ്ലൈ ഒരു ശതമാനം വര്‍ധിച്ച് 1,206 ടണ്‍ ആയി. 2016ന്റെ ആദ്യ പാദത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിതരണമാണിത്. ഇതോടെ വിപണി മൂല്യത്തില്‍ ഒരു വര്‍ഷം കൊണ്ട് 40 ശതമാനം വളര്‍ച്ചയുമുണ്ടായി.
Read DhanamOnline in English
Subscribe to Dhanam Magazine