

രാജ്യത്തെ നവംബറിലെ വ്യാപാര കമ്മി സംബന്ധിച്ച് പുതിയ കണക്ക് പുറത്തു വിട്ട് കേന്ദ്രം. നേരത്തെ പുറത്തു വിട്ട കണക്ക് പ്രകാരം 3780 കോടി ഡോളറായിരുന്നു (3.24 ലക്ഷം കോടി രൂപ) വ്യാപാരകമ്മി. ഇത് 32.8 ഡോളറായാണ് (2.81 ലക്ഷം കോടി രൂപ) ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. സ്വര്‍ണം ഇറക്കുമതി കണക്ക് രേഖപ്പെടുത്തിയതില്‍ വന്ന തെറ്റാണ് വ്യാപാര കമ്മിയില്‍ വ്യത്യാസമുണ്ടാക്കിയത്.
വാണിജ്യമന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്‌സ്യല്‍ ഇന്റലിജന്റ്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സാണ് (DGCIS) ഇന്നലെയാണ് നവംബറിലെ സ്വര്‍ണ ഇറക്കുമതി 9.8 ബില്യണ്‍ ഡോളറിന്റേതാണെന്നും 14.8 ബില്യണ്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയതാണെന്നും വെളിപ്പെടുത്തിയത്.
ജൂലൈയില്‍ സ്വര്‍ണ ഇറക്കുമതി തീരുവ കുറച്ചതിനുശേഷം റിപ്പോര്‍ട്ടിംഗ് സംവിധാനത്തിലുണ്ടായ മാറ്റമാണ് സ്വര്‍ണ ഇറക്കുമതിയില്‍ 5 ബില്യണ്‍ ഡോളറിന്റെ ഇരട്ടിപ്പ് വരാന്‍ ഇടയാക്കിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസിന്റെ കണക്കുകളുമായി ഒത്തുനോക്കിയാണ് ഡി.ജി.സി.ഐ.എസ് ഈ പൊരുത്തക്കേട് കണ്ടെത്തിയത്. പുതിയ കണക്കുകള്‍ ഇനിയും വാണിജ്യമന്ത്രാലയം പുറത്തു വിട്ടിട്ടില്ല.
സ്വര്‍ണ ഇറക്കുമതിയില്‍ 331 ശതമാനത്തിന്റെ റെക്കോഡ് വര്‍ധനയുണ്ടെന്നായിരുന്നു നവംബറിലെ വ്യാപാര കണക്കുകള്‍ കാണിച്ചത്. നവംബറിലെ മൊത്തം ഇറക്കുമതിയുടെ 21 ശതമാനം സ്വര്‍ണമായിരുന്നു. ഇതനുസരിച്ച് 1.27 ലക്ഷം കോടി രൂപയുടെ (1,480 കോടി ഡോളര്‍) സ്വര്‍ണം ഇറക്കുമതിയാണ് നടന്നത്. ഇത്രയും വര്‍ധനയുണ്ടായതില്‍ സംശയം പ്രകടിപ്പിച്ചതാണ് പൊരുത്തക്കേട് കണ്ടെത്താന്‍ വഴിതെളിച്ചത്.
പുതുക്കിയ കണക്കനുസരിച്ച് നവംബറിലെ സ്വര്‍ണ ഇറക്കുമതി മൂല്യം 980 കോടി ഡോളറാണ് (ഏകദേശം 84,000 കോടി രൂപ). ഇതനുസരിച്ച് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ട് പാദത്തില്‍ 4400 കോടി ഡോളറിന്റെ (3.77 ലക്ഷം കോടി രൂപ) സ്വര്‍ണ ഇറക്കുമതിയാണ് നടത്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡ്, യു.എ.ഇ, പെറു എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine