Begin typing your search above and press return to search.
പോയവര്‍ഷം സ്വര്‍ണം ഇറക്കുമതി കുറഞ്ഞു
സ്വര്‍ണവില റെക്കോഡ് കുതിപ്പ് തുടങ്ങിയതോടെ ഉപയോക്താക്കളില്‍ നിന്നും ജുവലറിക്കാരില്‍ നിന്നുമുള്ള ഡിമാന്‍ഡ് കുത്തനെ താഴുന്നു. ഉപയോക്താക്കള്‍ വാങ്ങല്‍ പരിമിതപ്പെടുത്തിയതോടെ ആഭരണ നിര്‍മ്മാതാക്കളും വിതരണക്കാരും ഇറക്കുമതി വന്‍തോതില്‍ കുറച്ചു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) ഏപ്രില്‍-ഫെബ്രുവരിയില്‍ ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതി 30 ശതമാനം കുറഞ്ഞ് 3,180 കോടി ഡോളറിലെത്തിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. 2021-22ലെ സമാനകാലത്ത് ഇറക്കുമതി 4,520 കോടി ഡോളറിന്റേതായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ സ്വര്‍ണം ഇറക്കുമതി തുടര്‍ച്ചയായി ഇടിയുകയാണ്.
വലയ്ക്കുന്ന വിലക്കയറ്റം
ഒരുവര്‍ഷം മുമ്പ് രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 1,626 ഡോളറായിരുന്നു. ഉയര്‍ന്ന പണപ്പെരുപ്പം, തുടര്‍ച്ചയായുള്ള പലിശനിരക്ക് വര്‍ദ്ധന, അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്കിംഗ് പ്രതിസന്ധി, ഡോളറിന്റെ മുന്നേറ്റം, ഓഹരികളുടെ തളര്‍ച്ച തുടങ്ങിയ പ്രതിസന്ധികളെ തുടര്‍ന്ന് സ്വര്‍ണത്തിലേക്ക് ആഗോളതലത്തില്‍ നിക്ഷേപം ഒഴുകിയപ്പോള്‍ പിന്നീട് വില കുതിച്ചുയര്‍ന്നു. കഴിഞ്ഞയാഴ്ച വില 2,021 ഡോളര്‍ വരെയുമെത്തി.
ഇത് ആഭ്യന്തര വിപണിയില്‍ വില റെക്കോഡ് ഉയരത്തിലെത്താന്‍ ഇടയാക്കിയതോടെ ഡിമാന്‍ഡ് താഴുകയായിരുന്നു. കേരളത്തില്‍ പവന്‍വില 2022ന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്നത് കഴിഞ്ഞവാരം എക്കാലത്തെയും ഉയരമായ 45,000 രൂപയിലെത്തിയിരുന്നു. സ്വര്‍ണത്തിന് ഇന്ത്യ ചുമത്തുന്ന കനത്ത നികുതിയും (15% ഇറക്കുമതിച്ചുങ്കം, 3% ജി.എസ്.ടി) ഇറക്കുമതിയെ ബാധിക്കുന്നുണ്ട്.
ഇന്ത്യയുടെ പെരുമ
ലോകത്ത് ഏറ്റവുമധികം സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തില്‍ ചൈനയ്ക്ക് പിന്നിലായി രണ്ടാംസ്ഥാനത്തും ഇന്ത്യയുണ്ട്. ശരാശരി 800-900 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത്. 2022-23ലെ ഇറക്കുമതി 650 ടണ്ണോളമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
Next Story
Videos