

രാജ്യത്ത് സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചുള്ള വായ്പകള്‍ക്ക് സ്വീകാര്യതയേറിയെന്ന് കണക്കുകള്‍. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയ കണക്കുകള്‍ സ്വര്‍ണവിലയ്ക്കൊപ്പം സ്വര്‍ണപണയവും കുതിച്ചു കയറിയെന്ന് അടിവരയിടുന്നതാണ്. 2024 മെയ് വരെയുള്ള കണക്കനുസരിച്ച് 1,16,777 കോടി രൂപയുടെ സ്വര്‍ണപ്പണയമായിരുന്നു രേഖപ്പെടുത്തിയിരുന്നതെങ്കില്‍ ഈ വര്‍ഷം മെയ് വരെ ഇത് 2,51,369 കോടി രൂപയായി ഉയര്‍ന്നുവെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി സഭയെ അറിയിച്ചു. ഒരു വര്‍ഷം കൊണ്ട് വായ്പകളിലുണ്ടായിരിക്കുന്നത് ഇരട്ടി വര്‍ധന.
മറ്റ് തരത്തിലുള്ള സുരക്ഷിത വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വര്‍ണ വായ്പകള്‍ ഈടിന് അനുസൃതമായി മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണ വായ്പകളിലേക്ക് തിരിയുന്നുവെന്നാണ് ധനകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.
അടുത്തിടെ റിസര്‍വ് ബാങ്ക് സ്വര്‍ണ വായ്പകളുടെ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചതും കുതിച്ചുകയറ്റത്തിന് കാരണമായി പറയുന്നു. രണ്ടര ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് സ്വര്‍ണത്തിന്റെ 85 ശതമാനം വരെ വായ്പയായി നല്‍കാന്‍ അനുമതിയുണ്ട്. രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ളവയ്ക്ക് സ്വര്‍ണത്തിന്റെ 80 ശതമാനം വരെയും അഞ്ച് ലക്ഷത്തിനു മുകളില്‍ 75 ശതമാനം വരെയുമാണിത്.
സഹകരണ ബാങ്കുകള്‍ക്കും പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്കും 4 ലക്ഷത്തിന് മുകളില്‍ ബുള്ളറ്റ് തിരിച്ചടവ് വായ്പകള്‍ (മുതലും പലിശയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അടയ്ക്കുന്ന വായ്പകള്‍) അനുവദിക്കാനാകും.
ഇതിനൊപ്പം സുരക്ഷിതമല്ലാത്ത വായ്പാ രീതികള്‍ അവസാനിപ്പിക്കുന്നതിന് ആര്‍.ബി.ഐ ചില പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇതനുസരിച്ച് ഈടായി സൂക്ഷിക്കുന്ന സ്വര്‍ണം ആരുടേതാണെന്ന് വ്യക്തമല്ലെങ്കില്‍ സ്വര്‍ണ വായ്പ നല്‍കാന്‍ കഴിയില്ല. മാത്രമല്ല പണയമായി നല്‍കിയ സ്വര്‍ണമോ വെള്ളിയോ വീണ്ടും ഉപയോഗിക്കുന്നതില്‍ നിന്ന് വായ്പാസ്ഥാപനങ്ങളെ വിലക്കിയിട്ടുമുണ്ട്.
കൂടാതെ കടം വാങ്ങുന്നയാള്‍ ഔദ്യോഗികമായി ആവശ്യപ്പെടുകയും ചില നിബന്ധനകള്‍ പാലിക്കുകയും ചെയ്താല്‍ മാത്രമേ കടം കൊടുക്കുന്നവര്‍ക്ക് സ്വര്‍ണ വായ്പ പുതുക്കാന്‍ കഴിയൂ.
അതേപോലെ ബുള്ളറ്റ് തിരിച്ചടവ് നടത്തുന്ന വായ്പകളില്‍ (പൂര്‍ണ്ണ തിരിച്ചടവ് അവസാനം നടക്കുന്നിടത്ത്), കടം വാങ്ങുന്നയാള്‍ പലിശ അടച്ചതിനുശേഷം മാത്രമേ വായ്പ പുതുക്കാന്‍ കഴിയൂ. ഇത്തരത്തില്‍ വായ്പാ മാനദണ്ഡങ്ങളില്‍ കൊണ്ടു വന്ന മാറ്റങ്ങള്‍ സ്വര്‍ണ വായ്പയ്ക്ക് ഗുണകരമായെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു.
ജൂണില്‍, മൊത്തത്തിലുള്ള ചില്ലറ പണപ്പെരുപ്പം 2.1 ശതമാനമാനയി കുറഞ്ഞിരുന്നു, ഏകദേശം 6 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. എന്നാല്‍, കോര്‍ പണപ്പെരുപ്പം (ഭക്ഷണവും ഇന്ധനവും ഒഴികെ) 4.6 ശതമാനമായി ഉയര്‍ന്നു, ഇത് 21 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. സ്വര്‍ണത്തിന്റെയും മറ്റ് വിലയേറിയ ലോഹങ്ങളുടെയും വിലയിലെ വര്‍ധനയാണ് ഇതിനു പ്രധാനമായും കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
2024 ജൂലൈ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ കോർ പണപ്പെരുപ്പത്തിലെ പ്രതിമാസ സംഭാവനയുടെ ഏകദേശം 20ശതമാനവും സ്വര്‍ണമാണെന്ന് ധനകാര്യ മന്ത്രാലയം വെളിപ്പെടുത്തി.
Gold-backed loans in India have surged to ₹2.51 lakh crore. New LTV rules favour small borrowers, while RBI tightens rules to curb informal lending. Gold also fuels core inflation.
Read DhanamOnline in English
Subscribe to Dhanam Magazine