

സ്വര്‍ണ നിക്ഷേപകര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കുന്ന പ്രവചനവുമായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (WGC). രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍, അധികം താമസിയാതെ 10 ഗ്രാം സ്വര്‍ണത്തിന് 1.9 ലക്ഷം രൂപ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയേക്കാമെന്ന് ഡബ്ല്യു.ജി.സി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് ടെയ്റ്റ് വ്യക്തമാക്കി.
വര്‍ഷങ്ങളായുള്ള സ്വര്‍ണവിലയിലെ കുതിപ്പ് ഉടനെയൊന്നും അവസാനിക്കില്ലെന്നും പുതുവര്‍ഷത്തിലും തുടുരുമെന്നുമുള്ള സൂചനയാണ് ടെയ്റ്റ് നല്‍കുന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 6,000 ഡോളറിലേക്ക് (ഏകദേശം 5,41,920 രൂപ) എത്തിയേക്കാമെന്നും അങ്ങനെ വന്നാല്‍ ഇന്ത്യയില്‍ 10 ഗ്രാം സ്വര്‍ണത്തിന് 1.90 ലക്ഷം രൂപ എന്ന നിരക്കിലേക്ക് ഉയരുമെന്നും അദ്ദേഹം പറയുന്നു. ഒരു ഔണ്‍സ് എന്നാല്‍ 31.01 ഗ്രാം സ്വര്‍ണത്തിന് തുല്യമാണ്.
നിലവിലെ സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഔണ്‍സിന് 6,000 ഡോളര്‍ എന്നത് വളരെ അടുത്താണെന്നാണ് ടെയ്റ്റ് ചൂണ്ടിക്കാട്ടുന്നത്. ബുധനാഴ്ച സ്വര്‍ണം ഔണ്‍സിന് 4,321 ഡോളറിലാണ് വ്യാപാരം നടന്നത്. ഇതുപ്രകാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ധനയാണ് സ്വര്‍ണത്തിലുണ്ടായിരിക്കുന്നത്.
ചൈനീസ് വിപണിയിലെ സ്വര്‍ണ വ്യാപാരവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ വരാനിരിക്കുന്ന ഇളവുകള്‍ ആഗോള ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്ന് ടെയ്റ്റ് ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താക്കളില്‍ ഒന്നാണ് ചൈന. അവിടെ സ്വര്‍ണ വ്യാപാരത്തിലും ഇറക്കുമതിയിലും നിലവിലുള്ള കടുപ്പമേറിയ നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ചൈനീസ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും മറ്റ് വലിയ ധനകാര്യ സ്ഥാപനങ്ങള്‍ക്കും സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ അനുമതി ലഭിക്കുന്നത് ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വന്‍തോതില്‍ വര്‍ധിപ്പിക്കും.
അതുപോലെ ജപ്പാനിലെ തലമുറകള്‍ കൈമാറി വരുന്ന സമ്പത്ത് സ്വര്‍ണ നിക്ഷേപങ്ങളിലേക്ക് വന്‍തോതില്‍ ഒഴുകുന്നതും വില വര്‍ധനവിന് കാരണമാകുന്നു. ജപ്പാനിലെ മുതിര്‍ന്ന തലമുറയുടെ പക്കല്‍ ഏകദേശം 5 ട്രില്യണ്‍ ഡോളറിലധികം സമ്പാദ്യമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സമ്പത്ത് പുതിയ തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ (Inheritance), അവര്‍ പരമ്പരാഗത നിക്ഷേപങ്ങളേക്കാള്‍ സ്വര്‍ണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഈ ഭീമമായ തുക സ്വര്‍ണ വിപണിയിലേക്ക് ഒഴുകുന്നത് വില ഉയരാന്‍ കാരണമാകും.
ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് (ETF) നിക്ഷേപകര്‍ വന്‍തോതില്‍ ആകൃഷ്ടരാകുന്നതും വിപണിയിലെ ഡിമാന്‍ഡ് ഉയര്‍ത്തുന്നു. നേരിട്ട് സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതിന് പകരം, ഓഹരി വിപണി വഴി സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന രീതിയാണ് ഗോള്‍ഡ് ഇ.ടി.എഫ്. ഇത്തരം ഡിജിറ്റല്‍ രൂപത്തില്‍ സ്വര്‍ണം വാങ്ങുന്നത് എളുപ്പമായതോടെ പുതിയ നിക്ഷേപകര്‍ വന്‍തോതില്‍ ഈ രംഗത്തേക്ക് വരുന്നുണ്ട്. ഇത് ആഗോള സ്വര്‍ണ വിപണിക്ക് വലിയ കരുത്ത് നല്‍കുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണവിലയില്‍ ഏകദേശം 60 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വെറുമൊരു താത്കാലിക വര്‍ധനവല്ലെന്നും 2026 വരെ ഈ കുതിപ്പ് തുടരുമെന്നുമാണ് ഡേവിഡ് ടെയ്റ്റ് സൂചിപ്പിക്കുന്നത്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് ആഗോളതലത്തില്‍ വര്‍ധിച്ചു വരികയാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും കറന്‍സി മൂല്യത്തിലെ ചാഞ്ചാട്ടങ്ങളും നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു. വില കുതിച്ചുയരുന്നത് ആഭരണ വിപണിയെ ബാധിച്ചേക്കാമെങ്കിലും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഇത് മികച്ച അവസരമാണെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine