ആടിയുലഞ്ഞ് സ്വര്‍ണം, പവന്‍ വില ഈ മാസത്തെ ഏറ്റവും ഉയരത്തില്‍

രണ്ടുദിവസത്തെ ഇറക്കത്തിന് ബ്രേക്കിട്ട് വീണ്ടും കുതിച്ചുകയറി സ്വര്‍ണവില. സംസ്ഥാനത്ത് പവന്‍ വില ഇന്ന് 400 രൂപ ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയരമായ 44,360 രൂപയിലെത്തി. 50 രൂപ വര്‍ധിച്ച് 5,545 രൂപയാണ് ഗ്രാം വില.

18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് ഇന്ന് 45 രൂപ കൂടി വില 4,603 രൂപയായി. സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് വില 78 രൂപയിലെത്തി. ഹോള്‍മാര്‍ക്ക്ഡ് വെള്ളി വില 103 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
എന്തുകൊണ്ട് വില കൂടുന്നു?
ഇസ്രായേല്‍-ഹമാസ് യുദ്ധം കൂടുതല്‍ വഷളാകുന്നതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കുന്നത്. ഇസ്രായേലിനും ഹമാസിനും അനുകൂലമായി ലോക രാജ്യങ്ങള്‍ വേര്‍തിരിയുന്നത് ആഗോള ഓഹരി-കടപ്പത്ര വിപണികളെ വലയ്ക്കുകയാണ്. നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്നോണം നിക്ഷേപം സ്വര്‍ണത്തിലേക്ക് മാറ്റുന്നതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം.
കഴിഞ്ഞവാരം ഔണ്‍സിന് 1,919 ഡോളറായിരുന്ന രാജ്യാന്തര വില പിന്നീട് 1,942 ഡോളര്‍ വരെ കൂടുകയും 1,920 ഡോളറിലേക്ക് കുറയുകയും ചെയ്തതാണ് കേരളത്തിലും കഴിഞ്ഞദിവസങ്ങളില്‍ വിലക്കുറവ് സൃഷ്ടിച്ചത്. എന്നാല്‍, രാജ്യാന്തര വില നിലവില്‍ 1,936 ഡോളറിലേക്ക് തിരിച്ചുകയറിയത് വീണ്ടും വില വര്‍ധനയ്ക്ക് വഴിയൊരുക്കി.
കൊടുക്കണം 4,000 അധികം
44,360 രൂപയാണ് നിലവില്‍ ഒരു പവന് വില. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുക മതിയാകില്ല. ഈ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ് എന്നിവയും ചേരുമ്പോള്‍ 48,500-49,000 രൂപ കൊടുത്താലേ ഒരുപവന്‍ ആഭരണം വാങ്ങാനാകൂ. ഗ്രാമിന് 500-600 രൂപയും അധികം കൈയില്‍ കരുതണം.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it