സ്വര്‍ണവും വെള്ളിയും സമ്മര്‍ദ്ദത്തില്‍, ഇനി നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആഗോള വിപണിയില്‍ ഇടിവ് തുടര്‍ന്ന് ഔണ്‍സിന് 4,142 ഡോളറിലെത്തി സ്വര്‍ണം; യുഎസ് ബോണ്ട് യീല്‍ഡും വിലയെ സ്വാധീനിക്കുന്നു
Gold and Silver ETFs
Image courtesy: Canva
Published on: 

അന്താരാഷ്ട്ര വിപണിയില്‍ ബോണ്ട് യീല്‍ഡ് വര്‍ധിച്ചതും യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിച്ചതും സ്വര്‍ണം, വെള്ളി വിലകളില്‍ വീണ്ടും സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. ആഗോള വിപണിയില്‍ കോമെക്‌സ് (COMEX) സ്വര്‍ണ വില ഔണ്‍സിന് 0.31 ശതമാനം ഇടിഞ്ഞ് 4,142 ഡോളറിലെത്തി. വെള്ളി വില 0.92 ശതമാനം കുറഞ്ഞ് ഔണ്‍സിന് 60.78 ഡോളറിലേക്ക് താഴ്ന്നു.

ആഭ്യന്തര വിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടായിട്ടുണ്ട്. ഇന്ന്‌ രാജ്യത്ത് 10 ഗ്രാം സ്വര്‍ണത്തിന് 719 രൂപയുടെ ഇടിവുണ്ടായി 1.49 ലക്ഷം രൂപയിലെത്തിയിരുന്നു. വെള്ളി കിലോഗ്രാമിന് 0.81 ശതമാനം ഇടിഞ്ഞ്‌ 2.25 ലക്ഷം രൂപ എന്ന നിരക്കിലെത്തി.

എന്തുകൊണ്ടാണ് സ്വര്‍ണവും വെള്ളിയും സമ്മര്‍ദത്തിലാകുന്നത്?

യുഎസ് ഡോളര്‍ ശക്തമായതും യുഎസ് ട്രഷറി യീല്‍ഡ് ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതുമാണ് വിലയിലെ തിരിച്ചടിക്ക് പ്രധാന കാരണം. പലിശയോ നിശ്ചിത വരുമാനമോ നല്‍കാത്ത നിക്ഷേപ മാര്‍ഗമായതിനാല്‍, ബോണ്ട് യീല്‍ഡ് ഉയരുമ്പോള്‍ സ്വര്‍ണത്തോടുള്ള താല്പര്യം നിക്ഷേപകരില്‍ കുറയുന്നത് സ്വാഭാവികമാണ്. കൂടാതെ ഡോളര്‍ ശക്തമാകുമ്പോള്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് അത് ചെലവേറിയതാകുകയും ചെയ്യുന്നു.

അതേസമയം, പ്രതീക്ഷിച്ചതിലും മന്ദഗതിയിലുള്ള യുഎസ് സെപ്റ്റംബര്‍ തൊഴില്‍ കണക്കുകള്‍ ഫെഡറല്‍ റിസര്‍വ് ഒക്ടോബറില്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത കുറച്ചതോടെ സ്വര്‍ണത്തിന് നേരിയ താങ്ങായിട്ടുണ്ട്.

നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട പ്രധാന ലെവലുകള്‍

ടെക്‌നിക്കല്‍ ചാര്‍ട്ടില്‍ ഹെഡ്-ആന്‍ഡ്-ഷോള്‍ഡേഴ്‌സ് നെക്ലൈന്‍ ഭേദിച്ച വെള്ളി വില നിലവില്‍ ഔണ്‍സിന് 60 ഡോളര്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കഴിഞ്ഞു. ഇനി അടുത്തതായി ശ്രദ്ധിക്കേണ്ട പ്രതിരോധ നിലവാരം ഔണ്‍സിന് 57 ഡോളറാണെന്ന് പ്രമുഖ വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

സ്വര്‍ണത്തെ സംബന്ധിച്ച് ഔണ്‍സിന് 4,100 ഡോളര്‍ എന്ന നിലവാരം (ആഭ്യന്തര വിപണിയില്‍ 10 ഗ്രാമിന് ഏകദേശം 1.48 ലക്ഷം രൂപ) നിര്‍ണായകമാണ്. വില ഈ നിലവാരത്തിന് താഴേക്ക് പോയാല്‍ അടുത്ത ഘട്ടത്തില്‍ 4,000 ഡോളറിലേക്കും (10 ഗ്രാമിന് 1.44 ലക്ഷം രൂപ) ഇടിയാന്‍ സാധ്യതയുണ്ട്.

ശ്രദ്ധിക്കുക, ഇവ ടെക്‌നിക്കല്‍ ലെവലുകള്‍ മാത്രമാണ്. പ്രാദേശിക വിപണിയിലെ റീറ്റൈയ്ല്‍ വിലയെ രൂപ-ഡോളര്‍ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, പ്രാദേശിക നികുതികള്‍, ഡിമാന്‍ഡ് എന്നിവയും സ്വാധീനിക്കും.

ഇനി വിപണിയെ ചലിപ്പിക്കുന്ന ഘടകങ്ങള്‍

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നയങ്ങള്‍, ഡോളര്‍ നിരക്ക്, ട്രഷറി യീല്‍ഡ് എന്നിവയ്‌ക്കൊപ്പം പശ്ചിമേഷ്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളും വരും ദിവസങ്ങളില്‍ സ്വര്‍ണ വിലയെ സ്വാധീനിക്കും. പശ്ചിമേഷ്യയിലെ അസ്വസ്ഥതകള്‍ ക്രൂഡ് ഓയില്‍ വിലയെയും പണപ്പെരുപ്പത്തെയും ബാധിക്കുമെന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രതയിലാണ്.

കേരളമടക്കമുള്ള ആഭ്യന്തര വിപണിയില്‍ നിലവില്‍ സ്വര്‍ണത്തിന്റെ് റീറ്റെയ്ല്‍ ഡിമാന്‍ഡ് മന്ദഗതിയിലാണ്. പൊതുവേ ഈ മാസത്തില്‍ ആളുകള്‍ പരമ്പരാഗതമായി പുതിയ സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് പ്രാദേശിക വിപണിയിലെ മന്ദതയ്ക്ക് പ്രധാന കാരണമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

International gold and silver prices face downside pressure as rising US dollar and Treasury yields offset the impact of cooler US jobs data.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com