ഉപഭോക്തൃരഹസ്യം എത്തിനോക്കി ഗൂഗിള്‍; ₹42,000 കോടി കൊടുത്ത് കേസ് ഒത്തുതീര്‍ക്കാന്‍ നീക്കം

ഇന്‍കൊഗ്നിറ്റൊ മോഡില്‍ (രഹസ്യ മോഡ് ഫീച്ചർ) സ്വകാര്യമായി വിവരങ്ങള്‍ തിരഞ്ഞവരെ ഗൂഗിള്‍ രഹസ്യമായി നിരീക്ഷിച്ചതായി പരാതി. ഇത്തരത്തില്‍ എണ്ണമറ്റ വ്യക്തികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് രഹസ്യമായി നിരീക്ഷിച്ചുവെന്നാണ് കേസ്.

പ്രശ്‌നം വഷളായതോടെ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മതിച്ചിരിക്കുകയാണ് ഗൂഗിള്‍. 500 കോടി ഡോളറില്‍ (42,000 കോടി രൂപ) കുറയാത്ത നഷ്ടപരിഹാരമാണ് പരാതിക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

കേസ് ഇങ്ങനെ

2020ലാണ് കേസ് ആരംഭിച്ചത്. നിയമ സ്ഥാപനമായ ബോയ്‌സ് ഷില്ലര്‍ ഫ്‌ലെക്സ്നറാണ് കേസ് ഫയല്‍ ചെയ്തത്. 2016 ജൂണ്‍ ഒന്ന് മുതലുള്ള വിവരങ്ങള്‍ ചോര്‍ത്തിയതായാണ് പരാതി.

2023 ഓഗസ്റ്റില്‍ കാലിഫോര്‍ണിയയിലെ ജില്ലാ കോടതി ജഡ്ജി ഇവോന്‍ ഗോണ്‍സാലസ് റോജേഴ്സ് കേസ് തള്ളാനുള്ള ഗൂഗിളിന്റെ അഭ്യർത്ഥന നിരസിച്ചിരുന്നു. തുടര്‍ന്ന് നടന്ന ഈ കേസില്‍ 2024 ഫെബ്രുവരി 5ന് വിചാരണ തീരുമാനിച്ചിരിക്കേയാണ് ഗൂഗിള്‍ ഒത്തുതീര്‍പ്പിന് തയ്യാറായത്. ഫെബ്രുവരി 24നകം അന്തിമ ഒത്തുതീര്‍പ്പ് ഉടമ്പടി കോടതിയില്‍ ഹാജരാക്കിയേക്കും.



Related Articles
Next Story
Videos
Share it