Begin typing your search above and press return to search.
നെറ്റ് സീറോയിലേക്ക് ഒരു ചുവടു കൂടി അടുത്ത് ഇന്ത്യ, രാജസ്ഥാനില്‍ നാല് ആണവ നിലയങ്ങൾക്ക് കേന്ദ്ര അംഗീകാരം
700 മെഗാവാട്ട് ശേഷിയുള്ള നാല് ആണവ നിലയങ്ങൾ നിർമ്മിക്കാൻ എൻ.പി.സി.ഐ.എല്ലും എൻ.ടി.പി.സിയും ചേർന്നുള്ള സംയുക്ത സംരംഭത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. രാജസ്ഥാനിലെ മഹി ബൻസ്‌വാരയിലാണ് ആണവ നിലയങ്ങള്‍ വരുന്നത്.
'അണുശക്തി വിദ്യുത് നിഗം ലിമിറ്റഡ്' (അശ്വിനി) എന്ന പേരിലാണ് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിഡും (എൻ.പി.സി.ഐ.എൽ) നാഷണൽ തെർമൽ പവർ കോർപ്പറേഷനും (എൻ.ടി.പി.സി) സംയുക്ത സംരംഭം ആരംഭിക്കുന്നത്.
പദ്ധതിയുടെ ചെലവ് 44,800 കോടി രൂപ
കേന്ദ്ര ആണവോർജ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ, നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി ഇന്ത്യയിൽ ആണവ നിലയങ്ങൾ നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും അശ്വിനിക്ക് അധികാരം ലഭിച്ചതായി എൻ.പി.സി.ഐ.എൽ അറിയിച്ചു.
എൻ.പി.സി.ഐ.എല്ലിന്റെ അനുബന്ധ സ്ഥാപനം എന്ന നിലയ്ക്ക് ആയിരിക്കും അശ്വിനി പ്രവര്‍ത്തിക്കുക. എൻ.പി.സി.ഐ.എല്ലിന് അശ്വിനിയില്‍ 51 ശതമാനം ഓഹരിയുണ്ടാകും.
തദ്ദേശീയമായി വികസിപ്പിച്ച പ്രഷറൈസ്ഡ് ഹെവി-വാട്ടർ റിയാക്ടർ (പി.എച്ച്.ഡബ്ല്യു.ആർ) സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന റിയാക്ടറുകളുടെ ആകെ ശേഷി 2800 മെഗാവാട്ട് ആയിരിക്കും. ഏകദേശം 44,800 കോടി രൂപ ചെലവാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ആണവോർജ പദ്ധതികള്‍ ആരംഭിക്കാന്‍ അശ്വിനിക്ക് പദ്ധതികളുണ്ട്.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക ലക്ഷ്യം
2070 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായി കുറച്ച് നെറ്റ് സീറോയില്‍ എത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി ആണവോർജ ശേഷി അതിവേഗം വിപുലീകരിക്കുന്നതിനുളള ശ്രമങ്ങള്‍ക്ക് ശക്തി പകരാന്‍ സംയുക്ത സംരംഭം വഴിയൊരുക്കും.
നിലവില്‍ ആണവോർജ പദ്ധതികളില്‍ നിന്ന് 8,180 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നത്. 2031-32 ആകുമ്പോഴേക്കും 22,800 മെഗാവാട്ട് ആണവോർജ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിലുളളത്.
Next Story
Videos