സ്റ്റീല്‍, ഇരുമ്പയിര് കയറ്റുമതി തീരുവ ഒഴിവാക്കി സര്‍ക്കാര്‍; സ്വാഗതാര്‍ഹമെന്ന് വ്യവസായികള്‍

സ്റ്റീല്‍ ഉല്‍പന്നങ്ങളുടെയും ഇരുമ്പയിരിന്റെയും കയറ്റുമതി തീരുവ ഒഴിവാക്കികൊണ്ടുള്ള വിജ്ഞാപനം ധനമന്ത്രാലയം പുറത്തുവിട്ടു. ഈ വര്‍ഷം മേയിലാണ് സര്‍ക്കാര്‍ ഇവയ്ക്ക് തീരുവ ഏര്‍പ്പെടുത്തിയത്. പുതിയ പ്രഖ്യാപനം അനുസരിച്ച് 58 ശതമാനത്തില്‍ താഴെയുള്ള ഇരുമ്പയിര് കട്ടകളുടെ കയറ്റുമതിക്ക് തീരുവ ഉണ്ടാകില്ല. ആഭ്യന്തര വിപണിയിലെ ലഭ്യത മെച്ചപ്പെടുത്തുന്നതിനും വില നിയന്ത്രിക്കുന്നതിനുമായാണ് തീരുവ ഒഴിവാക്കിയത്.

ആഗോള സ്റ്റീല്‍ ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആഭ്യന്തര സ്റ്റീല്‍ ഡിമാന്‍ഡ് പുനരുജ്ജീവിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് ജെഎസ്ഡബ്ല്യു സ്റ്റീല്‍ ആന്‍ഡ് ഗ്രൂപ്പ് സിഎഫ്ഒ ജോയിന്റ് എംഡി ശേഷഗിരി റാവു പറഞ്ഞു. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഈ തീരുമാനമെടുത്തത് സാധാരണക്കാരോടും വ്യവസായങ്ങളോടുമുള്ള സര്‍ക്കാരിന്റെ ശ്രദ്ധയാണ് കാണിക്കുന്നതെന്ന് ഇന്ത്യന്‍ സ്റ്റീല്‍ അസോസിയേഷന്‍ (ഐഎസ്എ) സെക്രട്ടറി ജനറല്‍ അലോക് സഹായ് പറഞ്ഞു.

സ്റ്റീല്‍ മേഖലയെ സമഗ്രമായ വളര്‍ച്ചാ പാതയിലേക്ക് ഇത് നയിക്കുമെന്നും പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ ഇത് പ്രചോദനമാകുമെന്നും ആര്‍സലര്‍ മിത്തല്‍ നിപ്പോണ്‍ സ്റ്റീല്‍ (എഎംഎന്‍എസ്) ഇന്ത്യ സിഇഒ ദിലീപ് ഉമ്മന്‍ പറഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നീക്കമാണിതെന്ന് ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസിന്റെ എംഡി അഭ്യുദയ് ജിന്‍ഡാല്‍ പറഞ്ഞു.

മേയില്‍, സ്റ്റീല്‍ കയറ്റുമതിക്ക് 15 ശതമാനം മുതല്‍ 50 ശതമാനം വരെ കയറ്റുമതി തീരുവ സര്‍ക്കാര്‍ ഈടാക്കിയിരുന്നു. അന്നുമുതല്‍ ആഭ്യന്തര വിപണിയില്‍ സ്റ്റീല്‍ വില കുറയുകയാണ്. ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതി ഒക്ടോബറില്‍ 66 ശതമാനമാണ് കുറഞ്ഞത്. നോണ്‍-അലോയ്, അലോയ്ഡ്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും ഇടിവുണ്ടായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it