കേന്ദ്രത്തിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ കച്ചവടം രണ്ടുലക്ഷം കോടി കടന്നു

സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിംഗ് പ്ലേസായ ജെം (Government e-Marketplace /GeM) വഴിയുള്ള മൊത്ത വ്യാപാര മൂല്യം (Gross Merchandise Value) 2 ലക്ഷം കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ടു മാസങ്ങള്‍ക്കുള്ളിലാണ് പുതിയ നാഴികക്കല്ല് താണ്ടിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പ്രതിദിന വ്യാപാര മൂല്യം 850 കോടി രൂപയ്ക്ക് മുകളിലാണ്.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള 25,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ജെം വഴിയാണ് നടക്കുന്നത്. ഇടപാടുകളുടെ 83 ശതമാനവും സംഭാവന ചെയ്യുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് (Central Public Sector Enterprises /CPSEs). ബാക്കി 17 ശതമാനം സംസ്ഥാന ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും.
മുന്നിൽ ഈ സംസ്ഥാനങ്ങൾ
ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, മധ്യപ്രദേശ്, ജമ്മു കാശ്മീര്‍, ഒഡിഷ, ബീഹാര്‍, ഉത്തരാഖണ്ഡ് എന്നിവയാണ് ഇതില്‍ മുഖ്യ പങ്ക് വഹിച്ചത്. സേവന മേഖലയുടെ സംഭാവന മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 23 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി ഉയര്‍ന്നു.
തുടക്കം മുതലിതുവരെയുള്ള ജെമ്മിന്റെ മൊത്തം വ്യാപാര മൂല്യം 5.93 ലക്ഷം കോടി കടന്നു. ജെം വഴി ഇതുവരെ നടത്തിയിട്ടുള്ള ഇടപാടുകളുടെ എണ്ണം 1.8 കോടിയിലധികമാണ്. 312 സേവനങ്ങളും 11,800 ഉത്പന്നങ്ങളുമാണ് പ്ലാറ്റ്‌ഫോം വഴി വ്യാപാരം നടത്തുന്നത്.
നേട്ടമാക്കി ചെറുകിട സംരംഭകർ
ഓര്‍ഡര്‍ വാല്യുവിന്റെ 49 ശതമാനത്തിലധികം ചെറുകിട -ഇടത്തരം സംരംഭങ്ങളില്‍ നിന്നാണ്. ഏഴ് മാസത്തിനുള്ളില്‍ 45,000 എം.എസ്.എം.ഇകളാണ് ജെം പ്ലാറ്റ്‌ഫോമില്‍ സെല്ലര്‍മാരായും സര്‍വീസ് പ്രൊവൈഡര്‍മാരായും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തുടക്കം മുതല്‍ ഇതുവരെ സര്‍ക്കാരിന് 45,000 കോടി രൂപയോളം ലാഭിക്കാന്‍ ജെം പ്ലാറ്റ്‌ഫോം വഴി സാധിച്ചിട്ടുണ്ട്. 22 ഓളം കമ്മോഡിറ്റികളില്‍ 10 എണ്ണത്തിനും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് 9.5 ശതമാനത്തിലധികം വിലക്കുറവുണ്ട് ജെം പ്ലാറ്റ്‌ഫോമില്‍.
Related Articles
Next Story
Videos
Share it