ഇന്റര്‍നെറ്റില്ലാതെ മൊബൈലില്‍ ലൈവ് ടി.വി സര്‍ക്കാര്‍ നല്‍കുമോ?
ഇപ്പോള്‍ ടി.വി കാഴ്ചയെല്ലാം സ്മാര്‍ട്ട് ഫോണിലേക്ക് മാറിയിരിക്കുകയാണ്. എന്നാല്‍ അതിന് അതിവേഗ ഇന്റര്‍നെറ്റും വേണം. ജിയോ ടി.വി അടക്കമുള്ള നിരവധി ആപ്പുകള്‍ ജനപ്രിയ ചാനലുകള്‍ ഫോണില്‍ ലൈവായി തന്നെ ആസ്വദിക്കാനുള്ള സൗകര്യം നല്‍കുന്നുണ്ട്.
എന്നാല്‍ ഇനി ഇന്റര്‍നെറ്റ് കണക്ഷൻ ഇല്ലാത്തവര്‍ക്കും മൊബൈല്‍ ടി.വി സൗകര്യം ലഭിച്ചേക്കും. അതും ലൈവ് ടി.വി. സര്‍ക്കാരിന്റെ ലൈവ് ഡയറക്റ്റ് ടു മൊബൈല്‍ (D2M) ആണ് ഇതിനായി സജ്ജമാകുന്നത്.
എന്താണ് ഡി2എം
വീട്ടിലെ ടി.വിയില്‍ ഡിയറക്ട് ടും ഹോം (ഡി.ടി.എച്ച്) സേവനങ്ങള്‍ ഉപയോഗിച്ചും ലൈവായി ചാനലുകള്‍ ആസ്വദിക്കുന്നത് പോലെ ഫോണിലും ഇന്റര്‍നെറ്റില്ലാതെ കാണാന്‍ കഴിയുന്ന കാലം വന്നേക്കാം. കാരണം, ഡാറ്റാ കണക്ഷനില്ലാതെ മൊബൈല്‍ ഫോണുകളിലേക്ക് ടിവി ചാനലുകളുടെ തത്സമയ സംപ്രേക്ഷണം അനുവദിക്കുന്ന ഡയറക്ട്-ടു-മൊബൈല്‍ അഥവാ ഡി2എം (D2M) സാങ്കേതികവിദ്യയുടെ സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ തേടിക്കൊണ്ടിരിക്കുകയാണ്.
സര്‍ക്കാര്‍ പദ്ധതി
കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയവും ഐ.ഐ.ടി-കാണ്‍പൂരുമായി ചേര്‍ന്ന് അതിനുള്ള കാര്യമായ പരിശ്രമങ്ങളിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്രത്തിന്റെ പുതിയ നീക്കത്തെ ടെലികോം ഓപ്പറേറ്റര്‍മാര്‍ എതിര്‍ത്ത് രംഗത്ത് വന്നേക്കാം. കാരണം, വരിക്കാര്‍ വിഡിയോ കാണുന്നതിലൂടെ അവര്‍ക്ക് ലഭിക്കുന്ന ഡാറ്റാ വരുമാനത്തെ കാര്യമായി ബാധിച്ചേക്കാം. കൂടാതെ, അവരുടെ 5ജി ബിസിനസിനും തിരിച്ചടിയായേക്കും.
ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെയും, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെയും ഐഐടി-കാണ്‍പൂരിലെയും ഉദ്യോഗസ്ഥരും അതുപോലെ ടെലികോം ഇന്‍ഡസ്ട്രിയിലെ പ്രതിനിധികളും അടുത്ത ആഴ്ച ഇത് സംബന്ധിച്ച് യോഗം ചേര്‍ന്നേക്കും.