സംരംഭകര്‍ക്ക് വായ്പ നല്‍കുന്ന കേന്ദ്ര പദ്ധതിയുടെ കാലാവധി നീട്ടി; വിശദാംശങ്ങള്‍

ചെറുകിട സംരംഭകര്‍ക്കും മറ്റു ബിസിനസുകള്‍ക്കും വായ്പ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീമിന്റെ (ഇസിജിഎല്‍എസ്) കാലവധി നീട്ടി. 2022 മാര്‍ച്ച് 31 വരെയാണ് പുതുക്കിയ കാലാവധി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വരെയോ എല്ലെങ്കില്‍ 4.5 ലക്ഷം വരെ വായ്പ നല്‍കുന്നത് വരെയോ ആയിരിക്കകും പദ്ധതി തുടരുക എന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

വായ്പ വിതരണം ചെയ്യാനുള്ള കാലാവധി 2022 ജനുവരി 30 വരെയും നീട്ടിയിട്ടുണ്ട്. പദ്ധതിയുടെ കീഴില്‍ ഇതുവരെ 2.86 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തത്. രാജ്യവ്യാകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം 2020 മെയ് മാസം ആണ് കേന്ദ്രം ഇസിജിഎല്‍എസ് അവതരിപ്പിച്ചത്. ലോക്ക്ഡൗണില്‍ സംരംഭകര്‍ക്ക് താങ്ങാകാന്‍ ആന്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് പദ്ധതി അവതരിപ്പിച്ചത്. വായ്പയ്ക്ക് ഒരു വര്‍ഷം മൊറൊട്ടോറിയം ലഭിക്കും. ശേഷം നാലുവര്‍ഷം കൊണ്ടാണ് തുക തിരിച്ചടയ്‌ക്കേണ്ടത്.
ഇസിജിഎല്‍എസിന്റെ കാലാവധി നീട്ടുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
  • ആകെ വിതരണം ചെയ്യുന്ന തുക മൂന്ന് ലക്ഷം കോടിയില്‍ നിന്ന് 4.5 ലക്ഷം കോടിയിലേക്ക് ഉയര്‍ത്തി.
  • പദ്ധതിയുടെ ആനുകൂല്യം ലഭിച്ചവര്‍ക്ക് വീണ്ടും വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ആകെ ബാധ്യതയുടെ (total outstanding debt) 10 ശതമാനം ആണ് വായ്പയായി ലഭിക്കുക. 2020 ഫെബ്രുവരിയിലോ അല്ലെങ്കില്‍ 2021 മാര്‍ച്ച് 31 വരെയോ ഉള്ള ബാധ്യത നോക്കി ഏതാണോ കൂടുതല്‍ അതിന്റെ 10 ശതമാനം ആയിരിക്കും ലഭിക്കുക. കൊവിഡിന്റെ രണ്ടാം തരംഗം പ്രയാസങ്ങള്‍ സൃഷ്ടിച്ച സംരംഭകര്‍ക്ക് ഇത് ഗുണം ചെയ്യും.
  • പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ (ഇസിജിഎല്‍ 1.0, ഇസിജിഎല്‍ 2.0) ആനുകൂല്യം സ്വീകരിക്കാതിരുന്ന സ്ഥാപനങ്ങള്‍ക്ക് 30 ശതമാനം വരെ വായ്പ ലഭിക്കും.
  • മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംരംഭങ്ങള്‍ക്ക് (ഇസിജിഎല്‍ 3.0) ആകെ ബാധ്യതയുടെ 40 ശതമാനം വരെ വായ്പ ലഭിക്കും. ഹോസ്പിറ്റാലിറ്റി, ട്രാവല്‍ ആന്‍ഡ് ടൂറിസം, ലെഷര്‍ ആന്‍ഡ് സ്‌പോര്‍ട്ടിങ് സെക്ടര്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ വരുന്നത്. പരമാവധി 200 കോടി രൂപവരെയാണ് ഈ വിഭാഗത്തിന് ലഭിക്കുന്ന വായ്പ തുക.
( വിവരങ്ങള്‍ നല്‍കിയത് യെസ്‌കലേറ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജിസ് പി കൊട്ടുകാപ്പള്ളി)


Related Articles

Next Story

Videos

Share it