കോള്‍ ഇന്ത്യയുടെ 3% ഓഹരി വിറ്റ് 4,185 കോടി രൂപ നേടി കേന്ദ്രം
പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ മൂന്ന് ശതമാനം ഓഹരി വില്‍പ്പനയിലൂടെ കേന്ദ്രസര്‍ക്കാര്‍ 4,185 കോടി രൂപ സമാഹരിച്ചതായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (DIPAM). ഇതോടെ ഓഫര്‍ ഫോര്‍ സെയിലിന് (OFS) ശേഷം സര്‍ക്കാരിന്റെ കൈവശമുള്ള കോള്‍ ഇന്ത്യയുടെ ഓഹരികള്‍ 63.13 ശതമാനമായി കുറഞ്ഞു.
ബാല്‍ക്കോയുടെ 49% ഓഹരിയും
അതേസമയം ഭാരത് അലുമിനിയം കമ്പനി ലിമിറ്റഡിന്റെ (ബാല്‍ക്കോ) 49 ശതമാനം ഓഹരിയുടെ ഒരു ഭാഗം വില്‍ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി പ്രധാന പ്രൊമോട്ടറായ വേദാന്തയോട് നിലവിലുള്ള ഒരു ആര്‍ബിട്രേഷന്‍ കേസ് പിന്‍വലിക്കാന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
കേന്ദ്ര ഖനന മന്ത്രാലയത്തിന് ബാല്‍ക്കോയുടെ 49 ശതമാനം ഓഹരിയാണുള്ളത്. 2001 ല്‍ വേദാന്ത ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് സര്‍ക്കാര്‍ ബാല്‍ക്കോയുടെ 51 ശതമാനം ഓഹരികള്‍ വിറ്റഴിച്ചിരുന്നു. 2009ല്‍ ഈ ഓഹരിയുടെ മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ ബാല്‍ക്കോ ഒരു ആര്‍ബിട്രേഷന്‍ കേസ് ഫയല്‍ ചെയ്തിരുന്നു. നിലവില്‍ ശേഷിക്കുന്ന ഓഹരി വില്‍പ്പന മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ പ്രൊമോട്ടര്‍ കേസ് പിന്‍വലിക്കണം.
ലക്ഷ്യം 51,000 കോടി രൂപ
നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ഓഹരി വില്‍പ്പനയില്‍ നിന്ന് സര്‍ക്കാര്‍ 4,235 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്. ഓഹരി വിറ്റഴിക്കലില്‍ നിന്നുള്ള ഈ മുഴുവന്‍ വര്‍ഷത്തെ ലക്ഷ്യം 51,000 കോടി രൂപയാണ്.