എല്ലാ സിനിമാ തീയറ്ററുകളും ഉടൻ തുറക്കില്ല !

തീയറ്ററുകൾ തുറക്കുമ്പോൾ ഉടമകൾ നേരിടേണ്ടത് ഒട്ടേറെ വെല്ലുവിളികളെയാണ്. പകുതി പ്രേക്ഷകരെ മാത്രം പ്രവേശിപ്പിക്കുകയും ഇതിനെ തുടർന്ന് നേരത്തെ ഉണ്ടായിരുന്ന വരുമാനം പകുതിയാകുകയും പല തീയറ്ററുകളുടെയും വൈദ്യുതി ചാർജ് ഉൾപ്പെടെയുള്ളവ ഭീമമായ കുടിശികകൾ ആയി ഇപ്പോഴും നിലനിൽക്കുകയും ചെയ്യുമ്പോൾ, സർക്കാരിൽ നിന്ന് ആശ്വാസ നടപടികൾ ലഭിക്കാതെ തീയറ്ററുകൾ പലതും തുറക്കാൻ കഴിയാത്ത അവസ്ഥയാണ്. അടഞ്ഞു കിടന്നപ്പോൾ പ്രൊജക്ഷൻ സിസ്റ്റങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാൻ കഴിയാത്തതിനാൽ, പലർക്കും ലക്ഷങ്ങളുടെ കുടിശികകളാണ് ഇപ്പോഴുമുള്ളത്. ഈ മാസം 25 മുതൽ തിയറ്ററുകൾ തുറക്കാനാണ് സർക്കാരിന്റെ തീരുമാനം. പ്രശ്നം തീയറ്റർ ഉടമകളും, പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.

സർക്കാർ ഇപ്പോൾ പറയുന്ന മാനദണ്ഡപ്രകാരം തിയറ്ററുകൾ തുറന്നു പ്രവർത്തിച്ചാൽ അത് നഷ്ടമായി തീരുമെന്നാണ് തിയറ്റർ ഉടമകൾ പറയുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച തൊഴിലാളികളെ ഡ്യൂട്ടിയിൽ വയ്ക്കുകയും അമ്പതു ശതമാനം സീറ്റിൽ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരെ മാത്രം പ്രവേശിപ്പിക്കുകയും ചെയ്യുക എന്നതാണു സർക്കാർ മാനദണ്ഡത്തിൽ പറയുന്നത്. മുൻകാലങ്ങളിൽ നാലു ഹൗസ്ഫുൾ പ്രദർശനങ്ങൾ നടത്തുമ്പോൾ കിട്ടുന്ന വരുമാനമാണ് ഇനി നേർപകുതിയാവുന്നത്. മിക്ക തിയറ്ററുകളും നവീകരണ പ്രവര്‍ത്തനങ്ങൾ നടത്താൻ തന്നെ ലക്ഷങ്ങൾ ചെലവഴിച്ചു കഴിഞ്ഞിട്ടുണ്ട്. തിയറ്ററുകൾ നവീകരിക്കുന്ന കാശു പോലും മുതലാകില്ലെന്നാണ് തിയറ്റർ ഉടമകൾ പറയുന്നത്. എസി പ്രവർത്തിപ്പിക്കാതെ സിനിമ പ്രദർശിപ്പിക്കാനും കഴിയില്ല. കഴിഞ്ഞ ജനുവരിയിൽ തിയറ്ററുകൾ പകുതിയോളം ആളുകളെ പ്രവേശിപ്പിച്ചു തുറന്നപ്പോൾ, മൂന്നുമാസത്തെ വിനോദനികുതി സർക്കാർ ഒഴിവാക്കിയിരുന്നു.

ഇതിനിടയിൽ തിയറ്ററുകൾ പ്രവർത്തിച്ചാലും, തീയറ്ററുകളിൽ ആളുകൾ കയറുമോ എന്ന ആശങ്കയും സിനിമാ പ്രവർത്തകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. അതിനാൽ ''മരക്കാർ അറബിക്കടലിന്റെ സിംഹം'' ''തുറമുഖം'' ''ആറാട്ട്'' തുടങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ റിലീസൊക്കെ നീട്ടിവെക്കാനും സാധ്യതയുണ്ട്.

കേരളത്തിൽ തിയറ്ററുകൾ ഉടൻ തുറക്കാൻ കഴിയുന്ന സാഹചര്യമല്ലെന്ന് സിനിമാ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ രഞ്ജിത്ത് 'ധനം' ത്തോട് പറഞ്ഞു. വിനോദ നികുതി ഒഴിവാക്കണമെന്നും ജി.എസ്.ടി ഇളവ് അനുവദിക്കണമെന്നുമുള്ള സിനിമാ സംഘടനകളുടെ ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. തിയറ്ററുകൾ അടഞ്ഞു കിടന്നപ്പോൾ കറന്റ്‌ ചാർജ് ഉൾപ്പെടെ ഫിക്സഡ് ചാർജുകളിലും ഒരിളവ് സർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായിട്ടില്ല. പല തീയറ്റർ ഉടമകളും കുടിശികകൾ അടക്കാൻ കഴിയാതെ ബുദ്ധിമുട്ടിലാണ്. സർക്കാർ വേണ്ട നടപടികൾ എടുത്തില്ലെങ്കിൽ സിനിമാ തീയറ്ററുകൾ അടഞ്ഞു തന്നെ കിടക്കുമെന്ന് അദ്ദേഹം പറഞ്ഞു


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it