ഡയറക്റ്റ് സെല്ലിംഗിലെ പിരമിഡ് സ്‌കീമിനും മണി സര്‍ക്കുലേഷനും നിരോധനം; ശിക്ഷ കടുപ്പിക്കും

ഡയറക്ട് സെല്ലിംഗ് ബിസിനസില്‍ പിരമിഡ് സ്‌കീമുകള്‍ പാടില്ലെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. ഡയറക്ട് സെല്ലിംഗ് വ്യവസായത്തിനായി രൂപീകരിച്ച പുതിയ നിയമങ്ങളില്‍ പിരമിഡ്, മണി സര്‍ക്കുലേഷന്‍ പദ്ധതികള്‍ സര്‍ക്കാര്‍ നിരോധിച്ചു. പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഡയറക്ട് സെല്ലിംഗ് ബിസിനസുകള്‍ക്ക് രാജ്യത്ത് അവരുടെ രജിസ്റ്റര്‍ ചെയ്ത ഓഫീസായി കുറഞ്ഞത് ഒരു ഫിസിക്കല്‍ ലൊക്കേഷനെങ്കിലും ഉണ്ടായിരിക്കണം.

ഉപഭോക്തൃ സംരക്ഷണം (ഡയറക്ട്) അനുസരിച്ച്, ഏതെങ്കിലും തരത്തിലുള്ള പിരമിഡ് സ്‌കീം അല്ലെങ്കില്‍ മണി സര്‍ക്കുലേഷന്‍ സ്‌കീം എന്നിവയുമായി ബന്ധമില്ലെന്ന് അവര്‍ പ്രഖ്യാപിക്കേണ്ടതുണ്ട്. നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാകും.
നോഡല്‍ ഉപഭോക്തൃകാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്ത ഉപഭോക്തൃ സംരക്ഷണ (ഡയറക്ട് സെല്ലിംഗ്) നിയമം, 2021 ( The Consumer Protection (Direct Selling) Rules, 2021) ഡയറക്റ്റ് സെല്ലിംഗ് എന്റിറ്റികളും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് നേരിട്ടുള്ള വില്‍പ്പന നടത്തുന്നവര്‍ക്കും ബാധകമാണ്. ഈ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാകും.
ആര്‍ക്കൊക്കെ നിയമം ബാധകമാകും?
നിലവില്‍ രാജ്യത്ത് ഡയറക്റ്റ് സെല്ലിംഗ് നടത്തുന്ന പ്രമുഖ ബിസിനസുകാര്‍ ടപ്പര്‍വെയര്‍ ( Tupperware), ആംവേ ( Amway), ഒറിഫ്‌ലേം ( Oriflame)എന്നിവരാണ്. എന്നാല്‍ ഇവര്‍ സര്‍ക്കാരിന് നേരത്തെ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല എന്ന അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഡിജിറ്റല്‍ ഉപയോഗം കൂടിയതോടെ രാജ്യത്തെ ജനങ്ങള്‍ക്കിടയിലേക്ക് പല പുതിയ എംഎല്‍എം കമ്പനികളുമെത്തി.
ഇപ്പോള്‍, ഡയറക്ട് സെല്ലിംഗ് നടത്തുന്നവര്‍ സാധനങ്ങളോ സേവനങ്ങളോ വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പരാതികള്‍ക്കും അത്തരം കമ്പനികള്‍ ബാധ്യസ്ഥരായിരിക്കും. പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഡയറക്ട് സെല്ലര്‍മാരുടെയും ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനോ മേല്‍നോട്ടം വഹിക്കാനോ സംസ്ഥാന സര്‍ക്കാരുകള്‍ ഒരു സംവിധാനം രൂപീകരിക്കേണ്ടതുണ്ട്.
ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങള്‍ക്കും നേരിട്ടുള്ള വില്‍പ്പനക്കാര്‍ക്കും ഒരു പിരമിഡ് സ്‌കീം പ്രൊമോട്ട് ചെയ്യുന്നതിനോ അല്ലെങ്കില്‍ അത്തരം സ്‌കീമിലേക്ക് ഏതെങ്കിലും വ്യക്തിയെ എന്റോള്‍ ചെയ്യുന്നതിനോ അല്ലെങ്കില്‍ ഡയറക്ട് സെല്ലിംഗ് ബിസിനസ്സ് ചെയ്യുന്നതിന്റെ പേരില്‍ ഏതെങ്കിലും വിധത്തില്‍ അത്തരം ക്രമീകരണങ്ങളില്‍ പങ്കാളികളാകുന്നതിനോ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്താണ് പിരമിഡ് സ്‌കീം ?
ഇന്ത്യയില്‍ പല ക്രിമിനില്‍ കേസുകളുള്‍പ്പെടെ രേഖപ്പെടുത്തിയിട്ടഡുളള മണി ചെയിന്‍ തട്ടിപ്പ് ആണ് പിരമിഡ് സ്‌കീം ബിസിനസ്. ഒരു മണി ചെയിന്‍ സ്ഥാപനം തുടങ്ങുകയും മോഹന വാഗ്ദാന്ങ്ങളോടെ പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നു. ഒരു നിശ്ചിത ഫീസ് വാങ്ങി ആയിരിക്കും ഈ ചേര്‍ക്കല്‍. പുതിയതായി ചേര്‍ന്നവര്‍ ഇത് ആവര്‍ത്തിക്കുന്നു. അങ്ങനെ ഒരു പിരമിഡ് രീതിയില്‍ കമ്പനി വളരുകയും പുതിയ ആളുകള്‍ ചേരുന്നതനുസരിച്ച് മുകള്‍ത്തട്ടിലുള്ളവര്‍ക്ക് വരുമാനം വന്നുകൊണ്ടിരിക്കുകയും ചെയ്യും. പദ്ധതിയില്‍ ആളുകള്‍ ചേരാതാകുന്നതോടെ വലിയ തകര്‍ച്ചയിലേക്ക് പോകുകയും അവസാനം ചേര്‍ന്നവരുടെ പണം നഷ്ടമാകുകയും ചെയ്യും.
പിരമിഡ് സ്‌കീം പ്രൊമോട്ടര്‍മാര്‍ പ്രോഗ്രാമിനെ ഒരു ബിസിനസ്സ് പോലെ തോന്നിപ്പിക്കാന്‍ പലതും ചെയ്യാറുണ്ട്. മള്‍ട്ടി-ലെവല്‍ മാര്‍ക്കറ്റിംഗ് പ്രോഗ്രാം പോലെയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് ആളുകളെ വിശ്വസിപ്പിക്കുന്നു.
നിലവില്‍ ബഹുഭൂരിപക്ഷമുള്ള പിരമിഡ് സ്‌കീമുകളും റിക്രൂട്ട്‌മെന്റ് ഫീസില്‍ നിന്നുള്ള ലാഭത്തെയാണ് ആശ്രയിക്കുന്നത്. ഒരു സേവനമോ ഉല്‍പ്പന്നമോ വില്‍ക്കുക എന്നത് ഇവരുടെ പ്രധാന ഉദ്ദേശമല്ല. എങ്കിലും ആളുകളെ കബളിപ്പിക്കാന്‍ ഇവര്‍ പലതും വില്‍പ്പന നടത്തുന്നുണ്ട്.
പുതിയ നിയമമനുസരിച്ച് ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങള്‍ക്കും നേരിട്ടുള്ള വില്പനക്കാര്‍ക്കും ഒരു പിരമിഡ് സ്‌കീം പ്രൊമോട്ട് ചെയ്യുന്നതിനോ അത്തരം സ്‌കീമിലേക്ക് ആളുകളെ ചേര്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡയറക്ട് സെല്ലിംഗ് നടത്തുന്നവര്‍ സാധനങ്ങളോ സേവനങ്ങളോ വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പരാതികള്‍ക്ക് കമ്പനികള്‍ ബാധ്യസ്ഥരായിരിക്കും. ഡയറക്ട് സെല്ലര്‍മാരുടെയും ഡയറക്ട് സെല്ലിംഗ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സംവിധാനമുണ്ടാക്കണം.
ഇന്റര്‍നെറ്റ് പരസ്യം ചെയ്യല്‍, കമ്പനി വെബ്സൈറ്റുകള്‍, ഗ്രൂപ്പ് അവതരണങ്ങള്‍, കോണ്‍ഫറന്‍സ് കോളുകള്‍, YouTube വീഡിയോകള്‍, മറ്റ് മാര്‍ഗങ്ങള്‍ എന്നിവ വഴിയാണ് തട്ടിപ്പുകാര്‍ പിരമിഡ് സ്‌കീമുകള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെയും നടപടി രൂക്ഷമാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it