വാങ്ങാന്‍ ആളില്ല; ബിപിസിഎല്‍ സ്വകാര്യവത്കരണത്തില്‍ നിന്ന് പിന്മാറി കേന്ദ്രം

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസിഎല്‍-BPCL) സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി കേന്ദ്രസര്‍ക്കാര്‍. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച മൂന്നില്‍ രണ്ട് കമ്പനികളും പിന്മാറിയ സാഹചര്യത്തിലാണ് തീരുമാനം. വിശദമായ ആലോചനകള്‍ക്ക് ശേഷമാവും വീണ്ടും ഓഹരികള്‍ വില്‍ക്കുന്നതിനെ സംബന്ധിച്ച തീരുമാനം എടുക്കുക.

2020ല്‍ ആണ് ബിപിസിഎല്ലിലെ 52.98 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. 37,300 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കേന്ദ്രത്തിന്റെ നീക്കം. വേദാന്ത, അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ്, തിങ്ക് ഗ്യാസ് എന്നിവയായിരുന്നു ബിപിസിഎല്ലിനായി താല്‍പ്പര്യം പ്രകടിപ്പിച്ച കമ്പനികള്‍. നിലവിലെ വിപണി സാഹചര്യവും, ഇന്ധന വില നിശ്ചയിക്കുന്നതില്‍ സ്വകാര്യകമ്പനികള്‍ക്ക് സ്വധീനം ഇല്ലാത്തതും ആണ് കമ്പനികളുടെ പിന്മാറ്റത്തിനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്.

റീട്ടെയില്‍ ഇന്ധന വില്‍പ്പനയുടെ 90 ശതമാനവും കൈയ്യാളുന്നത് പൊതുമേഖല എണ്ണക്കമ്പനികളാണ്. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമോ എന്ന ഭയത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് ജനുവരി-മാര്‍ച്ച് കാലയളവില്‍ ബിപിസിഎല്ലിന്റെ ആദായത്തില്‍ 82 ശതമാനം ഇടിവുണ്ടായിരുന്നു. 2021 നവംബര്‍ മുതല്‍ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരിഗണിച്ച് തുടര്‍ച്ചയായി 137 ദിവസമാണ് ഇന്ധന വില ഒരേ നിലയില്‍ തുടര്‍ന്നത് .

ബിപിസിഎല്ലിലൂടെ ലക്ഷ്യമിട്ട തുക ഹിന്ദുസ്ഥാന്‍ സിങ്കിന്റെ വില്‍പ്പനയിലൂടെ (37,326 കോടി) നേടാനാവുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ഹിന്ദുസ്ഥാന്‍ സിങ്കിലെ 29.54 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. 2022-23 കാലയളവില്‍ ഓഹരിവിറ്റഴിക്കലിലൂടെ 65,000 കോടി രൂപയാണ് കേന്ദ്രം സമാഹരിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it