

അസംസ്‌കൃത വസ്തുക്കളുടെ തുടര്‍ച്ചയായ വിലവര്‍ധനവും കേരള വാട്ടര്‍ അതോറിറ്റിയുടെ പര്‍ച്ചേസ് നയത്തിലെ മാറ്റവും കാരണം സംസ്ഥാനത്തെ പി.വി.സി പൈപ്പ് നിര്‍മാണ മേഖല കടുത്ത പ്രതിസന്ധില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി ഗ്രാമീണമേഖലയിലെ വീടുകളില്‍ വാട്ടര്‍ കണക്ഷന്‍ നല്‍കുന്ന ജലജീവന്‍ പദ്ധതിയില്‍ പിവിസി പൈപ്പുകള്‍ക്ക് പകരം എച്ച്ഡിപിഇ പൈപ്പുകള്‍ ഉപയോഗിക്കാനാണ് വാട്ടര്‍ അതോറിറ്റി ഒരുങ്ങുന്നത്. പതിറ്റാണ്ടുകളായി വാട്ടര്‍ അതോറിറ്റുമായി സഹകരിച്ചുവരുന്ന പിവിസി പൈപ്പ് ഉല്‍പ്പാദകരെയാണ് ഇത് ദുരിതത്തിലാക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വാങ്ങുമ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എംഎസ്ഇഎംഇ യൂണിറ്റുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റോര്‍ പര്‍ച്ചേസ് മാന്വലിലും പര്‍ച്ചേസ് പ്രിഫറന്‍സ് പോളിസിയിലും പറയുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായാണ് വലിയ തുകയ്ക്ക് എച്ച്ഡിപിഇ പൈപ്പുകള്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കുന്നതിനുള്ള നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് ഓള്‍ കേരള സ്മോള്‍ സ്‌കെയ്ല്‍ പിവിസി മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ (എകെഎസ്എസ്പിപിഎംഎ) പറഞ്ഞു.
'നിലവില്‍ കേരളത്തിലെ ചെറുകിട വ്യവസായ മേഖലയില്‍ മുന്‍ നിരയിലുള്ളത് പിവിസി പൈപ്പ് നിര്‍മാതാക്കളാണ്. 150 ഓളം നിര്‍മാതാക്കളില്‍ ഭൂരിഭാഗവും ബിഐസ് സര്‍ട്ടിഫിക്കറ്റോടെ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ എത്തിക്കുന്നത്. ഏകദേശം അയ്യായിരം കോടിയുടെ വ്യാപാരമാണ് ഈ മേഖലയില്‍ പ്രതിവര്‍ഷവും നടക്കുന്നത്. 450 ഓളം കോടി ജിഎസ്ടി ഇനത്തില്‍ ഗവണ്‍മെന്റിന് ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വാട്ടര്‍ അതോറിറ്റി വലിയ തുകയ്ക്ക് എച്ച്ഡിപിഇ പൈപ്പുകള്‍ എത്തിക്കുമ്പോള്‍ ഇത് സംസ്ഥാനത്തെ പിവിസി നിര്‍മാതാക്കളെ കടുത്ത പ്രതിസന്ധിയിലേക്കെത്തിക്കും. 15000 ഓളം പേര്‍ ജോലി ചെയ്യുന്ന മേഖലയായിരിക്കും ഇതോടെ തകരാന്‍ പോകുന്നത്' എകെഎസ്എസ്പിപിഎംഎ സംസ്ഥാന ജോ. സെക്രട്ടറിയും സെല്‍ഫ്ഷൈന്‍ പോളിമേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ മുരളി മോഹനന്‍ പറഞ്ഞു.
പിവിസി പൈപ്പുകളുടെ ലഭ്യതക്കുറവും ഉയര്‍ന്ന വിലയുമാണ് എച്ച്ഡിപിഇ പൈപ്പുകളിലേക്ക് നീങ്ങാന്‍ കാരണമായി വാട്ടര്‍ അതോറിറ്റി പറയുന്നത്. എന്നാല്‍ എച്ച്ഡിപിഇ പൈപ്പിനെ അപേക്ഷിച്ച് പിവിസി പൈപ്പുകള്‍ക്കാണ് വിലക്കുറവ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത വസ്തുവായ പിവിസി റേസിന് 100 ശതമാനത്തോളം വില ഉയര്‍ന്നപ്പോഴും 45 ശതമാനം മാത്രമാണ് പിവിസി പൈപ്പുകള്‍ക്ക് വില വര്‍ധിപ്പിച്ചത്. എന്നാലും എച്ച്ഡിപിഇ പൈപ്പിനേക്കാള്‍ വിലക്കുറവും ഗുണമേന്മയുമാണ് പിവിസി പൈപ്പുകള്‍ക്കുള്ളത്.
'കേരളത്തില്‍ എച്ച്ഡിപിഇ പൈപ്പ് നിര്‍മാതാക്കള്‍ കുറവായതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ പദ്ധതിക്ക് ആവശ്യമായ പൈപ്പുകള്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടി വരും. ഇന്ധനവില കുത്തനെ വര്‍ധിക്കുന്ന ഈ സാഹചര്യത്തില്‍ ഇത് വലിയ ബാധ്യതയാണ് സൃഷ്ടിക്കുക. കൂടാതെ സംസ്ഥാനത്തിനകത്ത് തന്നെയുള്ള പിവിസി പൈപ്പുകളെ ഒഴിവാക്കുമ്പോള്‍ സര്‍ക്കാരിന് ലഭിക്കേണ്ട ജിഎസ്ടിയും നഷ്ടമാകും' എകെഎസ്എസ്പിപിഎംഎ സംസ്ഥാന ജന. സെക്രട്ടറിയും വെല്‍വര്‍ത്ത് മാനേജിംഗ് ഡയറക്ടറുമായ ഇഫ്സാന്‍ ഹസീബ് പറയുന്നു.
കൂടാതെ അസംസ്‌കൃത വസ്തുക്കളുടെ തുടര്‍ച്ചയായ വില വര്‍ധനവും നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കോവിഡ് കാലത്ത് അസംസ്‌കൃത വസ്തുവായ പിവിസി റെസിന്റെ വില 100 ശതമാനത്തോളമാണ് ഉയര്‍ന്നത്. നേരത്തെ കണ്ടെയ്നര്‍ ക്ഷാമത്തിന്റെ ഫലമായി അസംസ്‌കൃത വസ്തുക്കള്‍ക്ക് ക്ഷാമം നേരിട്ടിരുന്നു. എന്നാല്‍ നിലവില്‍ ഡിമാന്റുള്ളതിനാല്‍ ക്രൂഡ് ഓയില്‍ വിലയെ മറയാക്കി പിവിസി റേസിന്റെ വില വര്‍ധിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ പിവിസി റേസിന്റെ വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ഇതിനായി അപ്പലേറ്റ് അതോറിറ്റി രൂപീകരിക്കണമെന്നുമാണ് എകെഎസ്എസ്പിപിഎംഎയുടെ ആവശ്യം.
Read DhanamOnline in English
Subscribe to Dhanam Magazine