ചൈനയെ ലക്ഷ്യമിട്ട് ഇന്ത്യ; ഫോക്‌സ്‌കോണിന് പിഎല്‍ഐ അനുവദിച്ച് സര്‍ക്കാര്‍

മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിനായി ഫോക്സ്‌കോണ്‍ ഇന്ത്യയ്ക്കും (Foxconn India) ഡിക്‌സണ്‍ ടെക്‌നോളജീസിന്റെ (Dixon Technologies) പാഡ്ജെറ്റ് ഇലക്ട്രോണിക്സിനും (Padget Electronics) 400 കോടിയിലധികം രൂപയുടെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതിക്ക് അംഗീകാരം നല്‍കി നിതി ആയോഗിന്റെ എംപവേര്‍ഡ് കമ്മിറ്റി. കമ്പനിയുടെ വര്‍ധിച്ചുവരുന്ന നിക്ഷേപങ്ങളുടെയും വില്‍പ്പന കണക്കുകളുടെയും അടിസ്ഥാനത്തിലാണ് ഇത് നല്‍കുന്നത്. ചൈനയ്ക്ക് പുറത്ത് പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ശ്രമിക്കുകയാണ് ഫോക്സ്‌കോണ്‍.

മൊബൈല്‍ ഫോണുകള്‍ എന്ന ടാര്‍ഗെറ്റ് വിഭാഗത്തിന് കീഴില്‍ ഈ പ്രോത്സാഹനത്തിന് അംഗീകാരം ലഭിക്കുന്ന ആദ്യ അന്താരാഷ്ട്ര കമ്പനിയാണ് ഫോക്സ്‌കോണ്‍. ഫോക്സ്‌കോണ്‍ ഇന്ത്യയ്ക്ക് 2021 ഓഗസ്റ്റ് 1 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ഇന്‍സെന്റീവായ 357.17 കോടി രൂപ ലഭിക്കും. ഫോക്സ്‌കോണ്‍ ആണ് ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണ്‍ (Apple Iphone) നിര്‍മിക്കുന്നത്.

നോയിഡയില്‍ നിര്‍മ്മാണ സൗകര്യങ്ങളുള്ള പാഡ്ജറ്റ് ഇലക്ട്രോണിക്സിന് 2022 ജനുവരി-മാര്‍ച്ച് പാദത്തിലെ ഇന്‍സെന്റീവായ 58.29 കോടി രൂപ ലഭിക്കും. വലിയ തോതിലുള്ള ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിനുള്ള പിഎല്‍ഐ പദ്ധതി പ്രകാരം 53.28 കോടി രൂപ ഇതിനകം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

2022 സെപ്തംബര്‍ വരെ വലിയ തോതിലുള്ള ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിനുള്ള പിഎല്‍ഐ സ്‌കീം 4,784 കോടി രൂപയുടെ നിക്ഷേപം ഉണ്ടായതായി നിതി ആയോഗ് അറിയിച്ചു. ഇത് 80,769 കോടി രൂപയുടെ കയറ്റുമതി ഉള്‍പ്പെടെ 2.03 ട്രില്യണ്‍ രൂപയുടെ മൊത്തം ഉല്‍പാദനത്തിലേക്ക് നയിച്ചു. 40,916 പേര്‍ക്ക് തൊഴിലവസരം സൃഷ്ടിച്ചതായി പദ്ധതി അവകാശപ്പെടുന്നു.

മൊബൈല്‍ ഫോണുകളുടെ ഉല്‍പ്പാദനം 2014-15ല്‍ 60 ദശലക്ഷത്തില്‍ നിന്ന് 2021-22ല്‍ ഏകദേശം 310 ദശലക്ഷമായി ഉയര്‍ന്നു. നടപ്പുവര്‍ഷം 2022 നവംബര്‍ വരെ മൊബൈല്‍ ഫോണ്‍ കയറ്റുമതി 40,000 കോടി രൂപ കടന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടത്തിയ കയറ്റുമതിയുടെ ഇരട്ടിയിലേറെയാണിത്.

Related Articles
Next Story
Videos
Share it