ചൈനയ്‌ക്കൊപ്പമെത്താന്‍ 40 കൊല്ലമെടുക്കും, കാര്‍ ഇപ്പോഴും ലക്ഷ്വറിയാണ്; വിമര്‍ശനവുമായി മാരുതി ചെയര്‍മാന്‍

സര്‍ക്കാരിന്റെ നയങ്ങള്‍ രാജ്യത്തെ കാര്‍ നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയാണെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ. ജര്‍മനിയെപ്പോലുള്ള രാജ്യങ്ങള്‍ ഓട്ടോമൊബൈല്‍ മേഖലയെ വ്യവസായ പുരോഗതിക്ക് ഉപയോഗിച്ചപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കാറിനെ ലക്ഷ്വറിയായി ആണ് കരുതുന്നത്. രാജ്യത്തെ നികുതി നിരക്കുകള്‍ വളരെ കൂടുതലാണെന്നും തിങ്കളാഴ്ച മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ഭാര്‍ഗവ ചൂണ്ടിക്കാട്ടി.

കാറുകള്‍ക്ക് ജപ്പാനില്‍ 10 ശതമാനവും യറോപ്പില്‍ 20 ശതമാനവും നികുതി നല്‍കിയാല്‍ മതി. ജിഎസ്ടി, സ്‌റ്റേറ്റ് ടാക്‌സ്, റോഡ് ടാക്‌സ് ഉള്‍പ്പടെ ഇന്ത്യയില്‍ അത് 40-60 ശതമാനം വരും. 28 ശതമാനം ജിഎസ്ടിക്ക് പുറമെ മോഡലുകള്‍ക്ക് അനുസരിച്ച് അധിക സെസും നല്‍കണം. ഇറക്കുമതി ചെയ്യുന്നവയ്ക്ക് നികുതി 60-100 ശതമാനം വരെയാണ്. ബിഎസ് 6 ഉള്‍പ്പടെയുള്ള മാറ്റങ്ങളും കാറുകളുടെ വില ഉയര്‍ത്തി. ചെറുകാറുകളുടെ വിപണിയെ ആണ് ഇത് കൂടുതല്‍ ബാധിക്കുകയെന്നും മാരുതി ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

ഉയര്‍ന്ന ചെലവ് കാരണം ഇരുചക്ര വാഹന ഉടമകള്‍ കാറിലേക്കുള്ള മാറ്റം വൈകിപ്പിക്കുകയാണ്. അതിന്റെ ഫലമായി ചെറുകാറുകളുടെ വിപണി ഇടിയുകയാണ്. 5 ലക്ഷത്തിനും അതിന് താഴെയും വിലയുള്ള കാറുകളുടെ വിപണി വിഹിതം 2018-19ല്‍ 25.8 ശതമാനം ആയിരുന്നു. 2021-22ല്‍ അത് 10.3 ശതമാനം ആയി കുറഞ്ഞു. ഇക്കാലയളവില്‍ 7 ലക്ഷത്തിനും അതിന് താഴെയും വിലയുള്ള കാറുകളുടെ വിപണി വിഹിതം 60ല്‍ നിന്ന് 43 ശതമാനമായി ഇടിയുകയാണ് ചെയ്തത്.

നിലവില്‍ രാജ്യത്ത് 1000 പേര്‍ക്ക് 30 കാര്‍ എന്ന നിലയിലാണ്. ചൈനയില്‍ ഇത് 221 കാറുകളാണ്. നിലവിലെ സ്ഥിതിയില്‍ ജനസംഖ്യാ അടിസ്ഥാനത്തില്‍ രാജ്യത്തെ കാറുകളുടെ എണ്ണം ചൈനയ്‌ക്കൊപ്പം എത്താന്‍ 40 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും ഭാര്‍ഗവ വ്യക്തമാക്കി. 2000-12 കാലയളവില്‍ പാസഞ്ചര്‍ കാര്‍ വിപണിയുടെ വളര്‍ച്ച 10-12 ശതമാനത്തോളം ആയിരുന്നു. ഇനിയുള്ള 12 വര്‍ഷക്കാലം വളര്‍ച്ച വെറും 3-4 ശതമാനം ആയിരിക്കുമെന്നും മാരുതി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it