ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറിന് ₹200 കുറച്ചു; തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്?

പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികളുടെ ഭാഗമായി വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വിപണി വില 200 രൂപ കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ കേരളത്തില്‍ വില ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം 1,000 രൂപയ്ക്ക് താഴെയായി.

എല്ലാ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും ലഭ്യമാകുന്ന വിധമാണ് 200 രൂപ കുറച്ചത്. ഇതുവഴി പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, എച്ച്.പി.സി.എല്‍., ബി.പി.സി.എല്‍ എന്നിവയ്ക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്രം വീട്ടും.
പുതുക്കിയ വില
കഴിഞ്ഞ മാര്‍ച്ചില്‍ 50 രൂപ വര്‍ദ്ധിപ്പിച്ച ശേഷം പൊതുമേഖലാ എണ്ണക്കമ്പനികള്‍ തുടര്‍ച്ചയായ അഞ്ച് മാസങ്ങളില്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ വില പരിഷ്‌കരിച്ചിരുന്നില്ല. ഇപ്പോള്‍ കേന്ദ്രം 200 രൂപ കുറച്ചതോടെ വില കേരളത്തില്‍ 1,000 രൂപയ്ക്ക് താഴെയായി. കൊച്ചിയില്‍ 910 രൂപയും കോഴിക്കോട്ട് 911.5 രൂപയും തിരുവനന്തപുരത്ത് 912 രൂപയുമാണ് പുതുക്കിയ വില (5 ശതമാനം ജി.എസ്.ടി പുറമേ).
ഉജ്വല യോജനയ്ക്ക് ഇരട്ടി മധുരം
കൊവിഡ് കാലത്ത് നിറുത്തലാക്കിയ എല്‍.പി.ജി സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ 2021 മേയില്‍ ഉജ്വല യോജന ഉപയോക്താക്കള്‍ക്ക് മാത്രമായി പുനഃസ്ഥാപിച്ചിരുന്നു. സിലിണ്ടറൊന്നിന് 200 രൂപ വീതം ആകെ 12 സിലിണ്ടറുകള്‍ക്കാണ് വര്‍ഷം സബ്‌സിഡി പുനഃസ്ഥാപിച്ചത്. ഇത് കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രം 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് കൂടി നീട്ടിയിരുന്നു.
ഇപ്പോള്‍ എല്ലാ ഉപയോക്താക്കള്‍ക്കും 200 രൂപ വെട്ടിക്കുറച്ചതിന് പുറമേ ഉജ്വല യോജനക്കാര്‍ക്ക് 200 രൂപ അധിക സബ്‌സിഡി നല്‍കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഫലത്തില്‍, ഉജ്വല യോജനക്കാര്‍ക്ക് 400 രൂപ സബ്‌സിഡി ലഭിക്കും. അതായത്, ഇവര്‍ വിപണി വിലയേക്കാള്‍ 400 രൂപ കുറച്ച് നല്‍കിയാല്‍ മതി.
കേരളത്തില്‍ നേട്ടം 3.41 ലക്ഷം പേര്‍ക്ക്
കേരളത്തില്‍ ആകെ 1.07 കോടി എല്‍.പി.ജി ഉപയോക്താക്കളുണ്ട്. ഇതില്‍ 94 ലക്ഷം പേരാണ് സജീവ ഉപയോക്താക്കള്‍. 3.41 ലക്ഷം പേരാണ് ഉജ്വല യോജനയില്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ 1.74 ലക്ഷം പേരും ഇന്ത്യന്‍ ഓയിലിന്റെ ഉപയോക്താക്കളാണ്. ബി.പി.സി.എല്ലിന് 82,000 പേരും എച്ച്.പി.സി.എല്ലിന് 81,000 പേരും ഉപയോക്താക്കളായുണ്ട്.
പണപ്പെരുപ്പവും തിരഞ്ഞെടുപ്പും
പണപ്പെരുപ്പം നിയന്ത്രിക്കാനെന്നോണമാണ് 'രക്ഷാബന്ധന്‍, ഓണം സമ്മാനമായി' എല്‍.പി.ജി സിലിണ്ടര്‍ വില കുറച്ചതെന്ന് കേന്ദ്രം അവകാശപ്പെടുന്നു. ജൂലൈയില്‍ റീട്ടെയില്‍ പണപ്പെരുപ്പം 15 മാസത്തെ ഉയരമായ 7.44 ശതമാനത്തിലെത്തിയിരുന്നു. ഇത് 4-6 ശതമാനത്തിനുള്ളില്‍ നിയന്ത്രിക്കുകയാണ് ലക്ഷ്യം. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇപ്പോള്‍ കേന്ദ്രം തിരക്കിട്ട് എല്‍.പി.ജി വില കുറച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ഉജ്വല സബ്‌സിഡിക്കായി നടപ്പുവര്‍ഷം കേന്ദ്രത്തിന് 7,680 കോടി രൂപ ചെലവാകുമെന്നായിരുന്നു വിലയിരുത്തല്‍. സബ്‌സിഡി ഉയര്‍ത്തിയതോടെ അധികമായി 4,000 കോടി രൂപയുടെ ബാദ്ധ്യത കൂടി വരുമെന്നാണ് കരുതുന്നത്.
കുറയുമോ പെട്രോള്‍, ഡീസല്‍ വില?
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി പെട്രോള്‍, ഡീസല്‍ വിലയും കുറഞ്ഞേക്കും. 2022 മേയ്ക്ക് ശേഷം പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. നിലവില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്ന് ലാഭം നേടിത്തുടങ്ങിയത് കൂടി പരിഗണിച്ച് വൈകാതെ വില കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായേക്കുമെന്നാണ് സൂചനകള്‍.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it