സവാള വില നിലംപൊത്തിയിട്ടും കയറ്റുമതി വിലക്ക് നീട്ടി കേന്ദ്രത്തിന്റെ 'സര്‍പ്രൈസ്'; കര്‍ഷകര്‍ക്ക് അമര്‍ഷം

രാജ്യത്ത് സവാളയ്ക്ക് വില കുത്തനെ ഇടിഞ്ഞിട്ടും കയറ്റുമതി നിരോധനം അപ്രതീക്ഷിതമായി നീട്ടിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ കര്‍ഷകര്‍ക്ക് കടുത്ത അമര്‍ഷം. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേയാണ് കേന്ദ്രത്തിന്റെ നടപടിയെന്നതും ശ്രദ്ധേയം.
കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ സവാള കയറ്റുമതി നിരോധിച്ചത്. ഈ മാസം 31 വരെയായിരുന്നു (March 31) കയറ്റുമതി വിലക്ക്. എന്നാല്‍, വിലക്ക് നീട്ടുന്നതായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കയറ്റുമതി നിരോധനം തുടരുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
യു.എ.ഇ അടക്കം നിരവധി രാജ്യങ്ങള്‍ക്ക് തിരിച്ചടി
സവാളയ്ക്കായി ഇന്ത്യയെ പ്രധാനമായും ആശ്രയിക്കുന്ന ബംഗ്ലാദേശ്, നേപ്പാള്‍, മലേഷ്യ, യു.എ.ഇ തുടങ്ങി നിരവധി രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ് കയറ്റുമതി നിരോധനം നീട്ടിയ കേന്ദ്ര നടപടി. ഈ രാജ്യങ്ങള്‍ സവാളയ്ക്കായി ചൈന, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും.
ഇന്ത്യയില്‍ നിന്ന് എളുപ്പം സവാള എത്തിക്കാമെന്നതും താരതമ്യേന ഭേദപ്പെട്ട വിലയാണെന്നതും ചരക്കുനീക്കത്തിന് കുറഞ്ഞ ദൂരവും സമയവുമേയുള്ളൂ എന്നതും ഈ രാജ്യങ്ങള്‍ക്ക് നേട്ടമായിരുന്നു. സവാളയ്ക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ കൂടുതല്‍ വില നല്‍കേണ്ടി വരും. ദൂരം കൂടുതലാണെന്നതിനാല്‍ ചരക്കുനീക്കച്ചെലവും ആനുപാതികമായി കൂടും.
കര്‍ഷകര്‍ക്കും കടുത്ത അമര്‍ഷം
സവാളയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ഇന്ത്യ. മഹാരാഷ്ട്രയാണ് മുഖ്യ ഉത്പാദക സംസ്ഥാനം. കഴിഞ്ഞ ഡിസംബറില്‍ ക്വിന്റലിന് (100 കിലോഗ്രാം) മഹാരാഷ്ട്രയില്‍ മൊത്തവില 4,500 രൂപയായിരുന്നു. ചില്ലറ വില കിലോയ്ക്ക് 100 രൂപയും കടന്ന് കുതിച്ചിരുന്നു. ഇപ്പോള്‍ മൊത്തവില 1,200 രൂപയിലേക്കും ചില്ലറവില 20 രൂപയ്ക്ക് താഴേക്കും ഇടിഞ്ഞിട്ടുമുണ്ട്. എന്നിട്ടും കേന്ദ്രം കയറ്റുമതി വിലക്ക് നീട്ടിയതാണ് കര്‍ഷകരെ ചൊടിപ്പിക്കുന്നത്.
ഉത്പാദന സീസണാണെന്നിരിക്കേ കയറ്റുമതി വിലക്ക് നീട്ടിയ കേന്ദ്ര നടപടി അപ്രതീക്ഷിതവും അനാവശ്യവുമാണെന്ന് കര്‍ഷകര്‍ പറയുന്നു. ഉയര്‍ന്ന വിലയുടെ നേട്ടം സ്വന്തമാക്കാന്‍ നേരത്തേ കയറ്റുമതി നിരോധനം മൂലം കര്‍ഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ വിളവെടുപ്പ് കാലത്ത് കയറ്റുമതി നിരോധനം തുടരുന്നത് വില കൂടുതല്‍ ഇടിയാന്‍ ഇടയാക്കും. ഇത് കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
മറ്റ് രാജ്യങ്ങളിലെ കയറ്റുമതിക്കാരാകട്ടെ, ഇന്ത്യയുടെ അസാന്നിദ്ധ്യം മുതലെടുത്ത് കയറ്റുമതി വില കൂട്ടും. ഇത് യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ഇന്ത്യ 25 ലക്ഷം മെട്രിക് ടണ്‍ സവാള കയറ്റുമതി ചെയ്തിരുന്നു; ഇത് റെക്കോഡാണ്.
കയറ്റുമതിക്ക് 'സൗഹൃദ സവാള'
കയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും സുഹൃദ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഇളവുകളോട് കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
നാഷണല്‍ കോ-ഓപ്പറേറ്റീവ് എക്സ്പോര്‍ട്സ് (NCEL) വഴി അടുത്ത ത്രൈമാസങ്ങളില്‍ 3,600 മെട്രിക് ടണ്‍ വീതം സവാള കയറ്റുമതി ചെയ്യാനാണ് അനുമതി.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it