പരുത്തി സംഭരണത്തിന് കോട്ടണ്‍ ബോര്‍ഡ് രൂപീകരിച്ച് സര്‍ക്കാര്‍
സംസ്ഥാനത്തെ 17 ടെക്‌സ്‌റ്റൈല്‍ മില്ലുകള്‍ക്ക് ആവശ്യമുള്ള പ്രധാന അസംസ്‌കൃത വസ്തുവായ പരുത്തി മുന്‍കൂറായി വാങ്ങി സംഭരിക്കുന്നതിനും മില്ലുകള്‍ക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ കോട്ടണ്‍ ബോര്‍ഡ് രൂപീകരിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ഇവര്‍ ബോര്‍ഡ് അംഗങ്ങള്‍
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ചെയര്‍മാനും ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍, ടെക്‌സ്‌ഫെഡ് മാനേജിംഗ് ഡയറക്ടര്‍മാര്‍, കൈത്തറി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളും റിയാബ് സെക്രട്ടറി മെംബര്‍ കണ്‍വീനറുമായ ബോര്‍ഡാണ് നിലവില്‍ വന്നത്.
ബോര്‍ഡിന്റെ ലക്ഷ്യങ്ങള്‍
വകുപ്പിന് കീഴിലുള്ള 17 മില്ലുകള്‍ക്ക് ആവശ്യമുള്ള പരുത്തി, സീസണ്‍ അടിസ്ഥാനമാക്കി കുറഞ്ഞ വിലക്ക് സംഭരിക്കുകയാണ് ബോര്‍ഡിന്റെ പ്രധാന ചുമതല. നേരത്തെ ഓരോ മില്ലും തങ്ങള്‍ക്ക് ആവശ്യമുള്ള പരുത്തി സ്വന്തം നിലയില്‍ സംഭരിക്കുകയായിരുന്നു പതിവ്. വിലക്കുറവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ഇതു മൂലം പലപ്പോഴും കഴിഞ്ഞിരുന്നില്ല. ബോര്‍ഡ് മുഖേന സംഭരണം നടത്തുമ്പോള്‍ സീസണിലെ കുറഞ്ഞ വില കണക്കാക്കി വാങ്ങാന്‍ കഴിയും. മില്ലുകളുടെ പ്രവര്‍ത്തന ലാഭം വര്‍ധിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രവര്‍ത്തന മൂലധനം സര്‍ക്കാര്‍ നല്‍കും
ബോര്‍ഡിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രവര്‍ത്തന മൂലധനം സര്‍ക്കാര്‍ നല്‍കും. ഇതിനുശേഷം ആവശ്യമെങ്കില്‍ നബാര്‍ഡ് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണ തേടും. സംഭരണ സൗകര്യമുള്ള മില്ലുകളിലാണ് പരുത്തി സൂക്ഷിക്കുക. മില്ലുകളുടെ ആവശ്യപ്രകാരം വിതരണം ചെയ്യും. അസംസ്‌കൃത വസ്തു സംഭരണത്തിലെ പ്രശ്‌നങ്ങള്‍ മൂലം കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എന്‍.ടി.സി മില്ലുകള്‍ പലതിന്റേയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന വ്യവസായ വകുപ്പ് പുതിയ സംവിധാനം ഒരുക്കുന്നത്. ടെക്‌സ്റ്റെല്‍ കോര്‍പ്പറേഷന് കീഴില്‍ എട്ടും സഹകരണ മേഖലയില്‍ ഏഴും ഉള്‍പ്പെടെ 17 ടെക്‌സ്‌റ്റൈല്‍ മില്ലുകളാണ് വ്യവസായ വകുപ്പിന് കീഴിലുള്ളത്.