ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയില്‍ വമ്പന്‍ മാറ്റങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

നിരീക്ഷിക്കാന്‍ പ്രത്യേത സമിതി, ആസക്തി മാറ്റാനുള്ള വഴികള്‍, ശിക്ഷകള്‍ എന്നിവ അടങ്ങിയ നിയമങ്ങള്‍ വന്നേക്കും

രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിമിംഗ് രംഗത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് കേന്ദ്രം നിയമിച്ച പ്രത്യേക സമിതി. ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമുകളെ നിയന്ത്രണം, തരംതിരിക്കല്‍ എന്നിവയ്ക്കായി ഒരു റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. റോയിറ്റേഴ്‌സിന്റെ നല്‍കിയ വാര്‍ത്ത അനുസരിച്ച് 108 പേജുള്ള റിപ്പോര്‍ട്ടില്‍ ഒരു ഫെഡറല്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് നിയമം വേണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഗെയിമുകളെ നിരോധിക്കാനുള്ള അധികാരം, നിയമ ലംഘനങ്ങള്‍ക്ക് നല്‍കേണ്ട ശിക്ഷ അടക്കമുള്ളവയ്ക്ക് വ്യക്തത വരുത്താനാണ് പ്രത്യേക നിയമം. എന്നാല്‍ സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമാണെന്നത് പരിഗണിച്ച് ഓണ്‍ലൈന്‍ ചൂതാട്ടങ്ങളെ സമിതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ചൂതാട്ട വെബ്‌സൈറ്റുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി ഗെയിമിംഗ് ആസക്തി കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ ആവശ്യമാണെന്നും സമിതി വ്യക്തമാക്കി. സമിതി അംഗങ്ങളില്‍ നിന്ന് മറ്റ് നിര്‍ദ്ദേശങ്ങള്‍ കൂടി കേട്ടശേഷം ഐടി മന്ത്രാലയം റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കും. അതിന് ശേഷം റിപ്പോര്‍ട്ട്, ക്യാബിനറ്റ് സെക്രട്ടേറിയേറ്റിന്റെ ആംഗീകാരത്തിനായി അയക്കും. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ഐടി മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് അനുസരിച്ചായിരിക്കും ഇന്ത്യന്‍ ഗെയിമിംഗ് വ്യവസായത്തിന്റെ ഭാവി തീരുമാനിക്കപ്പെടുക. രാജ്യത്തെ 1.5 ബില്യണ്‍ ഡോളറിന്റെ ഗെയിമിംഗ് വിപണി 2025ഓടെ 5 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് വിലയിരുത്തല്‍. പുതിയ നിയമങ്ങള്‍ മേഖലയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വ്യക്തത വരുത്തുമെങ്കിലും അത് ചിലപ്പോള്‍ ഗെയിമിംഗ് കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel


Related Articles
Next Story
Videos
Share it