സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണം; ദുബായില്‍ നിന്നുള്ള 'ഒഴുക്ക്' തടയാന്‍ കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കം

പുതിയ ചട്ടം പ്രാബല്യത്തില്‍ വന്നു; ജൂണ്‍ 30 വരെ തുടരും
സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണം; ദുബായില്‍ നിന്നുള്ള 'ഒഴുക്ക്' തടയാന്‍ കേന്ദ്രത്തിന്റെ അപ്രതീക്ഷിത നീക്കം
Published on

വജ്രം പതിപ്പിച്ച സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ദുബൈയില്‍ നിന്ന് കൊണ്ടുവരുന്നതിന് നിരോധനം. ദുബായ് വിപണിയില്‍ സ്വര്‍ണത്തിന് ഔണ്‍സിന് 30 ഡോളര്‍ വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആഭ്യന്തര വിപണിയെ സംരക്ഷിക്കാനായി സര്‍ക്കാരിന്റെ ഈ അടിയന്തര ഇടപെടല്‍. പുതിയ ചട്ടം പ്രാബല്യത്തില്‍ വന്നു; ജൂണ്‍ 30 വരെ തുടരും.

കുറഞ്ഞ മൂല്യമുള്ള ഡയമണ്ട് പതിപ്പിച്ച സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ ഇറക്കുമതിക്കാണ് ബുധനാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

ഒഴുക്ക് പേടിച്ച്‌

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ ഈയിടെ ഇടിവുണ്ടായെങ്കിലും, അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഈ ലോഹങ്ങളുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാധ്യതകള്‍ ശക്തമായി തുടരുമെന്നാണ് വിലയിരുത്തല്‍. ഇറാന്‍-അമേരിക്ക സംഘര്‍ഷത്തെത്തുടര്‍ന്ന് ദുബായില്‍ വ്യാപാരവും ടൂറിസവും സ്തംഭിച്ചതോടെയാണ് വ്യാപാരികള്‍ വന്‍ വിലക്കിഴിവ് നല്‍കാന്‍ നിര്‍ബന്ധിതരായത്.

വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് ഒഴുകാന്‍ സാധ്യതയുണ്ട്. ഇത് ആഭ്യന്തര വിപണിയിലെ വിലയില്‍ താല്‍ക്കാലികമായ സമ്മര്‍ദ്ദം ചെലുത്തിയേക്കാം.

ഈ പശ്ചാത്തലത്തിലാണ് സ്വര്‍ണത്തെയും വെള്ളിയെയും സംബന്ധിച്ച നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (DGFT) പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, ഈ പ്രത്യേക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നയം 'സ്വതന്ത്ര' (Free) എന്ന വിഭാഗത്തില്‍ നിന്ന് 'നിയന്ത്രിത' (Restricted) എന്ന വിഭാഗത്തിലേക്ക് മാറ്റി. ഈ തീരുമാനപ്രകാരം പ്രസക്തമായ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഡിജിഎഫ്ടി വ്യക്തമാക്കി.

പുതിയ വിജ്ഞാപനം പ്രാബല്യത്തിൽ വന്നതോടെ, ഇത്തരം ആഭരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഇനിമുതൽ പ്രത്യേക സർക്കാർ അനുമതി തേടേണ്ടി വരും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com