ഇന്ത്യന്‍ വംശജനായ രാജീവ് ജെയിന്‍ നേതൃത്വം നല്‍കുന്ന അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ജി.ക്യു.ജി പാര്‍ട്ട്‌ണേഴ്‌സിന് (GQG Partnesr) വീണ്ടും ഓഹരി വിറ്റഴിച്ച് അദാനി കുടുംബം. അദാനി പവറിന്റെ 8.1 ശതമാനം വിറ്റഴിച്ചതായാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 9,000 കോടി രൂപയ്ക്കാണ് ജി.ക്യു.ജി 31.2 കോടി ഓഹരികള്‍ വാങ്ങിയത്. ഓഹരി വിപണിയില്‍ നടന്നിട്ടുള്ള ഏറ്റവു വലിയ സിംഗിള്‍ ബയര്‍-സിംഗിള്‍ സെല്ലര്‍ ഇടപാടാണിത്. കമ്പനിയില്‍ 74.97 ശതമാനം ഓഹരി പ്രമോട്ടര്‍മാരുടെ പക്കലായിരുന്നു.
ഇതിനു മുന്‍പ് അദാനി എന്റര്‍പ്രൈസില്‍ 5.4 ശതമാനവും അദാനി ഗ്രീന്‍ എനര്‍ജിയില്‍ 6.54 ശതമാനവും അദാനി ട്രാന്‍സ്മിഷനില്‍ 2.5 ശതമാനവും ഓഹരി ജി.ക്യൂ.ജി പാര്‍ട്ട്‌ണേഴ്‌സ് എടുത്തിട്ടുണ്ട്. അദാനി ഗ്രൂപ്പില്‍ ജി.ക്യു.ജി പാര്‍ട്‌ണേഴ്‌സ് ഇതുവരെ 34,000 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ട്.
ഹിന്‍ഡന്‍ ബെര്‍ഗ് റിപ്പോര്‍ട്ടിനു ശേഷം
ഓഹരി വില പെരുപ്പിച്ചുകാണിക്കുന്നുവെന്നും കണക്കുകളില്‍ കൃത്രിമം കാണിക്കുന്നുവെന്നുമുള്‍പ്പെടെയുള്ള ഗുരുതര ആരോപണമുന്നയിച്ച് ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗ് ആദാനിക്കെതിരെ കഴിഞ്ഞ ജനുവരിയില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അതിനു ശേഷം 15,000 കോടി ഡോളറിന്റെ (ഏകദേശം 12.46 ലക്ഷം കോടി രൂപ) ഇടിവാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ മൂല്യത്തിലുണ്ടായത്. ഓഹരികള്‍ ഇടിഞ്ഞു നിന്ന മാര്‍ച്ച് മാസത്തിലാണ് ജി.ക്യു.ജി ആദ്യമായി അദാനി ഗ്രൂപ്പില്‍ നിക്ഷേപിക്കുന്നത്. പിന്നീട് ഇക്കഴിഞ്ഞ മേയ് മാസത്തിലും നിക്ഷേപം നടത്തി.
ഓഹരി വില്‍പ്പന തുടരും
അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരി വില്‍പ്പനയിലൂടെ അദാനി കുടുംബം 11,330 കോടി രൂപയോളം സമാഹരിച്ചിട്ടുണ്ട്. ഇതു കൂടാതെ ഓഹരി വില്‍പ്പനയിലൂടെ വീണ്ടും പണം സമാഹരിക്കാന്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുമുണ്ട്. അദാനി എന്റര്‍പ്രൈസസ് 12,500 കോടി രൂപയും അദാനി ട്രാന്‍സ്മിഷന്‍ 8,500 കോടിയും അദാനി ഗ്രീന്‍ എനര്‍ജി 12,300 കോടി രൂപയുമാണ് ഓഹരി വില്‍പ്പന വഴി സമാഹരിക്കുക.
ഹിന്‍ഡന്‍ ബെര്‍ഗ് റിപ്പോര്‍ട്ടിനുശേഷം 20,000 കോടി രൂപയുടെ ഫോളോ ഓണ്‍ പബ്ലിക് ഓഫറിംഗ് (FPO) അദാനി എന്റര്‍പ്രൈസിന് വേണ്ടെന്നു വയ്‌ക്കേണ്ടി വന്നിരുന്നു. ഓഫര്‍ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്തിരുന്നെങ്കിലും നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കുകയിരുന്നു. അദാനി ഗ്രൂപ്പിന്റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഓഹരി വില്‍പ്പന വഴി സമാഹരിക്കുന്ന പണം ചെലവഴിക്കുക. ഇന്ന് അദാനി പവര്‍ ഓഹരി വില 3.20% ഉയര്‍ന്ന് 288.25 രൂപയിലെത്തി.