നേടാം 755 രൂപയ്ക്ക് ₹15 ലക്ഷത്തിന്റെ കവറേജ്; തപാല്‍ വകുപ്പിന്റെ പുതിയ പദ്ധതി

ഒറ്റത്തവണ 755 രൂപ അടച്ചാല്‍ 15 ലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്നതുള്‍പ്പെടെയുള്ള മൂന്ന് പുതിയ അപകട ഇന്‍ഷുറന്‍സ് പദ്ധതിയുമായി തപാല്‍ വകുപ്പ്. കുറഞ്ഞ പ്രീമിയം തുകയില്‍ കൂടുതല്‍ നേട്ടം നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതികള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് അഞ്ച് ലക്ഷം, പത്ത് ലക്ഷം, 15 ലക്ഷം എന്നിങ്ങനെ പരിരക്ഷ ഉറപ്പു നല്‍കുന്ന അപകട ഇന്‍ഷുറന്‍സ് പോളിസികള്‍ തപാല്‍ വകുപ്പ് ആരംഭിച്ചിരിക്കുന്നത്.

അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണെങ്കിലും എല്ലാ രോഗങ്ങള്‍ക്കും ഇതു വഴി നിശ്ചിത പരിധിക്കുള്ളില്‍ സഹായം ലഭിക്കും. പ്രസവത്തിനും ഈ പദ്ധതി വഴി ഇന്‍ഷുറന്‍സ് ലഭിക്കും. 755 രൂപ ഒറ്റത്തവണ അടയ്ക്കുന്ന പദ്ധതിയില്‍ പോളിസി ഉടമ മരിക്കുകയോ പൂര്‍ണമായോ ഭാഗികമായോ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ മുഴുവന്‍ തുകയായ 15 ലക്ഷം രൂപയും ലഭിക്കും. 355 രൂപയുടെ പോളിയില്‍ 5 ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. 555 രൂപയുടെ പോളിസിയില്‍ 10 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. പോളിസി ഉടമ മരിക്കുകയോ പൂര്‍ണമായ വൈകല്യം സംഭവിക്കുകയോ ചെയ്താലാണ് മുഴുവന്‍ തുകയും ലഭിക്കുക.
പദ്ധതിയുടെ സവിശേഷതകള്‍
അപകടം മൂലം ആശുപത്രിയില്‍ അഡ്മിറ്റായാല്‍ ഒരു ലക്ഷം രൂപ വരെയാണ് ക്ലെയിം. 15 ദിവസത്തിനുള്ള ആശുപത്രി വാസത്തിന് ദിവസേന 1,000 രൂപ ലഭിക്കും. ഐ.സി.യുവിന് 2,000 രൂപയാണ് ദിവസേന ലഭിക്കുന്നത്.
കൂടാതെ പോളിസി ഉടമയുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ ഒരു ലക്ഷം രൂപ വേറെയും ലഭിക്കും. ക്ലെയിമിനുള്ള അപേക്ഷ പോസ്റ്റ് ഓഫീസുകളില്‍ സമര്‍പ്പിച്ചാല്‍ മതി.
സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍, വാര്‍ഷിക ആരോഗ്യ പരിശോധന, ആശ്രിതരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍, യോഗ്യരായ കുട്ടികളുടെ വിവാഹച്ചെലവ്, 30,000 രൂപ വരെ ഔട്ട് പേഷ്യന്റ് ആനൂക്യലങ്ങള്‍ എന്നിവയാണ് പോളിസിയുടെ മറ്റ് സവിശേഷതകള്‍. പോളിസി എടുത്ത് 15 ദിവസം മുതലാണ് കവറേജ് ലഭിക്കുന്നത്. നേരത്തെയുള്ള രോഗങ്ങള്‍ക്കുള്ള കവറേജ് 45 ദിവസം മുതലാണ്.
എങ്ങനെ ചേരാം?
തപാല്‍ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ഉപഭോക്താക്കള്‍ക്കാണ് പോളിസിയില്‍ ചേരാനാകുക. ഏതെങ്കിലും പോസ്റ്റ് ഓഫീസില്‍ ചെന്ന് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ട് തുറന്ന് പദ്ധതിയില്‍ ചേരാം. 18 മുതല്‍ 65 വയസുവരെയുള്ള ആര്‍ക്കും സ്‌കീമില്‍ ചേരാവുന്നതാണ്. ഇതൊരു സീറോ ബാലന്‍സ് അക്കൗണ്ടാണ്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി അക്കൗണ്ട് തുടങ്ങാം.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it